യു.ഡി.എഫ്-ബി.ജെ.പി തര്‍ക്കം; കുംബഡാജെ പഞ്ചായത്ത് ഓഫിസ് കെട്ടിടോദ്ഘാടനം തുലാസില്‍
കുംബഡാജെ: കെട്ടിടം പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടകനെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസ് കെട്ടിടം തുറന്നു കൊടുക്കുന്നത് അനിശ്ചിതത്വത്തില്‍.
കുംബഡാജെ പഞ്ചായത്ത് ഓഫിസിനായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നീളുന്നത്. പഞ്ചായത്തിലെ ഭരണകക്ഷിയായ യു.ഡി.എഫും പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ് ഇതിനുകാരണമായി പറയുന്നത്.
കെട്ടിട ഉദ്ഘാടനത്തിന് മുഖ്യമന്ത്രി, തദ്ദേശസ്വയം ഭരണമന്ത്രി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സുരേഷ് ഗോപി എം.പി എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു വന്നതാണ് തര്‍ക്കത്തിനും അനിശ്ചിതത്വത്തിനും ഇടയാക്കിയത്. കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഉദ്ഘാടനത്തിന് തീരുമാനിച്ചത്.
മുഖ്യമന്ത്രിയെ ഉദ്ഘാടനത്തിനുകൊണ്ടു വരണമെന്ന് വാദം ഉയര്‍ന്നുവെങ്കിലും ഒരു പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം എത്തുമോയെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് വകുപ്പുമന്ത്രിയെ ക്ഷണിക്കാന്‍ തീരുമാനിച്ചത്.
ഫെബ്രുവരി 13ന് തിയതി നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ ക്ഷണക്കത്ത് അച്ചടിക്കാന്‍ നേരത്ത് കെട്ടിടം സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്യണമെന്ന നിര്‍ദേശം വന്നു. അതിനെ പഞ്ചായത്ത് ഭരണസമിതി തള്ളിക്കളയുകയും ചെയ്തു. പിന്നീട് ഭരണസമിതി യോഗം ചേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ബി.ജെ.പി അംഗങ്ങള്‍ ഇതോടെ എതിര്‍പ്പുമായി രംഗത്തെത്തി. സുരേഷ് ഗോപിയെ ക്ഷണിക്കണമെന്നായിരുന്നു അവരുടെ വാദം. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അധികൃതര്‍ സമീപിച്ചുവെങ്കിലും അദ്ദേഹത്തിന് തിരക്കായതിനാല്‍ തിയതി ലഭിച്ചില്ല.
അതേസമയം, പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി അംഗങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കെട്ടിടോദ്ഘാടനം അനിശ്ചിതമായി നീളുകയായിരുന്നു. കുംബഡാജെ പഞ്ചായത്തിലെ ജയാനഗറിലാണ് കെട്ടിടം പണിതത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."