കൊവിഡ് ബാധിതരില്‍ 80 ശതമാനത്തെയും രക്ഷപെടുത്തി കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ബാധിതരില്‍ 80 ശതമാനത്തോളം ആളുകളെ രക്ഷപെടുത്തി ദൈവത്തിന്റെ സ്വന്തം നാട്. ജനുവരി 29ന് രാജ്യത്ത് ആദ്യത്തെ കൊവിഡ് -19 പൊസിറ്റിവ് കേസ് രേഖപ്പെടുത്തുന്നത് കേരളത്തിലാണ്. തുടര്‍ന്ന് ഇന്നലെ വരെ 499 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 80 ശതമാനം പേരെയും രക്ഷപെടുത്താന്‍ കേരളത്തിനായി. അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാടായി മാറുകയാണ് കേരളം. ഫെബ്രുവരിയില്‍ രണ്ടുകേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് എട്ടോടെ അഞ്ചുകേസുകളും തുടര്‍ന്ന് 10 ഓടെ എട്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തതോടെ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് മുന്നോട്ടുവരികയായിരുന്നു. മാര്‍ച്ച് 20 മുതല്‍ 30 വരെയുള്ള 10 ദിവസങ്ങളില്‍ മാത്രം 204 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനം ഒന്നടങ്കം അതിജാഗ്രതാ നിര്‍ദേശവുമായി കൊവിഡ് പ്രതിരോധത്തിന് സജ്ജമായി. ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികളോടെ കേന്ദ്രസര്‍ക്കാരും രംഗത്തെത്തി.
ആദ്യ കൊവിഡ് പൊസിറ്റിവ് കേസ് സ്ഥിരീകരിച്ചിട്ട് മൂന്നുമാസം പിന്നിടുമ്പോള്‍ കേരളത്തില്‍ ഇതുവരെ രക്ഷപെടുത്താനായത് 401 പേരെയാണ്. വിദേശികളെയും പ്രായമായവരെയും ഉള്‍പ്പടെയാണ് ഇത്രയും പേരെ രക്ഷപെടുത്താനായത്. നിലവിലെ ആകെ കൊവിഡ് ബാധിതരുടെ 80 ശതമാനമാണിത്. കഴിഞ്ഞ രണ്ടുദിവസങ്ങളായി പുതിയ പൊസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ശുഭസൂചനയാണ്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കൊവിഡിനെതിരെ ശക്തമായ പ്രതിരോധമാണ് കേരളം കാഴ്ച വെയ്ക്കുന്നത്. ഇതിന്റെ ഫലമായാണ് കൊവിഡ് വ്യാപനത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനായതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."