പ്രതിവര്‍ഷം നഷ്ടം 70 കോടി
തൊടുപുഴ:നാലു പതിറ്റാണ്ടു മുന്‍പ് ആലോചന തുടങ്ങിയ 40 മെഗാവാട്ടിന്റെ മാങ്കുളം വൈദ്യുത പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ 52 ഹെക്ടര്‍ ഭൂമിയില്‍ ശേഷിക്കുന്ന 17 ഹെക്ടര്‍ കൂടി ഏറ്റെടുക്കാന്‍ ഇന്ന് നടപടി. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് നിര്‍ണായക പര്‍ച്ചേസ് കമ്മിറ്റി യോഗം ഇന്ന് നടക്കും. 140 പേരുടെ കൈവശമിരിക്കുന്ന ഭൂമിയാണ് ഇന്ന് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ മൂന്നുമാസത്തിനകം ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമെന്ന് പ്രോജക്ട് മാനേജര്‍ പി.എന്‍. ബിജു സുപ്രഭാതത്തോട് പറഞ്ഞു.
ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവില്‍ 2009 ജൂണ്‍ 5 ന് മാങ്കുളം പദ്ധതിക്ക് ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും തുടര്‍നടപടികള്‍ നിലച്ചു.160 കോടി രൂപയായിരുന്നു പദ്ധതിയുടെ അടങ്കല്‍ തുക. പിന്നീട് 2012 ല്‍ 212 കോടിയായി പുതുക്കി നിശ്ചയിച്ചു.
ഇപ്പോഴത്തെ നിരക്കനുസരിച്ച് പദ്ധതി നടപ്പാക്കാന്‍ 350 കോടിയോളം പ്രതീക്ഷിക്കുന്നുണ്ട്. പദ്ധതി നടത്തിപ്പിനായി 2009 ല്‍ തന്നെ ഓഫിസ് തുറന്ന് പ്രൊജക്ട് മാനേജരേയും ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. സര്‍വേ നടപടികളുടെ പേരില്‍ തന്നെ ഇതുവരെ ലക്ഷങ്ങള്‍ തുലച്ചു. പദ്ധതി വൈകുന്നതുമൂലം പ്രതിവര്‍ഷം 70 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
പദ്ധതിക്കായി 47.21 മീറ്റര്‍ ഉയരവും 221.5 മീറ്റര്‍ നീളവുമുള്ള കോണ്‍ക്രീറ്റ് ഗ്രാവിറ്റി ഡാമാണ് പെരിയാറിന്റെ കൈവഴിയായ മേലേച്ചെറിയാറില്‍ നിര്‍മിക്കേണ്ടത്. 6 മീറ്റര്‍ നീളവും 5.635 മീറ്റര്‍ വീതിയുമുള്ള 4 സ്പില്‍വേ ഗേറ്റുകളാണ് അണക്കെട്ടിന് ഉണ്ടാവുക. 21 മീറ്റര്‍ ഉയരവും 210 മീറ്റര്‍ നീളവുമുള്ള മറ്റൊരു ഡൈവേര്‍ഷന്‍ ഡാമും നിര്‍മിക്കും. നാല് കിലോമീറ്റര്‍ അകലെ കുറത്തിക്കുടിയില്‍ പവര്‍ഹൗസ് നിര്‍മിച്ച് 20 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.
അണക്കെട്ടില്‍ നിന്ന് 2.5 കിലോമീറ്റര്‍ നീളവും 3.6 മീറ്റര്‍ വ്യാസവുമുള്ള ടണലും 110 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വ്യാസവുമുള്ള സ്റ്റീല്‍ പൈപ്പും70 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വ്യാസവുമുള്ള പെന്‍സ്റ്റോക്ക് പൈപ്പും സ്ഥാപിച്ചാണ് വെള്ളം പവര്‍ ഹൗസില്‍ എത്തിക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തിനുശേഷം വെള്ളം പുറന്തള്ളുന്നതിന് നിര്‍മിക്കുന്ന ടെയില്‍ റേസിന് 5.2 മീറ്റര്‍ വീതിയുണ്ടാകും. ഭൂഗര്‍ഭ വാല്‍വ് ഹൗസാണ് നിര്‍മിക്കുക. പദ്ധതിക്കായി 19000 മീറ്റര്‍ ക്യൂബ് മണ്ണ് എടുത്തുമാറ്റണം. പവര്‍ഹൗസിനും അനുബന്ധ സംവിധാനങ്ങള്‍ക്കുമായി 85000 മീറ്റര്‍ ക്യൂബും ടണലിനായി 63500 മീറ്റര്‍ ക്യൂബും പാറ പൊട്ടിച്ചുമാറ്റണം. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് ഇടുക്കി കലക്ടറേറ്റിലാണ് യോഗം ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."