സാമൂഹിക സുരക്ഷാസേന സംസ്ഥാനത്താകെ വ്യാപിപ്പിക്കും: മുഖ്യമന്ത്രി
മുക്കം: അപകട സംഭവങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രാഗല്‍ഭ്യമുളള സന്നദ്ധപ്രവര്‍ത്തകരെ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശീലിപ്പിച്ച് കര്‍മരംഗത്തിറക്കുന്ന സാമൂഹിക സുരക്ഷാ വളന്റിയര്‍ സേന സംസ്ഥാനത്താകെ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റേയും കമ്മ്യൂണിറ്റി റെസ്‌ക്യൂ വളന്റിയര്‍ സ്‌കീമിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടങ്ങള്‍ നേരിടുന്നതിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം അഭിനന്ദനീയമായ കൃത്യനിര്‍വഹണം നടത്തുന്നുണ്ട്. എന്നാല്‍ അപകട സ്ഥലത്തേക്ക് ഫയര്‍ ഫോഴ്‌സ് എത്തിച്ചേരുന്നതിനിടയ്ക്കുളള സമയം വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയങ്ങളില്‍ പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരുടെ ഇടപെടല്‍ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിനും മരണ സംഖ്യ കൂടാതിരിക്കുന്നതിനും സഹായകമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിച്ച 10 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയ 39 കോടി രൂപയും വിനിയോഗിച്ച് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പിന്റെ സംവിധാനങ്ങള്‍ക്ക് ആധുനിക മുഖം നല്‍കും. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പര്യാപ്തമായ വിധം സേനയെ സുസജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനായി. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസ് വകുപ്പ് ഡയറക്ടര്‍ എ.ഹേമചന്ദ്രന്‍, മുക്കം നഗരസഭ ചെയര്‍മാന്‍ വി.കുഞ്ഞന്‍മാസ്റ്റര്‍, പഞ്ചായത്ത് പ്രസിന്റുമരായ വി.കെ വിനോദ് (കാരശ്ശേരി), പി.ടി അഗസ്റ്റിന്‍ (തിരുവമ്പാടി), സി.ടി.സി അബ്ദുളള (കൊടിയത്തൂര്‍), അന്നക്കുട്ടി ദേവസ്യ (കോടഞ്ചേരി), കെ.എസ്.ബീന (ചാത്തമംഗലം) കൗണ്‍സിലര്‍ പ്രശോഭ് പെരുമ്പടപ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."