പള്ളിമിനാരങ്ങളില്‍ നിന്നുയര്‍ന്ന തക്ബീര്‍ അലയൊലികളില്‍ ഈദുല്‍ഫിത്വര്‍ ആഘോഷിച്ചു
കൊപ്പം: പള്ളിമിനാരങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുയര്‍ന്ന തക്ബീറിന്റെ മന്ത്രധ്വനികള്‍, കൈകളില്‍ മൊഞ്ചുള്ള മൈലാഞ്ചിച്ചുവപ്പ്, പുതുപുത്തന്‍ മോഡലുകളില്‍ നൂലിഴകളില്‍ തീര്‍ത്ത ഉടയാടകളിലെ അത്തറിന്‍ പൂമണം, മനസ്സിലെ മധുരം നാവിന്‍തുമ്പിലേക്കുമെത്തിച്ച മധുര പലഹാരവിതരണം, സന്തോഷത്തോടെയാണ് കേരളം ഈദുല്‍ ഫിത്തറിനെ വരവേറ്റത്.
ഫിത്തര്‍ സകാത്ത് അര്‍ഹരപ്പെട്ടവര്‍ക്ക് നല്‍കി അതിരാവിലെ തന്നെ വിശ്വാസി സമൂഹം പ്രായഭേദമന്യ പള്ളിയിലെത്തി. നിസ്‌കാരവും ഖുതുബയുടെ ശേഷം സൃഷ്ടാവിന്റെ വിളിക്ക് നേരത്തെ ഉത്തരം നല്‍കിയവരുടെ ഖബര്‍ സിയാറത്തിന് ശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ച് കുടുംബ വീടുകള്‍ സന്ദര്‍ശിക്കാനാണ് വിശ്വാസികള്‍ സമയം കണ്ടെത്തിയത്.
വിവിധ പള്ളികളില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് പ്രഗത്ഭ പണ്ഡിതന്‍മാര്‍ നേതൃതം നല്‍കി.
കൊപ്പം ടൗണ്‍ ജുമാമസ്ജിദില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴയും വിളയൂരില്‍ നൗഷാദ് ഫൈസിയും വല്ലപ്പുഴയില്‍ കെ.കെ. എം മുസ്തഫ ഫൈസി വളപുരവും ആമയൂരില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങളും കുലുക്കല്ലൂരില്‍ കെ.പി.സി തങ്ങളും തിരുവേഗപ്പുറയില്‍ അബ്ദുല്ല മുസ്‌ലിയാരും നെല്ലായയില്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരുമടക്കമുള്ളവര്‍ വിവിധ പള്ളികളില്‍ നിസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം വഹിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൈലാഞ്ചിയിടല്‍ മത്സരവും അമ്മമാര്‍ക്ക് പത്തിരിപരത്തല്‍ മത്സരവും നടത്തി.
ചെര്‍പ്പുളശ്ശേരി എം ഇ എസ് കോളേജില്‍ നടന്ന മൈലാഞ്ചിയിടല്‍ മത്സരത്തിന് മാനേജര്‍ മാടാല മുഹമ്മദലി, ജാഫര്‍ മാരായമംഗലം, ഫസല്‍ എഴുവന്തല, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞിറങ്ങിയ വിശ്വാസികള്‍ക്ക് എസ് കെ എസ് എസ് എഫ്, വിവിധ ക്ലബുകള്‍, പള്ളി കമ്മിറ്റി, സന്നദ്ധ സംഘങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നേതൃത്വത്തില്‍ മധുര പലഹാര വിതരണം നടന്നു. ബീവിപ്പടി യൂത്ത് ലീഗ് കമ്മിറ്റി മഡ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."