ആസൂത്രണത്തില്‍ പിഴവ്; ജനസാന്ത്വന ഫണ്ട് വിവാദത്തിലേക്ക്
തിരുവനന്തപുരം: വ്യക്തമായ ധാരണയില്ലാതെ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് വിവാദമാകുന്നു. അവശതയനുഭവിക്കുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളെ സഹായിക്കുന്നതിനാണ് ഫണ്ട് രൂപീകരണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഫണ്ടിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവുമിറക്കി. എന്നാല്‍ ജനസാന്ത്വന ഫണ്ടിനായി ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
ഈ മാസം ഒന്നിനായിരുന്നു ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ആദ്യം ഉത്തരവിറക്കിയത്. ദുരിതബാധിതരെ തിരഞ്ഞെടുക്കുന്നതിനും ഫണ്ടനുവദിക്കുന്നതിനുമുള്ള മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി.
ഇതുപ്രകാരം സംസ്ഥാനമൊട്ടാകെ ആയിരക്കണക്കിന് അപേക്ഷകള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ ജനസാന്ത്വന ഫണ്ട് രൂപവല്‍ക്കരണ ഘട്ടത്തിലാണെന്നും അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുകയായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറേറ്റുകളില്‍ അപേക്ഷ നല്കാന് ആയിരക്കണക്കിനുപേര്‍ എത്തുന്ന സാഹചര്യത്തിലാണ് വിശദീകരണം.
ജൂണ്‍ ഒന്നിനുമുന്‍പ് വ്യക്തമായ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും ഇതിനകം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും അധികൃതര്‍ പറയുന്നു. പദ്ധതി നടപ്പാക്കാനുള്ള വിശദമായ മാര്‍ഗരേഖ തയാറാക്കാന്‍ സ്പെഷല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്. അപേക്ഷ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഇതൊന്നുമില്ലാതെ അപേക്ഷകള്‍ ക്ഷണിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതെങ്ങിനെയെന്ന ചോദ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."