യുവതിക്ക് പീഡനം: രണ്ടാം പ്രതിക്കായുള്ള അന്വേഷണം ഇഴയുന്നതായി ആക്ഷേപം
കാട്ടാക്കട: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാം പ്രതിയെ പിടികൂടാനാകാതെ പൊലിസ്. ഒന്നാം പ്രതി വെള്ളനാട് ചക്കിപ്പാറ ഷൈന്‍ നിവാസില്‍ ജസ്റ്റിന്‍ ലാസര്‍ (32), മൂന്നാം പ്രതി ആര്യനാട് പുനലാല്‍ കുറക്കോട് ബിബിന്‍ ഭവനില്‍ ജോയി എന്നുവിളിക്കുന്ന സാംജി രാജ് (38) എന്നിവരെ ആര്യനാട് പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും രണ്ടാം പ്രതിയെ പിടികൂടാന്‍ ഇതുവരെ പൊലിസിനു കഴിഞ്ഞിട്ടില്ല. രണ്ടാം പ്രതി ആരാണെന്നു പോലും പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം സ്ഥലം മാറിപ്പോയ സി.ഐക്കു പകരക്കാരനില്ലാത്തതാണ് അന്വേഷണം ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്ന ആക്ഷേപവുമുണ്ട്.
കഴിഞ്ഞമാസം 15നാണു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 11.30ഓടെ ജോലി സ്ഥലത്തേക്കു പോകാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്ന യുവതിയെ ജസ്റ്റിന്‍ ലാസര്‍ ഒരുമിച്ചു ജീവിക്കാമെന്നു പറഞ്ഞ് ബൈക്കില്‍ റെയില്‍വേ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടു വരികയും വെള്ളനാട് പഞ്ചായത്തിലെ വിജനമായ സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച ശേഷം ജസ്റ്റിനും മറ്റു പ്രതികളും ചേര്‍ന്നു പീഡിപ്പിക്കുകയുമായിരുന്നു. അതേസമയം സംഭവം പുറത്തറിയിച്ചാല്‍ യുവതിയെ കൊലപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ശേഷം രാവിലെ ഒപ്പമുണ്ടായിരുന്ന പ്രതികളിലൊരാള്‍ യുവതിയെ തിരികെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജോലി സ്ഥലത്തെത്തിയ പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് മാതാവിനെ വിവരമറിയിച്ചു. ജോലി സ്ഥലത്തെത്തിയ മാതാവ് മകളെ തൈക്കാട് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഇവിടുന്നാണു പീഡനവിവരം പുറത്തറിയുന്നത്. എന്നാല്‍ രണ്ടാം പ്രതിയെ രക്ഷിക്കാന്‍ പൊലിസിലെ ഉന്നതര്‍ ശ്രമിക്കുന്നെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."