ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇനി സപ്ലിമെന്ററി അലോട്ട്‌മെന്റ് ശരണം!
മലപ്പുറം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റിലും ഇടംപിടിക്കാതെ ജില്ലയിലെ 38,993 വിദ്യാര്‍ഥികള്‍. ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ഥികളാണ് രണ്ടു തവണയായി നടന്ന മുഖ്യ ഘട്ട അലോട്ട്‌മെന്റില്‍ ഇടംപിടിക്കാതെ പുറത്തുനില്‍ക്കുന്നത്.
സംസ്ഥാനത്തുതന്നെ ഏറ്റവുംകൂടുതല്‍ പേര്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനു യോഗ്യത നേടിയ ജില്ലയില്‍ ആവശ്യമായ തുടര്‍പഠന സൗകര്യമില്ലാത്തതാണ് വിദ്യാര്‍ഥികളെ ദോഷകരമായി ബാധിച്ചിരിക്കുന്നത്. മെറിറ്റ് സീറ്റുകളിലെ പ്രവേശനത്തിന് 81,895 വിദ്യാര്‍ഥികളാണ് അപേക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റിലുള്‍പ്പെടെ ഇതുവരെ ജില്ലയിലെ 39,987 വിദ്യാര്‍ഥികള്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. ജില്ലയില്‍ ഇനി ഒരു സീറ്റുപോലും ബാക്കിയില്ല.
രണ്ട് അലോട്ടമെന്റിലും ഇടംപിടക്കാത്തവര്‍ക്ക് ഇടം നേടാന്‍ ഇനി രണ്ടു വഴികളാണുള്ളത്. രണ്ടാം അലോട്ട്‌മെന്റില്‍ അവസരം ലഭിച്ചവര്‍ നാളെ വൈകിട്ട് അഞ്ചിനകം പ്രവേശനം നേടണമെന്നാണ് നിര്‍ദേശം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയില്ലെങ്കില്‍ ഒഴിവുവന്നേക്കാവുന്ന സീറ്റുകളിലാണ് പുറത്തുനില്‍ക്കുന്ന ജില്ലയിലെ 38,993 വിദ്യാര്‍ഥികളുടെ പ്രതീക്ഷ. ഇതുകൂടാതെ മന്ത്രിസഭാ തീരുമാനപ്രകാരം ജില്ലയിലെ മുഴുവന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും പത്തു ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ തയാറായാല്‍ 4,120 സീറ്റുകളും ജില്ലയില്‍ കൂടും. ഇങ്ങനെയായാലും ജില്ലയിലെ സീറ്റ് ക്ഷാമത്തിനു പരിഹരമാകില്ല.
രണ്ടാം അലോട്ട്‌മെന്റില്‍ 10,862 പേര്‍ക്കാണ് പുതുതായി അവസരം കിട്ടിയത്. 9,665 പേര്‍ക്ക് ഹയര്‍ ഒപ്ഷനിലേക്കു മാറ്റം ലഭിച്ചു. 28നു തുടങ്ങുന്ന സപ്ലിമെന്ററി അലോട്ട്‌മെന്റാണ് സീറ്റ് ലഭിക്കാതിരിക്കുന്നവര്‍ക്കുള്ള അവസാന പ്രതീക്ഷ. നിലവില്‍ അപേക്ഷ നല്‍കാത്തവര്‍ക്കും ഇതില്‍ അപേക്ഷ നല്‍കാമെന്നതിനാല്‍ പുതിയ അപേക്ഷകരുമുണ്ടാകും. നേരത്തെ അപേക്ഷിച്ച് സീറ്റ് കിട്ടാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ അപേക്ഷ പുതുക്കിനല്‍കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."