'മൃഗങ്ങളെപ്പോലെ കശാപ്പ് ചെയ്യുന്നു', സൈന്യത്തിന്റെ ശല്യം സഹിക്കാനാവാതെ ദക്ഷിണ സുഡാനില്‍ നിന്ന് കൂട്ട പാലായനം
ലാംവോ: ദക്ഷിണ സുഡാനില്‍ നിന്ന് പാലായനം ചെയ്തവരുടെ എണ്ണം ഇപ്പോള്‍ ആറായിരം കവിഞ്ഞിരിക്കുന്നു. സംരക്ഷിക്കേണ്ട സൈനികര്‍ തന്നെ തങ്ങള്‍ക്കെതിരെ തിരിഞ്ഞതാണ് ഇത്രയും വലിയ പാലായനത്തിന് വഴിവെച്ചത്. മൃഗതുല്യമായാണ് ജനങ്ങളെ സൈന്യം ആക്രമിക്കുന്നതെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി പറയുന്നു.
ദക്ഷിണ സുഡാനിലെ ലാംവോ ജില്ലയില്‍ നിന്നും പജോക് നഗരത്തില്‍ നിന്നുമാണ് അധികമാളുകളും പാലായനം ചെയ്യുന്നത്. ഉഗാണ്ടയിലാണ് അവര്‍ സുരക്ഷിത സ്ഥാനം കണ്ടെത്തുന്നത്.
സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ പജോക്കില്‍ തിങ്കളാഴ്ച തുടങ്ങിയ സംഘട്ടനമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കം. മുമ്പ് ഏറെക്കുറെ ശാന്തമായിരുന്ന ഈ പ്രദേശം സൈനികരുടെ അതിക്രൂര നടപടികളിലൂടെ അശാന്തിയിലേക്കു നീങ്ങിയത്.
സാധാരണക്കാര്‍ക്കു നേരെയാണ് ഒരു ദൈന്യതയുമില്ലാത അതിക്രമമുണ്ടാവുന്നതെന്ന് അഭയാര്‍ഥികള്‍ പറഞ്ഞതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി പറഞ്ഞു. നിരവധി പേര്‍ക്ക് അടുത്ത ബന്ധുക്കളെയും ആശ്രിതരെയും നഷ്ടപ്പെട്ടു. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതു പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്നും അവര്‍ പരാതി പറഞ്ഞു.
''സൈനികര്‍ എത്തുമ്പോള്‍ എല്ലാവരും എങ്ങോട്ടെങ്കിലും ഓടിരക്ഷപ്പെടും. ഓടാന്‍ പറ്റാത്ത വയസ്സായവോ അംഗവൈകല്യമുള്ളവരോ ഉണ്ടെങ്കില്‍ സൈനികരാല്‍ മരിച്ചുവീഴും''- സൈന്യത്തിന്റെ ക്രൂരകൃത്യം വിവരിക്കുകയാണവര്‍.
ഇതിനകം 135 പേര്‍ കൊല്ലപ്പെട്ടതായി പ്രദേശിക സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ സുഡാനില്‍ നിന്നുള്ള 8,32,000 അഭയാര്‍ഥികള്‍ ഇപ്പോള്‍ ഉഗാണ്ടയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."