ഫഹദ് വധം; മാനസികാസ്വസ്ഥ്യമുണ്ടെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയല്‍വാസിയുടെ ഷെഡ്ഡ് കത്തിച്ചപ്പോഴും ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോഴും ഇയാള്‍ക്ക് തുണയായത് മാനസികാസ്വസ്ഥ്യ സര്‍ട്ടിഫിക്കറ്റ്
കാസര്‍കോട്: പെരിയ കണ്ണോത്തെ അബ്ബാസിന്റെ മകന്‍ മുഹമ്മദ് ഫഹദിനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷ വിധിക്കുന്നതിനു മുന്‍പായി പ്രതി കോടതിയോട് തനിക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഫഹദിനെ വെട്ടിക്കൊലപ്പെടുത്തുന്നതിനു മുന്‍പ് തന്നെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രിമിനല്‍ കേസുകളില്‍ വിജയകുമാര്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും മാനസികാസ്വസ്ഥ്യമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയായിരുന്നു ഇയാള്‍.
ഒന്‍പത് വര്‍ഷം മുന്‍പ് അയല്‍വാസിയായ അബ്ദുല്‍ നാസറിന്റെ വസ്ത്രങ്ങളും ഷെഡ്ഡും കത്തിച്ചതായിരുന്നു ഇയാള്‍ക്കെതിരേയുള്ള ആദ്യ കേസ്. തുടര്‍ന്ന് ഇയാളുടെ സഹോദരന്‍ മാനസികാസ്വസ്ഥ്യമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചതിനെ തുടര്‍ന്ന് അന്ന് കേസില്‍നിന്ന് ഒഴിവായി.
കൂടാതെ ഫഹദിന്റെ കൊലപാതകത്തിന് മുന്‍പ് ട്രെയിന്‍ അട്ടിമറിക്കാന്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജസന്ദേശം നല്‍കിയ കേസിലും ഇയാള്‍ക്ക് തുണയായത് ഈ സര്‍ട്ടിഫിക്കറ്റായിരുന്നു. ഈ കേസില്‍ വിജയകുമാര്‍ ആദ്യം അറസ്റ്റിലായിരുന്നു. ഇത് വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് ചില മാധ്യമ സ്ഥാപനങ്ങളില്‍ കയറി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാടിനെ നടുക്കിയ ഫഹദ് കൊലക്കേസിലും മാനസികാസ്വസ്ഥ്യം കാണിച്ച് രക്ഷപ്പെടാനുള്ള ഇയാളുടെ ശ്രമം കോടതി മനസിലാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."