എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ് സ്‌കൂള്‍ സ്ഥാപിക്കും: മന്ത്രി
കല്‍പ്പറ്റ: കായിക മേഖലയുടെ വികസനത്തിനായി എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ് സ്‌കൂള്‍ സ്ഥാപിക്കുമെന്ന് വ്യവസായ, കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കല്‍പ്പറ്റ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കായിക വിനോദങ്ങളും പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. മികച്ച പ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. 2024 ഒളിംപിക്‌സില്‍ മെഡല്‍ നേട്ടമെന്ന ലക്ഷ്യത്തോടെ 11 ഇനങ്ങള്‍ തിരഞ്ഞെടുത്ത് കായിക താരങ്ങള്‍ക്ക് പ്രത്യേക കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. ഇതില്‍ അമ്പെയ്ത്ത് പരിശീലനകേന്ദ്രം പുല്‍പ്പള്ളിയിലാണ്. കായികതാരങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഇതര സാമ്പത്തിക സഹായങ്ങളും നല്‍കിവരുന്നുണ്ട്. മുണ്ടേരി മരവയല്‍ സ്റ്റേഡിയത്തില്‍ എട്ടുവരി സിന്തറ്റിക് ട്രാക്ക് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍, കായിക യുവജനകാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ പി. ഗഗാറിന്‍, പി.പി ആലി, വി.പി വര്‍ക്കി, കെ. സദാനന്ദന്‍ പങ്കെടുത്തു.
കല്‍പ്പറ്റ നഗരസഭയുടെ അധീനതയിലുള്ള അഞ്ചേക്കര്‍ ഭൂമിയിലാണ് 36.87 കോടി രൂപ ചെലവില്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. മേപ്പിള്‍ വുഡ് ഫ്‌ളോറിങ്, ഗ്യാലറി, വി.ഐ.പി ലോഞ്ച്, ഗസ്റ്റ് റൂം, ഓഫിസ് മുറി, മെഡിക്കല്‍ റൂം, കളിക്കാര്‍ക്കും കായിക ഉപകരണങ്ങള്‍ സൂക്ഷിക്കാനുമുള്ള മുറികള്‍, കഫ്‌റ്റേരിയ, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളോടെയുള്ള സ്‌റ്റേഡിയത്തില്‍ നീന്തല്‍ക്കുളം, പരിശീലനക്കുളം, ഓഫിസ് ബ്ലോക്ക്, മഴവെള്ള സംഭരണി എന്നിവയുമുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."