മനസ് ലോക്ക് ഡൗണാകരുത്
മനുഷ്യന്‍ എന്ന് പേരുള്ള പ്രപഞ്ചത്തിലെ സവിശേഷമായ ജീവിയുടെ നിസ്സഹായാവസ്ഥയും നിസ്സാരതയും ബോധ്യപ്പെടുന്ന ചരിത്ര സന്ദര്‍ഭത്തിലൂടെയാണ് ലോകം സഞ്ചരിക്കുന്നത്. രാജ്യത്തിന്റേയും വര്‍ണത്തിന്റേയും വര്‍ഗത്തിന്റേയും വിഭാഗീയതയുടേയും മനുഷ്യ നിര്‍മിതമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മനുഷ്യ നേത്രങ്ങള്‍ക്ക് ദൃശ്യമല്ലാത്ത ഒരു വൈറസ് പ്രയാണം തുടരുന്നതിന്റെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ലോകത്ത് അന്നവും അഭയവും തേടി അലഞ്ഞ മനുഷ്യര്‍ക്ക് മുന്നില്‍ അഹങ്കാരത്തോടെ വാതില്‍ കൊട്ടിയടച്ചവരെല്ലാം ഇന്നു അഭയാര്‍ഥികളായി അലയുന്ന ചിത്രമാണ് കാണുന്നത്. ഇതിനേയാണ് നാം മനുഷ്യാവസ്ഥ എന്നു പറയുന്നത്. മുംബൈയിലെ ധാരാവി ചേരിയില്‍ അന്തിയുറങ്ങുന്ന അഭയാര്‍ഥിയെ മാത്രമല്ല ബ്രിട്ടിഷ് കൊട്ടാരത്തെ വരെ ഒരു വിവേചനവുമില്ലാതെ ഈ വൈറസ് കടന്നാക്രമിച്ചു എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.
മനുഷ്യന്‍ ആര്‍ജിച്ച വൈദ്യശാസ്ത്രത്തിന്റെ മികവും വികാസവും ഉപയോഗിച്ച് ഒരു പരിധിവരെ കൊവിഡ് - 19 നെ പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ പ്രതിരോധമല്ലാതെ വൈറസിനെ നശിപ്പിക്കാനുള്ള ഔഷധങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനായുള്ള തിരക്കിട്ട ഗവേഷണത്തിലാണ് വൈദ്യലോകമിപ്പോള്‍.
പലതരം മാനസികാവസ്ഥയിലൂടെയാവും ഈ ഘട്ടത്തില്‍ മനുഷ്യര്‍ കടന്നു പോവുന്നത്. ലോകം അപ്രതീക്ഷിതമായി ഒരു ദിവസം അനന്തമായി നിശ്ചലമായ അവസ്ഥയെ മനുഷ്യ മനസുകള്‍ പല രീതിയിലായിരിക്കും സ്വീകരിച്ചിരിക്കുക. അന്നം തേടി അന്യ നാടുകളിലേക്ക് യാത്രപോയ പ്രവാസികളുടെ ഈ സമയത്തെ മാനസികാവസ്ഥ തീര്‍ച്ചയായും അപഗ്രഥിക്കപ്പെടേണ്ടതാണ്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം വീടണയാന്‍ കൊതിക്കുന്നവരായിരിക്കും മനുഷ്യര്‍. അണയാന്‍ ഒരു വീടും കാത്തിരിക്കാന്‍ പ്രിയതമയും കുട്ടികളുമുണ്ടാവുമ്പോഴാണല്ലോ ജീവിതത്തിനു തന്നെ അര്‍ഥമുണ്ടാവുന്നത്. എന്നാല്‍ എല്ലാവിധ വഴികളും അടക്കപ്പെടുകയും സ്‌നേഹവും കരുതലും നല്‍കേണ്ട കുടുംബത്തിലേക്ക് എത്താനുള്ള സംവിധാനങ്ങള്‍ ഒരു സുപ്രഭാതത്തില്‍ അപ്രാപ്യമാവുകയും ചെയ്യുമ്പോഴുള്ള മാനസിക സംഘര്‍ഷമാണ് പ്രവാസികള്‍ അനുഭവിക്കുന്നത്.
വീടണയാന്‍ കഴിയാതെ ഒറ്റപ്പെട്ടുപോയവര്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങള്‍ ഈ ത്യാഗം സഹിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്തിനു വേണ്ടികൂടിയാണ്. നമ്മുടെ നാടിന്റെ നല്ല ഭാവിക്കു വേണ്ടിയാണ്. കേരളത്തില്‍ ലഭിക്കുന്ന മികച്ച ചികിത്സയും വിദേശ രാജ്യങ്ങളിലെ രോഗികളുടെ ബാഹുല്യവുമായിരിക്കും ഒരുപക്ഷേ പ്രവാസികളെ അക്ഷമരും അസ്വസ്ഥരുമാക്കുന്നത്. ഈ അവസ്ഥയെ ഒരു ദുര്‍ഗതിയായി മനസിലാക്കാതെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ നിങ്ങളുടെ മനസിനെ പാകപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതുവരെ ജീവിതത്തിന്റെ കൃത്യാന്തരബാഹുല്യം കാരണം സമയം ലഭിക്കാതെ പോയ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. അതിനായി മനസിനെ പാകപ്പെടുത്തുകയും വേണം. നിഷേധിക്കപ്പെട്ടത് പ്രവര്‍ത്തിക്കാനുള്ള ത്വര മനുഷ്യസഹചമാണ്. വിലക്കപ്പെട്ടത് രുചിച്ചപ്പോഴാണല്ലോ ഹവ്വയും ആദവും ഭൂമിയിലെത്തിയത്. നാട്ടിലേക്ക് പോവാനുള്ള യാത്രാ സംവിധാനങ്ങള്‍ ഇല്ലാതാവുമ്പോള്‍ നാം നാട്ടില്‍ പോയാലോ എന്നു ചിലപ്പോള്‍ ആലോചിക്കും. കര്‍ഫ്യൂ പ്രഖ്യാപിച്ചാല്‍ ടൗണിലേക്ക് ഇറങ്ങിയാലോ എന്നു ചിന്തിക്കും. എന്നാല്‍ ഈ സമയത്ത് അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുക എന്നതാണ് പ്രധാനം. യാത്രകള്‍ ഒഴിവാക്കി നില്‍ക്കുന്നിടത്ത് തന്നെ തുടരുക എന്നതാണ് ആരോഗ്യപ്രവര്‍ത്തകരെല്ലാം നല്‍കുന്ന നിര്‍ദേശം. ഈ ഘട്ടത്തില്‍ ഇതനുസരിക്കാന്‍ നാം നമ്മുടെ മനസിനെ പാകപ്പെടുത്തണം.
പെട്ടെന്ന് ഏകാന്തവാസത്തില്‍ അകപ്പെടുമ്പോള്‍ മനുഷ്യമനസ് പല രീതിയിലായിരിക്കും പ്രതികരിക്കുക. നിര്‍ബന്ധിത ഏകാന്തവാസത്തോട് ചില മനസുകള്‍ വളരെ പെട്ടെന്ന് പാകപ്പെടും. എന്നാല്‍ ചില മനസുകള്‍ പാകപ്പെടാന്‍ ദിവസങ്ങളും മാസങ്ങളുമെടുക്കും. ചിലപ്പോള്‍ വര്‍ഷങ്ങളോളമെടുക്കും. പലതരം കാര്യങ്ങള്‍ ആലോചിച്ചു അവരുടെ മനസ് അസ്വസ്ഥപ്പെട്ടുകൊണ്ടേയിരിക്കും. ഇത്തരമാളുകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാ സമയവും നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം കണ്ടിരിക്കരുത്. മനസിലേക്ക് വെളിച്ചം വീശുന്ന നല്ല കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കണം. പ്രാര്‍ഥനയും വായനയും നിത്യമാക്കാം. ശരീരത്തിന് അത്യാവശ്യമായ വ്യായാമവും ചെയ്യാം. സുഹൃത്തുക്കളേയും വീട്ടുകാരേയും ബന്ധുക്കളേയും വിളിച്ചു ഉള്ളു തുറന്നു സംസാരിച്ചാല്‍ തന്നെ മനസില്‍ വെളിച്ചം വരും.
പ്രവാസികള്‍ നാട്ടിലേക്ക് വിളിച്ചാല്‍ അവര്‍ക്കു മുന്നില്‍ കഷ്ടപ്പാടുകളുടേയും ദുരിതങ്ങളുടേയും മാറാപ്പുതുറന്നു വെക്കുകയല്ല വീട്ടുകാര്‍ ചെയ്യേണ്ടത്. പ്രവാസ ലോകത്തെ സാഹചര്യവും അവരുടെ മാനസിക അവസ്ഥയും മനസിലാക്കി അവരെ സാന്ത്വനപ്പെടുത്തുകയാണ് വേണ്ടത്. ശമ്പളം ലഭിച്ചില്ലെങ്കിലും അതൊക്കെ നമുക്ക് ശരിയാക്കാം നിങ്ങള്‍ സുരക്ഷിതരായി ഇരുന്നാല്‍ മതി എന്ന വീട്ടുകാരുടെ ഒരു വാക്ക് പോലും അവര്‍ക്ക് വലിയ ഊര്‍ജവും കരുത്തും പകരും.
ജോലി നഷ്ടപ്പെടുമോ ശമ്പളം മുടങ്ങുമോ എന്ന പേടിയാണ് മറ്റു ചിലരെ മാനസികമായി അസ്വസ്ഥപ്പെടുത്തുന്നത്. ഒന്നുമില്ലായ്മയില്‍ നിന്നും ഇത്രത്തോളമെത്തിയ കാര്യം ആദ്യം നാം നമ്മുടെ മനസില്‍ ഉറപ്പിച്ചുവെക്കണം. തന്റെ കരുത്തും ശേഷിയും ഉപയോഗിച്ച് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അന്നം മുട്ടാതെയുള്ള ഒരു ജീവിതം കണ്ടെത്താന്‍ കഴിയും എന്നു നാം മനസിനോട് നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കണം. പിന്നെ നാട്ടിലെ ലോണും മറ്റു ചെലവുകളും ഓര്‍ത്ത് അസ്വസ്ഥപ്പെടേണ്ടതില്ല. ഈ പ്രതിസന്ധിയെല്ലാം നീങ്ങിയാല്‍ വീണ്ടും നല്ല പ്രഭാതങ്ങള്‍ വരുമെന്ന കാര്യം നാം മനസിനോട് പറഞ്ഞുകൊണ്ടേയിരിക്കണം. പൊരുതാനും അതിജയിക്കാനും പ്രാപ്തിയുള്ള മനസുണ്ടാക്കുക എന്നതാണ് നാം എപ്പോഴും ചെയ്യേണ്ടത്.
മുറികളില്‍ മുഷിഞ്ഞിരുന്നാല്‍ തന്നെ മനസ് തളരും. വര്‍ക്ക് ഫ്രം ഹോമാണെങ്കിലും ഓഫിസുപോലെ കുളിച്ചും വൃത്തിയായും നല്ല വസ്ത്രം ധരിച്ചും നല്ല സ്ഥലത്തിരുന്നും സമയനിഷ്ഠ പാലിച്ചും ജോലി ചെയ്യണം. ഒഴിവു സമയങ്ങള്‍ മനുഷ്യനേയും മനസിനേയും ചിലപ്പോള്‍ മലീമസമാക്കും. എപ്പോഴും നല്ല കാര്യങ്ങളില്‍ വ്യാപൃതരാവാന്‍ ശ്രദ്ധിക്കണം. ഒഴിവു സമയവും യുവത്വവും അധിക പേരേയും വഞ്ചിക്കുമെന്ന് പ്രവാചകന്‍ മുഹമ്മദ് പറഞ്ഞത് ഇതിലേക്കുള്ള സൂചനയാണ്. മദ്യപാനം, പുകവലി പോലുള്ള തെറ്റായശീലങ്ങള്‍ക്ക് ഈ സമയത്ത് നാം പിടികൊടുക്കരുത്. അതേസമയം വ്യായാമവും വായനയുമെല്ലാം ശീലമാക്കുകയും ചെയ്യണം.
ഏത് ജീവിത സാഹചര്യത്തേയും നേരിടാന്‍ മനസിനെ പാകപ്പെടുത്തിയാല്‍ പിന്നെ നാം ഒന്നിനേയും ഭയപ്പെടേണ്ടുവരില്ല. എല്ലാത്തിനേയും അതിജയിക്കാനുള്ള കരുത്ത് നമ്മുടെയുള്ളില്‍ നിന്നും ഉയര്‍ന്നുവരും. ദീര്‍ഘനാള്‍ രോഗശയ്യയിലായ പിതാവ് വേര്‍പിരിഞ്ഞു പോവുമ്പോഴുള്ള മാനസിക വിഷമമായിരിക്കില്ല അപ്രതീക്ഷിതമായുള്ള പിതാവിന്റെ മരണ വാര്‍ത്ത എത്തിയാല്‍ നമുക്കുണ്ടാവുക. പിതാവിന്റെ നഷ്ടം ഉള്‍ക്കൊള്ളാന്‍ മനസ് പാകപ്പെടാനുള്ള സമയം ലഭിക്കാത്തത് കൊണ്ടാണ് അപ്രതീക്ഷിത വേര്‍പാട് നമ്മെ ഏറെ തളര്‍ത്തുന്നത്. വ്രതാനുഷ്ഠാന കാലത്ത് ക്ഷീണവും വിശപ്പുമുണ്ടെന്നു പറഞ്ഞു നാം അസ്വസ്ഥപ്പെടില്ല, കാരണം നോമ്പുകാലം ദാഹവും വിശപ്പും സഹിക്കാനുള്ളതാണെന്ന ബോധ്യം നമ്മുടെ മനസിലുള്ളത് കൊണ്ടാണത്. ഇതു പോലെ പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്നും അതിനെ അതിജയിക്കാന്‍ എനിക്കു കഴിയുമെന്നുള്ള വിചാരം നാം എപ്പോഴും മനസിലേക്ക് പ്രവഹിപ്പിക്കണം. എന്നാല്‍ ഏതു പ്രതിസന്ധിയേയും നമുക്ക് പൂമാലയിട്ട് സ്വീകരിക്കാനാകും.
(ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന കണ്‍സല്‍റ്റന്റ് സൈക്യാട്രിസ്റ്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."