മംഗളൂരുവിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക്
മംഗളൂരു: തുറമുഖ നഗരമായ മംഗളൂരുവിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക്. രണ്ടുമാസത്തിനിടയില്‍ 18,351 വിദേശ ടൂറിസ്റ്റുകളാണ് ആഡംബര കപ്പലുകളില്‍ മംഗളൂരുവിലേക്ക് എത്തിയത്. 18 കപ്പല്‍ സര്‍വിസുകളിലായാണ് ഇത്രയും വിനോദ സഞ്ചാരികള്‍ മംഗളൂരു തുറമുഖത്തെത്തിയത്. വിനോദ സഞ്ചാരികളുടെ ആറുകപ്പലുകള്‍ ഈമാസം മംഗളൂരു തുറമുഖത്തേക്ക് എത്തും. അടുത്ത മാസം നാലു ഷിപ്പുകള്‍ കൂടി സഞ്ചാരികളുമായി എത്തുമെന്ന് പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
2018 ല്‍ 22 കപ്പലുകളിലായി 24,258 വിനോദ സഞ്ചാരികളാണ് മംഗളൂരുവില്‍ എത്തിയത്. എന്നാല്‍ ഈ വര്‍ഷം ആദ്യ രണ്ടു മാസത്തില്‍ തന്നെ 18 കപ്പലുകളിലായി 18,351 എത്തിയത് ദക്ഷിണ കന്നഡയിലെ മംഗളൂരുവില്‍ വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പ് ഉണ്ടാക്കുന്നതായി സൂചിപ്പിക്കുന്നു.
2016 മുതലാണ് മംഗളൂരു, കൊച്ചി, ഗോവ തുറമുഖങ്ങള്‍ ലക്ഷ്യമാക്കി കപ്പല്‍ വഴി വിദേശ വിനോദ സഞ്ചാരികള്‍ വന്നു തുടങ്ങിയത്. വിനോദ സഞ്ചാരികള്‍ക്ക് വിസ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുവരുത്തിയതോടെയാണ് തുറമുഖ നഗരമായ മംഗളൂരുവിലേക്കും പ്രായമായ ആളുകള്‍ ഉള്‍പ്പെടെ സഞ്ചാരത്തിന് എത്തുന്നത്.
മംഗളൂരുവിലെത്തുന്ന വിനോദ സഞ്ചാരികള്‍ കദ്രി, കുദ്രോളി, മംഗളാദേവി ടെമ്പിളുകള്‍, സെന്റ് അലോഷ്യസ് ചാപ്പല്‍, സെന്റ് അലോഷ്യസ് മ്യൂസിയം, മിലാഗ്രെസ് ചര്‍ച്ച്, സുല്‍ത്താന്‍ ബത്തേരി, തണ്ണീര്‍ബാവി, കുലശേഖര കശുവണ്ടി ഫാക്ടറി, സിറ്റി മാള്‍, തൗസന്റ് പിള്ളേര്‍ ടെമ്പിള്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും സഞ്ചരിക്കുന്നത്. സൈക്കിള്‍, റിക്ഷ എന്നിവയാണ് പ്രധാനമായും സഞ്ചാരികള്‍ യാത്രക്ക് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."