എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്കുള്ള വായ്പാ തോത് വര്‍ധിപ്പിക്കണം: കലക്ടര്‍
കാസര്‍കോട്: ജില്ലയില്‍ എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന വായ്പാ തോത് വര്‍ധിപ്പിക്കണമെന്ന് കലക്ടര്‍ കെ. ജീവന്‍ബാബു നിര്‍ദേശിച്ചു. ജില്ലാതല ബാങ്കിങ് വികസന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയ വായ്പാ 10.28 ശതമാനത്തിന്റെ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. പല സ്ഥലങ്ങളില്‍ വായ്പ വാങ്ങാന്‍ ആളില്ലാത്തതും ബാങ്കുകളുടെ വിമുഖതയുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.
ജില്ലയിലെ വാര്‍ഷിക വായ്പാ പദ്ധതി പ്രകാരം ബാങ്കുകള്‍ 111 ശതമാനം വളര്‍ച്ച കൈവരിച്ചതായി ജില്ലാതല ബാങ്കിങ് വികസന അവലോകന യോഗം വിലയിരുത്തി. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതവും 81.61 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 76.10 ശതമാനമായിരുന്നു.
എന്നാല്‍ നിക്ഷേപത്തില്‍ 2.95 ശതമാനത്തിന്റെ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ ബാങ്കുകള്‍ കാര്യമായി വായ്പ അനുവദിച്ചതാണ് ഈ നേട്ടത്തിനു പിന്നില്‍. പ്രധാനപ്പെട്ട അഞ്ച് മേഖലയിലും നേട്ടം 100 ശതമാനം കടന്നു. കൃഷിമേഖലയില്‍ 105 ശതമാനവും ചെറുകിട-ഇടത്തരം സംരംഭ മേഖലയില്‍ 106 ശതമാനം വളര്‍ച്ചയും കൈവരിച്ചു. ഈ രണ്ട് മേഖലയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 10.62, 14.64 ശതമാനം വീതം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. വിള വായ്പയില്‍ 102, ചെറുകിട ജലസേചനം 57, ഭൂവികസനം 134, കൃഷിയിട യന്ത്രവല്‍ക്കരണത്തിന് 99 ശതമാനം എന്നിങ്ങനെ നേട്ടം കൈവരിക്കാനായി. എന്നാല്‍ പാല്‍, കോഴി വളര്‍ത്തല്‍, മത്സ്യം എന്നിവക്ക് ആകെ 50 ശതമാനത്തില്‍ താഴെ നേട്ടം മാത്രമേ കൈവരിക്കാനായുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സിന്‍ഡിക്കേറ്റ് ബാങ്ക് റീജ്യനല്‍ മാനേജര്‍ എന്‍. സുദര്‍ശനന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.ബി.ഐ മാനേജര്‍ വി. ജയരാജു വാര്‍ഷിക വായ്പാ പദ്ധതി അവലോകനം നടത്തി. നബാര്‍ഡ് ഡി.ഡി.എം ജ്യോതിസ് ജഗന്നാഥ് മേഖല തിരിച്ചുള്ള അവലോകനവും നടത്തി. ജില്ലാ ലീഡ് മാനേജര്‍ സി.എസ് രമണന്‍ സ്വാഗതവും ജില്ലാ ലീഡ് അസിസ്റ്റന്റ് മാനേജര്‍ പി. നാരായണ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."