കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം: പി.ജെ ജോസഫ്
തൊടുപുഴ : കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ചെറുകിട കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
രണ്ടുമാസത്തിനുള്ളില്‍ എട്ടു കര്‍ഷകരാണ് ഇടുക്കി ജില്ലയില്‍ ആത്മഹത്യ ചെയ്തത്. ഉല്പ്പന്നങ്ങളുടെ വിലയിടിവും പ്രളയക്കെടുതികളും കടബാധ്യതകളും മൂലം കര്‍ഷകര്‍ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. ജില്ലാ ബാങ്കും മറ്റു ബാങ്കുകളും ജപ്തി നോട്ടീസ് അയയ്ക്കുന്നത് അടിയന്തരമായി നിര്‍ത്തി വയ്ക്കണം.
മരിച്ച കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണ്ണമായും എഴുതി തള്ളണം. കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് വേണ്ട സഹായം എത്തിക്കണം. നിരവധി കര്‍ഷകരാണ് കടബാദ്ധ്യതയുടെ കെണിയില്‍ കുടുങ്ങിക്കിടക്കുന്നത്. വിളകള്‍ക്ക് താങ്ങുവില നല്‍കുന്നതിനും ന്യായവില ഉറപ്പാക്കുന്നതിനും ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനും ഉടന്‍ നടപടി വേണം - പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത വാത്തിക്കുടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവന്‍, പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ നക്കരയില്‍ ശ്രീകുമാര്‍, വാഴത്തോപ്പ് നെല്ലിപ്പുഴ കവലയില്‍ എന്‍.എം. ജോണി, പാറത്തോട് ഇരുമലക്കപ്പ് വരിയ്ക്കാനിയ്ക്കല്‍ ജെയിംസ് ജോസഫ് എന്നിവരുടെ വീടുകളില്‍ പി.ജെ.ജോസഫ് സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."