അന്ത്യോദയ എക്‌സ്പ്രസിന് ജില്ലയില്‍ സ്റ്റോപ്പില്ല; സ്വരം കടുപ്പിച്ച് മനുഷ്യാവകാശ കമ്മിഷന്‍
മലപ്പുറം: പുതുതായി ആരംഭിച്ച അന്ത്യോദയ എക്‌സ്പ്രസിനു ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതു സാധാരണക്കാരായ ട്രെയിന്‍ യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. പാരമ്പര്യവും പഴമയുമുള്ള തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം അടിയന്തിരമായി പരിശോധിച്ചു ദക്ഷിണ റെയില്‍വേ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
ന്യായമായ ആവശ്യം അടിയന്തിരമായി പരിഗണിക്കാന്‍ കമ്മിഷന്‍ ഡല്‍ഹി സെന്‍ട്രല്‍ സെക്രട്ടേറിയറ്റിലെ റെയില്‍വേ ബോര്‍ഡ് സെക്രട്ടറിയോടും ആവശ്യപ്പെട്ടു. ലക്ഷക്കണക്കിനു യാത്രക്കാര്‍ക്കു പ്രയോജനകരമാകുന്ന വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നു കേരളാ ചീഫ് സെക്രട്ടറിക്കും കമ്മിഷന്‍ നിര്‍ദേശം നല്‍കി. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കൊച്ചുവേളിയില്‍നിന്നു മംഗളുരുവിലേക്കും തിരിച്ചും ആരംഭിച്ച അന്ത്യോദയ എക്‌സ്പ്രസിനു ജില്ലയില്‍ സ്റ്റോപ്പില്ലെന്നതാണ് കേസിനാസ്പദമായ സംഭവം.
നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തിരൂര്‍ പട്ടണം വ്യാപാരങ്ങള്‍ക്കു പുകള്‍പെറ്റതാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. മലയാളം സര്‍വകലാശാലയുടെ ആസ്ഥാനംകൂടിയാണ് തിരൂര്‍. ഏറ്റവുമധികം ജനവാസമുള്ള ജില്ലയാണ് മലപ്പുറം. അസമയത്താണ് ട്രെയിന്‍ മലപ്പുറത്തെത്തുന്നത്. ഷൊര്‍ണൂരാണ് തൊട്ടടുത്ത സ്റ്റേഷന്‍. ഷൊര്‍ണൂരില്‍ ഇറങ്ങി ബസില്‍ മലപ്പുറത്തെത്തുന്നത് അപ്രായോഗികമാണെന്നും ഉത്തരവില്‍ പറയുന്നു. റിസര്‍വേഷന്‍ ഇല്ലാത്ത കോച്ചുകളാണ് അന്ത്യോദയയിലുള്ളത്. കേസ് ഓഗസ്റ്റ് എട്ടിനു മലപ്പുറത്തു നടക്കുന്ന സിറ്റിങ്ങില്‍ വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."