HOME
DETAILS
MAL
ധനികരുടെ ബാധ്യത
backup
May 06 2020 | 02:05 AM
അല്ലാഹു മനുഷ്യര്‍ക്ക് ധാരാളം സമ്പത്തുകള്‍ നല്‍കുന്നു. അതില്‍ ചുരുങ്ങിയ സമ്പത്തില്‍ മാത്രമേ സകാത് ഉള്ളൂ. എട്ട് ഇനങ്ങളില്‍ മാത്രം. സ്വര്‍ണം, വെള്ളി, ആട്, മാട്, ഒട്ടകം, ധാന്യം, കാരക്ക, മുന്തിരി. സ്വര്‍ണം വെള്ളി എന്നിവയുടെ മൂല്യം ഉള്ളതും അവയുടെ രേഖയുമായ കറന്‍സി നോട്ടുകള്‍ക്കും സാകാത് കൊടുക്കണം. 595 ഗ്രാം വെള്ളിയുടെ വിലയായ കറന്‍സി നോട്ട് (വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 41.30 ആണ്. 41.30 ഃ 595 = 24,573.50 ) ഒരു വര്‍ഷം കൈവശം വച്ചാല്‍ അതിന്റെ രണ്ടര ശതമാനം സകാത് കൊടുക്കണം. സകാത് കൊടുക്കേണ്ട സ്വര്‍ണം, വെള്ളി, കറന്‍സി നോട്ട് എന്നിവയില്‍ രണ്ടര ശതമാനം മാത്രമേ നല്‍കേണ്ടത് ഉള്ളൂ. ഒരു ലക്ഷം രൂപ ഒരു വര്‍ഷം കൈവശം വച്ചവന്‍ വെറും 2,500 രൂപ സകാത് ഇനത്തില്‍ കൊടുത്താല്‍ മതി.
എന്നാല്‍ ബില്‍ഡിങ്, തെങ്ങിന്‍ തോപ്പ്, റബര്‍ തോട്ടം, ചായ തോട്ടം, ബസ്, ലോറി തുടങ്ങിയ വാഹനങ്ങള്‍ എന്നിങ്ങനെയുള്ള സമ്പത്തിന്റെ ഉടമകള്‍ക്ക് സകാത് ഇല്ല. അതേസമയം ഇവര്‍ക്ക് മറ്റു ചില ബാധ്യതകളുണ്ട്. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ചികിത്സ തുടങ്ങിയ ജീവിത ആവശ്യങ്ങള്‍ ഈ ചുരുങ്ങിയ സകാകിന്റെ ധനം കൊണ്ട് പരിഹരിക്കപ്പെടുകയില്ല. ഇവിടെയാണ് അല്ലാഹു ധനികന് വലിയ ബാധ്യത വച്ചിട്ടുള്ളത്. സകാത് നിര്‍ബന്ധമുള്ളവര്‍ക്കും സകാതിന്റെ ഇനങ്ങളില്‍ പെടാത്ത സമ്പത്തിന്റെ ഉടമകള്‍ക്കും ദുരിതം അനുഭവിക്കുന്നവരെ കര കയറ്റാന്‍ ഇസ്‌ലാം ബാധ്യതയാക്കിയിരിക്കുന്നു.
പാവപ്പെട്ടവരെ സഹായിക്കല്‍ നിര്‍ബന്ധമുള്ള ധനികര്‍ ആരാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്. ഒരു കൊല്ലത്തെ തന്റെയും ചെലവ് കൊടുക്കല്‍ ബാധ്യതയുള്ള ആശ്രിതരുടേയും മിതമായ ജീവിതത്തിന് ആവശ്യമായത് കഴിച്ച് മിച്ചം വരുന്നവരെല്ലാം ധനികരാണ്. (തുഹ്ഫ 9257). ഒരു കൊല്ലം ജീവിക്കാനുള്ള സമ്പത്ത് കൈവശം ഉണ്ടാകണമെന്നില്ല. ശമ്പളം, ബില്‍ഡിങ് വാടക, കൃഷി തുടങ്ങിവയില്‍ ലഭിക്കുന്ന വരുമാനം ഒരു വര്‍ഷത്തെ മിതമായ ജീവിത ചെലവ് കഴിച്ച് മിച്ചമുണ്ടായാലും ബാധ്യതയുള്ള ധനികനാണ് (ജമല്‍ 5183). സമൂഹത്തിലെ ധനികരുടെ സമ്പത്തിലാണ് ആ പാവപ്പെട്ടവരുടെ മൗലികമായ ആവശ്യങ്ങള്‍ക്കുള്ള ഇസ്‌ലാം വകയിരുത്തിയിട്ടുള്ളത്. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ചികിത്സ തുടങ്ങിയവയ്ക്ക് ഗതി ഇല്ലാത്തവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കല്‍ മുസ്‌ലിം ധനികരുടെ മേല്‍ ഇസ്‌ലാം നിര്‍ബന്ധമാക്കിയിരിക്കുന്നു. മുസ്‌ലിംകളുടെ മാത്രമല്ല നിയമപ്രകാരം ജീവിക്കുന്ന അമുസ്‌ലിംകളുടേയും ജീവിതാവശ്യങ്ങള്‍ നിറവേറ്റല്‍ മുസ്‌ലിം ധനികര്‍ക്ക് ബാധ്യതയാണെന്ന് ഇമാം ഇബ്‌നു ഹജര്‍ (റ) വ്യക്തമാക്കുന്നുണ്ട് (തുഹ്ഫ 9257).
എന്നാല്‍ ഈ ബാധ്യത രണ്ട് രൂപത്തിലാണ്. ഒന്ന്, സാമൂഹ്യ ബാധ്യത. ആരെങ്കിലും നിറവേറ്റിയാല്‍ മറ്റുള്ള ധനികരും കുറ്റത്തില്‍ നിന്ന് ഒഴിവാകും. ആരും നിറവേറ്റിയില്ലെങ്കില്‍ ആ പ്രദേശത്തെ എല്ലാ ധനികരും കുറ്റക്കാരാകും. രണ്ട്, വ്യക്തി ബാധ്യത. ഗതി ഇല്ലാത്ത ഒരാള്‍ ഒരു ധനികനെ സമീപിച്ച് ചോദിച്ചാല്‍ അയാള്‍ക്ക് തന്നെ സഹായിക്കല്‍ നിര്‍ബന്ധമാണ്. മറ്റൊരു ധനികനെ പറഞ്ഞ് കൊടുക്കുകയോ റിലീഫ് പ്രവര്‍ത്തകരെ സമീപിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാന്‍ പാടില്ല. ഒരു കൊല്ലത്തെ തന്റെയും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആശ്രിതരുടേയും മിതമായ ജീവിത ആവശ്യത്തിനുള്ള വക കഴിച്ച് മിച്ചം വരുന്നവരാണ് ധനികര്‍ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ നാടുകളിലെല്ലാം ഇങ്ങനെ പരിശോധിച്ചാല്‍ കഴിവുള്ളവര്‍ ധാരാളമുണ്ട്. അവര്‍ക്കെല്ലാം ഈ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല.
ഇപ്പോള്‍ നാം വലിയ പ്രതിസന്ധിയിലൂടൊണ് കടന്നു പോകുന്നത്. എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞ് കിടക്കുന്നു. നിത്യ ജോലിക്ക് പോകുന്നവര്‍ ജോലി ഇല്ലാതെ വിഷമിക്കുകയാണ്. ഇതിനിടയിലാണ് പ്രവാസികളുടേയും ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുടേയും തിരിച്ചു വരവ്. ഈ പറഞ്ഞ ധനികരെല്ലാം ബാധ്യത മനസ്സിലാക്കി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്ത് മാന്യമായി കുടുംബം പോറ്റുകയും ദീനീ സ്ഥാപനങ്ങളായ മദ്‌റസ, പള്ളി, ദര്‍സ്, കോളജുകള്‍ തുടങ്ങിയവയ്ക്ക് സഹായം ചെയ്ത് നില നിര്‍ത്തി പോരുന്ന പ്രവാസികള്‍ മാസങ്ങളോളമായി ജോലി ഇല്ലാതെ കഴിയുകയാണ്. അവര്‍ വെറും കൈയോടെ അടുത്ത ദിവസങ്ങളിലായി വിമാന മാര്‍ഗവും കപ്പല്‍ വഴിയായും തിരിച്ചു വരികയാണ്. മുഖ്യമന്ത്രി പറഞ്ഞത് പോലെ പ്രവാസികളെ കൊണ്ടാണ് നമ്മള്‍ കഞ്ഞി കുടിച്ചത്.
അത് കൊണ്ട് എല്ലാ പൊതു പ്രവര്‍ത്തകരും മഹല്ല് ഭാരവാഹികളും വ്യക്തി ബാധ്യതയും സമൂഹ ബാധ്യതയുമായ ഈ കടമ നിര്‍വഹിക്കാന്‍ മേല്‍ പറഞ്ഞ ധനികരെ ബോധ്യപ്പെടുത്തുകയും പ്രവാസികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ച് വരുന്നവര്‍ക്കും മാന്യമായി ജീവിക്കാനുള്ള പദ്ധതികള്‍ തയാറാക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."