കഠിനകാലത്തിന് ശേഷം ലോകം എങ്ങോട്ട്?
കൊവിഡാനന്തര ജീവിതം എന്തായിരിക്കുമെന്ന ആകുലതയിലാണ് ലോകം. മനുഷ്യകുലത്തിന്റെ അതിജീവനത്തില്‍ ഒരു വൈറസ് വരുത്തിവെച്ച വിനകള്‍ ചെറുതല്ല. പട്ടിണിയും ക്ഷാമവും ഒരുഭാഗത്ത്, തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കങ്ങളും മറുഭാഗത്ത്, അതിനിടയില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടെയും രാഷ്ട്രീയവും. നാളെയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും ആശങ്കയും ഓരോരുത്തരിലും ദിവസംതോറും വളര്‍ന്നു വലുതാവുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെ മനുഷ്യരും ഒരുപോലെ ചിന്തിക്കുന്നത് സ്വന്തം ഭാവിയെ എങ്ങനെ രൂപപ്പെടുത്തും എന്നതാണ്. ഇതൊരു വഴിത്തിരിവാണ്. കൊറോണ ഒരു അത്ഭുത പ്രതിഭാസമാണ്. ഇതിനൊരു രണ്ടാം വരവ് ഉണ്ടായാല്‍ അത് മനുഷ്യ സമൂഹത്തിന് താങ്ങാനാവാത്തതായിരിക്കും.
ഇനിയുള്ള മനുഷ്യജീവിതം വലിയ മാറ്റങ്ങളുടേതാണ്. 2020ന്റെ തുടക്കം മുതല്‍ പുതിയ ശീലങ്ങള്‍ക്ക് നാമറിയാതെ അല്ലെങ്കില്‍ നിര്‍ബന്ധിതാവസ്ഥയില്‍ മാറ്റപ്പെട്ടിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കലും വീടുകളില്‍ ഒതുങ്ങിക്കൂടലും യാത്രകള്‍ ചുരുങ്ങിയതും മാസ്‌കുകള്‍ ഉപയോഗിക്കുന്നതും ചെലവുകള്‍ ചുരുക്കിയതും നാളിതുവരെ നാം അനുവര്‍ത്തിച്ച ശീലങ്ങളില്‍നിന്ന് പെട്ടെന്നുള്ള മാറ്റങ്ങളായിരുന്നു. കൊറോണ മാറിയാല്‍ ഈ പുതിയ ശീലങ്ങള്‍ തുടരാന്‍ മനുഷ്യമനസ്സ് അനുവദിക്കുമോ എന്നതാണ് വരാനിരിക്കുന്ന നാളുകളില്‍ നമ്മുടെ ഏറ്റവും പ്രയാസകരമായ അവസ്ഥ. കാരണം നമുക്ക് പലതും നഷ്ടപ്പെട്ടിരിക്കുന്നു. ചിലര്‍ക്ക് ജോലികള്‍, വരുമാനങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍. അതേസമയം നമ്മെ ഭരിക്കുന്നവര്‍ക്കും പലതും നഷ്ടപ്പെടുന്നു. ഭരണകൂടം അതുകൊണ്ടുതന്നെ നമ്മളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമം നടത്തും. ആ നിയന്ത്രണങ്ങളില്‍ ഏറ്റവും മാരകമായത് വ്യക്തികളുടെ സ്വകാര്യത ഇല്ലാതാക്കലാവും.
കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയില്‍ രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അവര്‍ നടപ്പിലാക്കിയത് മനുഷ്യന്റെ ചലനങ്ങള്‍ നിരീക്ഷിക്കാനുള്ള 'ആപ്പുകള്‍' വ്യക്തികളുടെ മൊബൈലുകളില്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കലായിരുന്നു. മനുഷ്യന്റെ ശരീരോഷ്മാവും അവന്റെ ഓരോ ചലനങ്ങളും അതോടെ ഭരണകൂടത്തിന് അറിയാന്‍ കഴിയുന്നു. കൊറോണയുടെ വ്യാപനത്തിനായി കൊണ്ടുവന്ന ഇത്തരം ആപ്പുകള്‍ ഭാവിയില്‍ മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുന്നു. അവിടെയും നില്‍ക്കില്ല ആപ്പുകളുടെ പ്രവര്‍ത്തനം. അത് വരാനിരിക്കുന്ന തലമുറയെയും ബാധിക്കും വിധത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടും. സാങ്കേതികവിദ്യ ഇനിയും പുരോഗമിക്കും, ആരോഗ്യമേഖല പൂര്‍ണ്ണമായും ഡിജിറ്റലായി മാറും.
ഇസ്‌റാഈല്‍ ചിന്തകനും ചരിത്രകാരനുമായ യുവാല്‍ നോഹ് ഹരാരി ജര്‍മന്‍ പത്രത്തിന്നനുവദിച്ച അഭിമുഖത്തില്‍ ഇപ്രകാരം പറഞ്ഞിരുന്നു. 'നാം ഇക്കാര്യത്തില്‍ വളരെ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എവിടെ പോകുന്നു, ആരെ കാണുന്നു, ടെലിവിഷനില്‍ എന്തു പരിപാടികള്‍ വീക്ഷിക്കുന്നു, ഏത് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നു എന്നിങ്ങനെ പുറമെയുള്ള ലോകത്ത് നാം എന്തൊക്കെ ചെയ്യുന്നു എന്നാണ് 'തൊലിപ്പുറമേയുള്ള നിരീക്ഷണത്തിലൂടെ' (ടരൃലലി ൗെൃ്‌ലശഹഹമിരല)െ പരിശോധിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിനുള്ളിലേയ്ക്ക് കടന്നുള്ള നിരീക്ഷണമല്ല. എന്നാല്‍ 'അണ്ടര്‍ ദ സ്‌കിന്‍ സര്‍വൈലന്‍സ്' എന്നത് നിങ്ങളുടെ ശരീരത്തിനുള്ളില്‍ എന്തു സംഭവിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ്. നമ്മുടെ ശരീരോഷ്മാവ് മുതല്‍ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും മസ്തിഷ്‌കപ്രവര്‍ത്തനങ്ങളുംവരെ നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും. ഇത്തരം സര്‍വൈലന്‍സ് ഉപയോഗിച്ച് ഇതിനു മുന്‍പില്ലാത്തവിധം ഒരു സമഗ്രാധിപത്യത്തിന്റെ ലോകം സൃഷ്ടിക്കാനാകും. നാം എന്താണ് വായിക്കുന്നതെന്നും ടെലിവിഷനില്‍ കാണുന്നതെന്നും മനസിലാക്കാനായാല്‍ നമ്മുടെ അഭിരുചി എന്താണെന്നും രാഷ്ട്രീയ നിലപാടെന്താണെന്നും വ്യക്തിത്വമെന്താണെന്നും മനസ്സിലാക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കും. ഇതിലൂടെ വളരെയെളുപ്പത്തില്‍ അരാജകമായ സമഗ്രാധിപത്യത്തിന്റെ ലോകം സൃഷ്ടിക്കാനാകും'.
കൊറോണാനന്തര ലോകം വലിയൊരു വിപത്തിലേക്കാണ് കാലെടുത്തുവെക്കുന്നത്. ഇന്നത്തെ ലോകരാജ്യങ്ങളില്‍ പലതും ജനാധിപത്യവ്യവസ്ഥയിലാണെങ്കിലും അവിടെ വന്നുചേരുന്ന ഭരണകര്‍ത്താക്കളിലധികവും ഏകാധിപത്യ സ്വഭാവത്തില്‍ ഭരണചക്രം തിരിക്കുന്നവരാണ്. പൗരരുടെ സ്വകാര്യതയില്‍ അവര്‍ താല്‍പര്യപൂര്‍വം കടന്നു ചെല്ലുകയും ഭരണവും സമ്പത്തും അവരിലേക്ക് മാത്രം ഒതുക്കി നിര്‍ത്തി ചോദ്യം ചെയ്യാനാവാത്ത രീതിയില്‍ സ്വന്തം ജനങ്ങളെ നിയന്ത്രിക്കാനുള്ള അവകാശം ഭരണകൂടം കരസ്ഥമാക്കിയിരിക്കും. സര്‍വ സംവിധാനങ്ങളും ഡിജിറ്റല്‍ ചെയ്യപ്പെടും. അതോടെ വ്യക്തിയുടെ സ്വകാര്യത ഭരണസിരാകേന്ദ്രത്തിലിരുന്നു നിയന്ത്രിക്കപ്പെടുന്ന സാഹചര്യമാണുണ്ടാവുക.
യുവാല്‍ നോഹ് ഹരാരിയുടെ 'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇരുപത്തൊന്നു പാഠങ്ങള്‍' എന്ന പുസ്തകത്തില്‍ ഇനി വരാനിരിക്കുന്ന ഡിജിറ്റല്‍യുഗത്തിലെ ഇത്തരം കാര്യങ്ങള്‍ വളരെ വിശദമായി പറയുന്നുണ്ട്. 2050 ആവുമ്പോഴേക്കും പകുതിയിലേറെ തൊഴില്‍മേഖല കൈയടക്കുന്നത് യന്ത്രങ്ങളും റോബോട്ടുകളുമായിരിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കൊറോണായിലൂടെ നാം കണ്ടു കൊണ്ടിരിക്കുന്നത്. സ്പര്‍ശിക്കാനുള്ള ഭയം മനുഷ്യനില്‍ ഇനിയുള്ള നാളുകളില്‍ വര്‍ധിക്കും. ഹസ്തദാനവും കെട്ടിപ്പിടിച്ചുള്ള ഉപചാരങ്ങളും നമ്മില്‍ നിന്ന് എങ്ങനെ ആകറ്റപ്പെടുന്നുവോ അതിന്റെ പതിന്മടങ്ങായിരിക്കും ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ റാക്കില്‍ വെച്ച സാധനങ്ങള്‍ എടുക്കാനുള്ള മനുഷ്യന്റെ ഭയം. അതിലെങ്ങാനും ഒട്ടിപ്പിടിച്ച വൈറസ് ഒരു പക്ഷേ തന്നെ രോഗിയാക്കുമോ എന്നായിരിക്കും അവനിലെ ചിന്തകള്‍. ഇവിടെയാണ് യന്ത്രവും റോബോട്ടുകളും തൊഴില്‍ രംഗം കൈയടക്കുക. ഇത് മറ്റെല്ലാ മേഖലയിലും വ്യാപിക്കും. ഹോട്ടലുകളിലും മറ്റും ഇപ്പോള്‍ തന്നെ റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യനിലെ ശാരീരികവും ബുദ്ധിപരവുമായ കഴിവുകളെ റോബോട്ടുകള്‍ ആവാഹിച്ചെടുക്കുന്ന കാലം വിദൂരമല്ല. വികസിത രാജ്യങ്ങളിലെ കാര്‍ഷികമേഖല ഇതിനകം യന്ത്രവല്‍കരിക്കപ്പെട്ടുകഴിഞ്ഞു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഒരു യഥാര്‍ഥ്യമായി മാറിയിരിക്കുന്നു എന്നും അത് കൂടുതല്‍ മേഖലയിലേക്ക് കൊറോണാനന്തര നാളുകളില്‍ വ്യാപിക്കുമെന്നും ഒരു മുന്‍കരുതലായി നമ്മള്‍ മനസിലാക്കണം.
അടുത്ത ഏതാനും മാസങ്ങള്‍ക്കുശേഷം കൊറോണ പാടെ തുടച്ചു നീക്കിയാലും ലോകം പഴയ രൂപത്തിലേക്ക് തിരിച്ചു വരില്ല. സാമ്പത്തികവും സാമൂഹ്യവുമായ വലിയ വിടവുകള്‍ സൃഷ്ടിക്കപ്പെടും. ലോകത്തിലെ പകുതിയോളം മനുഷ്യര്‍ ദാരിദ്ര്യത്തില്‍ കഴിയേണ്ടിവരുമെന്നും അതില്‍ മൂന്നില്‍ ഒരുഭാഗം കടുത്ത പട്ടിണിമൂലം മരിക്കാനിടയുണ്ടെന്നും ഐക്യരാഷ്ട്ര സഭ, ഐ.എം.എഫ് തുടങ്ങിയവ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ലോകം കടന്നുപോവുന്നത് ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ്. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതാവസ്ഥ ലോകത്തിന്റെ സമാധാനം കെടുത്തുകയാണ്. കൊവിഡാനന്തരം ലോകം കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാവുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു.
മനുഷ്യന്‍ 'തിരക്കിനോടുള്ള ഭയം' എന്ന ഗുരുതരമായ മാറ്റത്തിന് വിധേയനാവും. ഇത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കുശേഷവും സ്പാനിഷ് ഫ്‌ളൂ ലോക ജനതയെ നശിപ്പിച്ചപ്പോഴും ഈ ഭയം രൂപപ്പെട്ടിട്ടുണ്ട്. പക്ഷേ കൊറോണാനന്തരമുള്ള മാറ്റത്തില്‍ ഇത് വളരെ കൂടുതലായിരിക്കും. കാരണം മറ്റൊന്നുമല്ല. നാം ജീവിക്കുന്ന ലോകത്തിലെ അതി നൂതനമായ സാങ്കേതികവിദ്യയുടെ അതിപ്രസരവും എല്ലാം ഡിജിറ്റല്‍ മേഖലയിലേക്ക് എത്തിക്കാനുള്ള ആധുനിക മനുഷ്യന്റെ ത്വരയുമാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നതു ശേഷിക്കുന്ന കാലങ്ങളില്‍ മനുഷ്യന്‍ അവനിലേക്ക് തന്നെ ഒതുങ്ങിക്കൂടാനുള്ള വ്യഗ്രതയിലായിരിക്കുമെന്നാണ്. അത്യാവശ്യം, ആവശ്യം, ആര്‍ഭാടം എന്നിങ്ങനെ ജീവിതത്തെ തരം തിരിക്കും. അതുമൂലം മനുഷ്യന്റെ ജീവിത രീതിയില്‍ സമൂലമായ മാറ്റങ്ങള്‍ അനിവാര്യമായിത്തീരും. എല്ലാറ്റിനോടും പൊരുത്തപ്പെട്ട് ജീവിക്കുക എന്ന തോന്നലില്‍ ജീവിതത്തെ പരിമിതപ്പെടുത്തും. തൊഴിലില്ലായ്മയാണ് അടുത്ത നാളുകളില്‍ നാട് നേരിടാന്‍പോവുന്ന ഗുരുതരമായ അവസ്ഥ. അതുകൊണ്ടുതന്നെ കിട്ടാവുന്ന ജോലികളില്‍ വളരെ പെട്ടന്നുതന്നെ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരാവുകയും കരുതലോടെയുള്ള ജീവിതം നയിക്കാനുള്ള കഴിവുകള്‍ ആര്‍ജിക്കുകയും വേണം.
വരാനിരിക്കുന്ന നാളുകളില്‍ വേരുറക്കാന്‍ പോവുന്ന പ്രധാന മേഖല ആശുപത്രി കച്ചവടമായിരിക്കും. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളുടെ ഭാഗമായി ഇവിടങ്ങളില്‍ എല്ലാവരും പറയാതെ വന്നുകൊണ്ടിരിക്കും. ഇന്‍ഷുറന്‍സ് മേഖലയായിരിക്കും വളരുന്ന മറ്റൊരു കച്ചവടം. കാരണം ആശുപത്രികളും ഇന്‍ഷുറന്‍സും ഏറെ ബന്ധപ്പെട്ടുകിടക്കുന്ന കച്ചവട സുഹൃത്തുക്കളാണ്. ടെലികമ്മ്യൂണിക്കേഷനാണ് മറ്റൊരു സുപ്രധാന മേഖല. നേരത്തെ സൂചിപ്പിച്ചപ്പോലെ വരും തലമുറയില്‍ ഡിജിറ്റല്‍ സംവിധാനം കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കേണ്ടത് വളരെ അനിവാര്യമാണ്. കാരണം ഇനിമുതലുള്ള വിദ്യാഭ്യാസരീതികള്‍ അടിമുടി മാറുകയാണ്. ക്ലാസ് റൂമുകള്‍ ഡിജിറ്റലായിമാറുകയും ഓണ്‍ലൈന്‍ പഠനം വ്യാപകമാവുകയും ചെയ്യും. കൊറോണക്കാലത്ത് പല രാജ്യങ്ങളിലും സ്‌കൂളുകളും ട്രെയിനിങ് കേന്ദ്രങ്ങളും കോളജുകളും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു കഴിഞ്ഞു. വിദ്യാലയങ്ങളിലും സമൂഹിക അകലം നിര്‍ബന്ധമായി വരും. അതിനാല്‍ ഇനിയുള്ള പഠനങ്ങള്‍ വെബ് വഴിയായാരിക്കും. കൂടാതെ വിഡിയോ കോണ്‍ഫ്രന്‍സുകള്‍ വളരെ വ്യാപകമാവും.
വളര്‍ച്ചക്കുള്ള മറ്റൊരു സാധ്യത കാര്‍ഷികമേഖലയാണ്. സ്വന്തം കൃഷിചെയ്യാനും ശുചിത്വമുള്ള ഓര്‍ഗാനിക്ക് ഭക്ഷണ രീതിയിലേക്കും മനുഷ്യന്‍ മാറും. വലിയ സൂപ്പര്‍മാര്‍ക്കറ്റുകളേക്കാള്‍ ആശ്രയിക്കുക തൊട്ടടുത്തുള്ള ചെറിയ കടകളെയായിരിക്കും. കല്യാണം, പൊതുപരിപാടികള്‍ എന്നിവ പരിമിതപ്പെടുത്തും. മനുഷ്യന്‍ അവനവനിലേക്ക് ചുരുങ്ങി ജീവിതം ആനന്ദദായകമാക്കും. ഞാനും എന്റെ കെട്ടിയോളും മാത്രമായി കുടുംബം ചുരുങ്ങും. സ്വര്‍ണത്തോടുള്ള കമ്പം കുറയുന്നതിനാല്‍ തട്ടാന്‍ വേണമെന്ന പഴമൊഴി ഇല്ലാതാവും. അങ്ങനെ കൊറോണാനന്തര കാലത്ത് പുതിയൊരു ജീവിതം ലോകത്തെമ്പാടും വന്നുചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."