HOME
DETAILS

ഉള്ളം ഉരുവാകുന്നിടം

  
backup
March 03 2019 | 01:03 AM

5895926251-2

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സൂഫിപാരമ്പര്യത്തില്‍ ഭക്തിയുടെയും ദിവ്യാനുരാഗത്തിന്റെയും ഗൂഢജ്ഞാനത്തിന്റെയും ഒരു പ്രധാന ആവിഷ്‌കാര രൂപമാണ് ഖവാലികള്‍. ഉത്തരേന്ത്യയിലെ ദര്‍ഗകളുമായി ബന്ധപ്പെട്ടു ദൈവസാമീപ്യം സിദ്ധിച്ച സൂഫിഗുരുക്കന്മാരെയും പ്രവാചകനെയും അല്ലാഹുവിനെയുമൊക്കെ പ്രകീര്‍ത്തിച്ചു പാടുന്ന വിലയനത്തിന്റെ സംഗീതവും സാഹിത്യവുമാണത്.
അമീര്‍ ഖുസ്രു, ബുല്ലേഹ് ഷാ തുടങ്ങിയ മഹാകവികളുടെ ഗൂഢാര്‍ഥപ്രധാനങ്ങളായ ഖവാലികളില്‍ തുടങ്ങി വാണിജ്യ ചലച്ചിത്രങ്ങളില്‍ വരെ എത്തിച്ചേര്‍ന്ന ഈ ആവിഷ്‌കാരം ഉത്തരേന്ത്യന്‍ മുസ്‌ലിം ജനപ്രിയസംസ്‌കാരത്തിന്റെ സജീവഭാഗമാണ്. നുസ്രത് ഫത്തേഹ് അലി ഖാന്‍, സാബ്‌രി സഹോദരങ്ങള്‍, അസീസ് മിയാന്‍, ആബിദ പര്‍വീന്‍ തുങ്ങിയവരാണ് ഖവാലി ഗായകരില്‍ ഏറ്റവും പ്രമുഖര്‍. കേരളത്തിലും ഖവാലി പാരമ്പര്യം സജീവമാണ്. അത്തരം സദസുകള്‍ 'മെഹ്ഫിലെ സമാ' എന്നു വിളിക്കപ്പെട്ടുപോരുന്നു.
പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ പഞ്ചാബി സൂഫികവി ബാബാ ബുല്ലേഹ് ഷാ തന്റെ ഗുരു ഇനായത് ഷാഹ് ദീര്‍ഘകാലത്തെ പലായനങ്ങള്‍ക്കുശേഷം മടങ്ങിയെത്തിയ സന്തോഷത്തില്‍ പാടിയ ഗാനമാണ് 'മേരാ പിയാ ഗര്‍ ആയാ'. എല്ലാ ഖവാലികളെയും പോലെ നിരവധി ഗായകര്‍ നിരവധി ഭാഷ്യങ്ങള്‍ ഇതിനു നല്‍കിയിട്ടുണ്ട്. അവയിലൊന്നിന്റെ മൊഴിമാറ്റമാണിത്തവണ.

എന്റെ പ്രേയസി വീടണഞ്ഞിരിക്കുന്നു/
മേരാ പിയാ ഗര്‍ ആയാ

ചാരത്തു പ്രണയിനിയില്ലാതെ
ജീവിതമെന്തൊരു യാതനയാണ്,
ദുഃഖങ്ങളുള്ളില്‍ ആയിരക്കണക്കാണ്.
എന്റെ പ്രണയിനിയില്ലാതെ
ജീവിതമെന്തൊരു യാതനയാണ്..
എനിക്കെന്റെ വഴി കണ്ടെത്തണം,
കൂട്ടംതെറ്റിയൊരു കിളി വഴിതേടും പോലെ..
(ബാബാ ഫരീദ്)

എന്റെ പ്രേയസിയിതാ വീടണഞ്ഞിരിക്കുന്നു,
വാഴ്ത്തട്ടെ ഞാന്‍ ദൈവത്തെ,
എന്റെ പ്രിയതമനെത്തിയിരിക്കുന്നു..
ഒടുവിലെന്‍ പ്രേയസി വീടണഞ്ഞിരിക്കുന്നു,
ഞങ്ങളെയല്ലാഹു പിന്നെയുമൊരുമിപ്പിച്ചിരിക്കുന്നു.
ഇതാഘോഷിക്കുന്നുണ്ടാവും അവന്‍ പോലുമിപ്പോള്‍,
എന്റെ പ്രേയസിയിന്നു വീടണഞ്ഞിരിക്കുന്നു...

എന്റെ പ്രിയമിത്രമേ, സ്‌നേഹഭാജനമേ
നിന്റെ വന്നുചേരല്‍ മാത്രമാണ്
എന്റെയാനന്ദങ്ങളുടെയെല്ലാമുറവിടം..
എന്റെ പ്രേയസി വീടണഞ്ഞിരിക്കുന്നു...

അവര്‍ വരുന്നു
അവര്‍ വരും
അവര്‍ക്കു വരാതിരിക്കാനാവില്ലല്ലോ..
എന്റെ പ്രേയസി വീടണഞ്ഞിരിക്കുന്നു...

പടച്ചവനെ സന്തോഷിപ്പിക്കുകയെന്നത്
പ്രയാസമൊട്ടുമുള്ള കാര്യമല്ല,
രണ്ട് റക്അത്ത് നഫ്ല്‍ നിസ്‌കരിച്ചാല്‍ മതി,
അവന്‍ സന്തോഷിക്കും.
നഫ്ല്‍ നിസ്‌കരിക്കുന്നതായി
നടിച്ചാല്‍പോലുമവന്‍ സന്തോഷിക്കും.
ആരുടെയെങ്കിലും പ്രണയഭാജനം
സന്തോഷത്തിലല്ലായെങ്കില്‍
അവരുടെ താളത്തിനൊത്തുതുള്ളി ആനന്ദിപ്പിച്ചുവരൂ..
എന്റെ പ്രേയസിയിതാ വീടണഞ്ഞിരിക്കുന്നു...

എന്റെയുള്ളിലെ യാതന ഞാനെങ്ങനെ പറയും നിന്നോട്
എനിക്കിനിയുമതു പറയാനൊരാളെ കിട്ടിയില്ലല്ലോ.
എന്റെ പ്രേയസിയിപ്പോള്‍ വീടണഞ്ഞിരിക്കുന്നു...

ഉറ്റമിത്രത്തെ തേടി എല്ലായിടത്തുമലഞ്ഞുനടന്നു,
അവനെ മാത്രം കണ്ടില്ലെങ്ങും,
ആ പോക്കിലെങ്കിലും ഞാനെന്റെ പടച്ചവനെ കണ്ടു.
പടച്ചവനെ കിട്ടിയാല്‍ വേറെ മിത്രമെന്തിനു പിന്നെ?
എന്റെ പ്രേയസിയിതാ വീടണഞ്ഞിരിക്കുന്നു...

കുറേ പുസ്തകം വായിച്ചറിവു നേടിയവനെ
ഖാസിയെന്ന് വിളിക്കും.
മക്കയില്‍ പോയി ഹജ്ജ് ചെയ്തവനെ
ഹാജിയെന്ന് വിളിക്കും.
വാളെടുത്തു പടക്കുപോയവനെ
രക്തസാക്ഷിയെന്നു വിളിക്കും.
ഇപ്പറഞ്ഞതൊന്നും ചെയ്തില്ലല്ലോ ബുല്ലേഷാ,
പ്രണയഭാജനത്തെ തൃപ്തിപ്പെടുത്തിയതല്ലാതെ..
അപ്പൊ, നീയെന്നെയെന്തു വിളിക്കും?
എന്റെ പ്രേയസിയിതാ വീടണഞ്ഞിരിക്കുന്നു...

വായിച്ചു വലിയ പണ്ഡിതനായി നീ.
ഒരിക്കലെങ്കിലും സ്വന്തമുള്ളിനെ വായിച്ചുനോക്കിയോ?
പള്ളിയിലുമമ്പലത്തിലും പലവട്ടം കയറിയിറങ്ങി നീ.
വല്ലപ്പോഴുമെങ്കിലും സ്വന്തം ആത്മാവിലൊന്നു കയറിച്ചെന്നോ?
നിത്യേന ചെകുത്താനോടു പടവെട്ടി നീ.
എപ്പോഴെങ്കിലും സ്വന്തം മനസിനോടൊന്നു
യുദ്ധം ചെയ്‌തോ?
ഓ ബുല്ലേഷാ, നീയെന്താണ്
ആകാശത്തിലുള്ളതിനെ പിടിക്കാനോടുന്നത്
സ്വന്തം വീട്ടിലിരിക്കുന്നതൊന്നു
തൊടാന്‍ പോലുമാവാതെ.
എന്റെ പ്രേയസിയിതാ വീടണഞ്ഞിരിക്കുന്നു...

കാമുകന്മാരെല്ലാം വന്നൊരിക്കല്‍ മജ്‌നൂനോടു പറഞ്ഞു:
നിന്റെ ലൈല കറുത്തവളാണ്.
മജ്‌നു പറഞ്ഞു:
നിങ്ങളുടെ കണ്ണുകള്‍ക്കു
കാണാനുള്ള കെല്‍പ്പില്ലാതെ പോയല്ലോ..
ഖുര്‍ആന്റെ താളുകള്‍ വെളുത്തതാണ്.
അതിലല്ലാഹുവിന്റെ വചനം കറുപ്പിലാണ്.
ഓ ബുല്ലേഷാ, ഹൃദയത്തിനു വേണ്ടതില്‍
കറുപ്പും വെളുപ്പുമല്ല കാര്യം..
എന്റെ പ്രേയസിയിപ്പോള്‍ വീടണഞ്ഞിരിക്കുന്നു...

പാറാവുകാരന്‍ ഇടയ്ക്കിടെ മണിമുഴക്കുന്നു.
കൂടിച്ചേരലിന്റെ രാവിനെ അയാളങ്ങനെ
ചുരുക്കിക്കളയുന്നു.
എങ്ങാനുമെന്റെ ഹൃദയാഭിലാഷമറിഞ്ഞിരുന്നെങ്കില്‍
അയാളാ മണി വലിച്ചെറിഞ്ഞിട്ടുണ്ടായേനെ.
എന്റെ പ്രേയസിയിതാ വീടണഞ്ഞിരിക്കുന്നു...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago