ചൈനയ്ക്കെതിരേ വീണ്ടും നികുതി ഭീഷണിയുമായി ട്രംപ്
വാഷിങ്ടണ്‍: ചൈനക്കെതിരേ വീണ്ടും നികുതി ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസില്‍ ഇറക്കുമതി ചെയ്യുന്ന 200 ബില്യന്‍ ഡോളറിന്റെ ചൈനീസ് ഉല്പന്നങ്ങള്ക്ക് പത്ത് ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് യു.എസ് ഭീഷണി. നിലവിലെ നയങ്ങളില്‍നിന്ന് ചൈന പിന്മാറിയിട്ടില്ലെങ്കില് അധിക തീരുവ നിയമം പ്രബല്യത്തില്വരുമെന്ന് ട്രംപ് വ്യക്തമാക്കി. യു.എസിന്റെ ബൗദ്ധിക സ്വത്തവകാശവും സാങ്കേതിക വിദ്യയും സമ്പാദിച്ച് അനധികൃത പ്രവര്‍ത്തനങ്ങളാണ് ചൈന നടത്തുന്നത്. യു.എസ് കമ്പനികളേയും തൊഴിലാളികളേയും അനാവശ്യമായി ചൈന ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ 50 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉല്പന്നങ്ങള്ക്ക് യു.എസ് 25 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതിനെതിരേ പ്രതികാരനടപടിയായി 659 യു.എസ് ഉല്പന്നങ്ങള്ക്ക് 50 ബില്യന്‍ ഡോളറിന്റെ തീരുവ ചുമത്തി ചൈന തിരിച്ചടിച്ചിരുന്നു. ട്രംപിന്റെ ഭീഷണി ലോകം വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുമെന്ന സൂചന ഉയര്‍ത്തിയിട്ടുണ്ട്. വ്യാപാരത്തിലെ കമ്മി കുറയ്ക്കുമെന്ന് 2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
യു.എസ് തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നാണ് ചൈനയുടെ നിലപാട്. യു.എസിന്റെ തീരുവ ഭീഷണിക്കെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും പൊതുതീരുമാനങ്ങള്ക്കും വിരുദ്ധമായാണ് യു.എസ് നീങ്ങുന്നതെന്നും ചൈന ആരോപിച്ചു.
ഒരു വ്യാപാര യുദ്ധമുണ്ടായാല്‍ അത് ഇരു രാജ്യങ്ങളിലെയും വ്യാപാര കമ്പനികളെയും ജനങ്ങളെയും ബാധിക്കും. നിയമങ്ങള്‍ ലംഘിച്ച് വ്യാപാര യുദ്ധത്തിന് തുടക്കമിട്ടത് യു.എസ് ആണ്. ലോകത്ത് നിലവിലുള്ള പുരോഗതിക്ക് അനുയോജ്യമായ നീക്കമല്ല യു.എസിന്റേത്. ചൈനയുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ശക്തമായി പ്രതികരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."