മാഡ്രിഡ് നാട്ടങ്കം ഇന്ന്
മാഡ്രിഡ്: സീസണിലെ രണ്ടാം മാഡ്രിഡ് നാട്ടങ്കം ഇന്നു സാന്റിയാഗോ ബെര്‍ണാബുവില്‍ അരങ്ങേറും. നഗര വൈരികളായ റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടുമ്പോള്‍ തീപ്പാറുമെന്നുറപ്പ്. സീസണിലെ ആദ്യ നാട്ടങ്കത്തില്‍ അത്‌ലറ്റിക്കോയെ അവരുടെ തട്ടകത്തില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയതിന്റെ മുന്‍തൂക്കം റയലിനുണ്ട്. സീസണില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു കുതിക്കുന്ന റയല്‍ ഇന്നു പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിയും. ആദ്യ മൂന്നു സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ക്കു ഇനിയുള്ള ഓരോ വിജയവും പോയിന്റും നിര്‍ണായകമായിരിക്കുന്ന ഘട്ടത്തിലാണു ഇത്തരമൊരു കടുത്ത പോരാട്ടത്തിനു വീണ്ടും അരങ്ങുണരുന്നത്. റയലിനു 71 പോയിന്റും ബാഴ്‌സലോണയ്ക്ക് 69 പോയിന്റുകള്‍. അത്‌ലറ്റിക്കോക്ക് 61 പോയിന്റുകള്‍. അതേസമയം ഒരു മത്സരം കുറച്ചു കളിച്ചതിന്റെ ആനുകൂല്യത്തിലാണു റയല്‍ നില്‍ക്കുന്നത്.
കഴിഞ്ഞ ദിവസം ലെഗാനസിനെ 4-2നു തകര്‍ത്താണു റയലെത്തുന്നത്. അത്‌ലറ്റിക്കോയാകട്ടെ റയല്‍ സോസിഡാഡിനെ 1-0ത്തിനു വീഴ്ത്തി സെവിയ്യയെ നാലാം സ്ഥാനത്തു തന്നെ നിര്‍ത്തി മൂന്നാം സ്ഥാനം ഉറപ്പിച്ചാണെത്തുന്നത്. ലെഗാനെസിനെതിരായ പോരാട്ടത്തില്‍ ബഞ്ചിലിരുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നു കളിക്കും. മുന്നേറ്റത്തില്‍ ക്രിസ്റ്റ്യാനോ, ബെന്‍സമ, ഗെരത് ബെയ്ല്‍ സഖ്യം റയലിന്റെ പോരാളികളാകും.
കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി പ്രകടിപ്പിക്കുന്ന സ്ഥിരതയില്‍ വിശ്വസിച്ചാണു അത്‌ലറ്റിക്കോ എവേ പോരാട്ടത്തിനിറങ്ങുന്നത്. ഒപ്പം കഴിഞ്ഞ നാട്ടങ്കത്തിലെ പരാജയത്തിനു കണക്കു തീര്‍ത്തു റയലിന്റെ പോയിന്റ് പട്ടികയിലെ മുന്‍തൂക്കം കുറയ്ക്കുക എന്നതും അവര്‍ സ്വപ്‌നം കാണുന്നു. പതിവു പോലെ അന്റോയിന്‍ ഗ്രിസ്മാന്റെ ഫോമില്‍ വിശ്വസിച്ചാണു അത്‌ലറ്റിക്കോ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."