കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ ആദ്യഘട്ടം പൂര്‍ത്തിയായി
കൊട്ടാരക്കര: നിയമപ്രശ്‌നങ്ങളും തര്‍ക്കങ്ങളും മൂലം നിര്‍മാണം നീണ്ടുപോയ കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഉദ്ഘാടനം ജൂലൈ 9ന് നടത്താനാണ് തീരുമാനം. ഇതിനുള്ള സ്വാഗതസംഘ രൂപീകരണം നടന്നു.
ആദ്യഘട്ടത്തില്‍ 15 സര്‍ക്കാര്‍ ഓഫിസുകളാണ് ഒരു കുടക്കീഴിലാക്കുന്നത്. താലൂക്ക് ഓഫിസ്, ജില്ലാ ട്രഷറി, സബ് ട്രഷറി, ആര്‍.ടി.ഒ ഓഫിസ്, കൃഷി ഓഫിസ് എന്നിവയുള്‍പ്പെടെയാണ് ഇവിടേക്ക് മാറ്റപ്പെടുന്നത്. താലൂക്ക് ഓഫിസ് ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ ഓഫിസുകളും ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവയാണ്. പുതിയ കെട്ടിടത്തിലേക്ക് ഓഫിസുകള്‍ മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മൂന്നുനിലകളാണ് പൂര്‍ത്തിയായിട്ടുള്ളത്.
രണ്ടാംഘട്ടമായി നാലാമത്തെ നിലയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിനായി 7 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ 18 സര്‍ക്കാര്‍ ഓഫിസുകള്‍കൂടി ഇവിടേക്ക് മാറ്റപ്പെടും. ഇതോടെ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഓഫിസുകളല്ലാം മിനി സിവില്‍ സറ്റേഷനുള്ളിലാകും.
പൊതു ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പലയിടത്തും കയറിയിറങ്ങേണ്ടുന്ന ദുരവസ്ഥയ്ക്ക് ഇതോടെ അറുതിയാകും.
ദേശീയപാതയോടു ചേര്‍ന്ന് കച്ചേരി മുക്കിനു സമീപത്തായിട്ടാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്. ഇവിടെ നിര്‍മിച്ചിട്ടുള്ള മഴവെള്ള സംഭരണി ഇതിനോടകം പൊതുജന ശ്രദ്ധ നേടിക്കഴിഞ്ഞു. നിര്‍മിതിയിലും, സംഭരണ ശേഷിയിലും ഒട്ടേറെ പ്രത്യേകതകളുള്ളതാണ് ഈ സംഭരണി.
രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ പാര്‍ക്കിംഗ്, വിശ്രമമുറി, കാന്റീന്‍, എന്നിവയും സജ്ജമാകും, വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണമാരംഭിച്ചത്. പിന്നീടുടലെടുത്ത സാമ്പത്തിക പ്രശ്‌നങ്ങളും, നിയമ പ്രശ്‌നങ്ങളും മൂലം നിര്‍മാണം പല ഘട്ടങ്ങളില്‍ മുടങ്ങി.
പി. അയിഷാ പോറ്റി എം.എല്‍.എ മുന്‍കൈ എടുത്ത് മന്ത്രി ജി. സുധാകരന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതും, ഇപ്പോള്‍ ആദ്യഘട്ടം പൂര്‍ത്തിയായതും.
അടുത്ത മാസം 9ന് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ഈ തിയതിക്ക് ചിലപ്പോള്‍ മാറ്റമുണ്ടായേക്കാമെന്നും എം.എല്‍.എ സൂചിപ്പിച്ചു. സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ പി. അയിഷാ പോറ്റി എം. എല്‍ എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."