HOME
DETAILS
MAL
'ഭ്രാന്ത് പറയരുത് ' അമേരിക്കയ്ക്ക് മറുപടിയുമായി ചൈന
backup
May 06 2020 | 03:05 AM
ബെയ്ജിങ്: കൊറോണ വൈറസിനെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ തുടരുന്നു.
വൈറസ് മനുഷ്യനിര്‍മിതമാണെന്നതിനു തെളിവുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ, ചൈനയില്‍ വൈറസ് നിര്‍മിക്കപ്പെട്ടതാണെന്ന ആരോപണവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ രൂക്ഷ പ്രതികരണവുമായാണ് ചൈന രംഗത്തെത്തിയത്.
പോംപിയോയുടെ പ്രതികരണം ഭ്രാന്താണെന്നും ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും ചൈനീസ് സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
വൈറസ് ചൈനയില്‍ നിര്‍മിക്കപ്പെട്ടതിനു വ്യക്തമായ തെളിവുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കിയിരുന്നത്. എന്നാല്‍, എന്താണ് തെളിവെന്ന് പറയാന്‍ അദ്ദേഹം തയാറായിരുന്നില്ല.
ചൈനയ്‌ക്കെതിരേ നിരന്തരം ആരോപണമുന്നയിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ ശരിവച്ചുകൊണ്ടായിരുന്നു മൈക് പോംപിയോയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് ഇതിനെതിരേ ശക്തമായ വിമര്‍ശനവുമായി ചൈന രംഗത്തെത്തിയത്.
നേരത്തെ, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു ട്രംപ് തങ്ങളെ വലിച്ചിഴയ്ക്കുകയാണെന്ന് ചൈന ആരോപിച്ചിരുന്നു.
നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താനാണ് ചൈനയുടെ ശ്രമമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പിന്നാലെ, നിര്‍ത്തിവച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണം പുനരാരംഭിച്ച ട്രംപ്, ആ ചടങ്ങില്‍വച്ചാണ് വൈറസ് ചൈനയില്‍ നിര്‍മിക്കപ്പെട്ടതാണെന്നതിനു തെളിവുണ്ടെന്ന് വ്യക്തമാക്കിയിരുന്നത്.
അതേസമയം, ലോകത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ചൈനീസ് വിരുദ്ധ വികാരം വളര്‍ത്തുകയാണെന്ന ചൈനയുടെ ആഭ്യന്തര റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
തെളിവില്ലെന്ന് ആവര്‍ത്തിച്ച്
ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്നതിനു തെളിവില്ലെന്ന് ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. ചൈനയ്‌ക്കെതിരേ ആരോപണം കടുപ്പിച്ച് അമേരിക്ക രംഗത്തെത്തിയതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടന വീണ്ടും വിശദീകരണവുമായെത്തിയിരിക്കുന്നത്.
അത്തരം പ്രചാരണങ്ങളെ സാധൂകരിക്കുന്ന ഒരു തെളിവും അമേരിക്ക തങ്ങള്‍ക്കു കൈമാറിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മൈക് റയാന്‍ വ്യക്തമാക്കിയത്. നേരത്തെയും ഇത്തരം ആരോപണങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. വുഹാനിലെ മാര്‍ക്കറ്റിലെ മൃഗങ്ങളില്‍നിന്നാണ് മനുഷ്യരിലേക്കു രോഗം പടര്‍ന്നതെന്നാണ് നിലവില്‍ ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.
അത്തരം വിഷയങ്ങളില്‍ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ അന്വേഷിക്കാന്‍ തയാറാണെന്നും അതു ലോകത്തിന്റെ ഭാവിയെക്കൂടി ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തെളിവുകള്‍ നല്‍കുകയാണ് വേണ്ടതെന്നും ഊഹോപോഹങ്ങള്‍കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീവല്‍ക്കരിക്കുന്നതിനോട് താല്‍പര്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
നേരത്തെ, കൊവിഡ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും അവര്‍ ചൈന പറയുന്നതു മാത്രം കേള്‍ക്കുകയാണെന്നും ആരോപിച്ചിരുന്ന അമേരിക്ക, സംഘടനയ്ക്കുള്ള ഫണ്ട് നിര്‍ത്തുകയും സംഘടനയ്ക്കു ബദലിനായി ശ്രമിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, സംഘടനയ്ക്കു ഫണ്ട് വര്‍ധിപ്പിച്ചായിരുന്നു ഇതിനോട് ചൈന പ്രതികരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."