മത്സരിച്ചേ മതിയാകൂ എന്ന് തുഷാര്‍ വെള്ളാപ്പള്ളിയോട് ബി.ജെ.പി; മത്സരിക്കരുതെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേ മതിയാകൂ എന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് ബി.ജെ.പി. എന്നാല്‍ ബി.ജെ.പിക്കൊപ്പം നിന്ന് മത്സരിക്കരുതെന്നാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളാപ്പള്ളി സി.പി.എമ്മുമായി അടുത്തുനില്‍ക്കുകയും തുഷാര്‍ എന്‍.ഡി.എയുടെ ഭാഗമായി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തീരുമാനം തങ്ങള്‍ക്ക് അനുകൂലമാകുമെന്നു തന്നെയാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
തുഷാര്‍ മത്സരിച്ചാല്‍ അതിന്റെ ഗുണം കേരളത്തിലെ മറ്റു 19 ലോക്‌സഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. തുഷാര്‍ മത്സരിക്കാതിരിക്കുകയും വെള്ളാപ്പള്ളി ബി.ജെ.പിക്കെതിരായ നിലപാടില്‍ നില്‍ക്കുകയും ചെയ്താല്‍ അതു തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. അതുകൊണ്ട് തുഷാറിനെ മത്സരിപ്പിക്കുന്നതിനായി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇടപെടല്‍പോലും ബി.ജെ.പി നടത്തിയിട്ടുണ്ട്.
തുഷാര്‍ ആവശ്യപ്പെടുന്ന ഏതു സീറ്റ് നല്‍കാനും ബി.ജെ.പി തയാറാണ്. തൃശൂര്‍, ആറ്റിങ്ങല്‍ സീറ്റുകളാണ് തുഷാറിനുവേണ്ടി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇതല്ലാതെ മറ്റേതെങ്കിലു സീറ്റ് വേണോ എന്ന് ബി.ജെ.പി തുഷാറിനോട് ആരാഞ്ഞിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് ചേര്‍ത്തല കരപ്പുറം റെസിഡന്‍സിയില്‍ ചേരും. സംസ്ഥാന ഭാരവാഹികളും 13 ജില്ലാ പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഈ യോഗത്തില്‍ അന്തിമരൂപം നല്‍കും. തിരുവനന്തപുരത്ത് ഉണ്ടായ പിളര്‍പ്പ് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്‌തേക്കും. ഇതിനിടെ ആറ്റിങ്ങലില്‍ പി.കെ കൃഷ്ണദാസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശം എന്‍.എസ്.എസ് മുന്നോട്ടുവച്ചതായും പറയപ്പെടുന്നു.
തിരുവനന്തപുരം സീറ്റില്‍ മത്സരിക്കാന്‍ ഗവര്‍ണര്‍ പദവി രാജിവച്ച് വരേണ്ടതില്ലെന്ന് കുമ്മനം രാജശേഖരന്‍ തീരുമാനിച്ചതായും അറിയുന്നു. അതുകൊണ്ടുതന്നെ തിരുവനന്തപുരത്ത് പി.എസ് ശ്രീധരന്‍പിള്ളയോ, കെ. സുരേന്ദ്രനോ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. രാജിവച്ച് കേരളത്തില്‍വന്ന് പരാജയപ്പെട്ടാല്‍ പാര്‍ട്ടിയിലെ സുപ്രധാന പദവികളിലേക്കൊന്നും പരിഗണിക്കില്ലെന്ന കണക്കുകൂട്ടലാണ് കുമ്മനത്തിന്റെ പിന്‍വാങ്ങലിനു കാരണമായിരിക്കുന്നത്. ഈമാസം 12നു മുന്‍പ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രസിദ്ധീകരിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
ഈ മാസം പത്തിനു മുന്‍പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന സൂചന. ഏപ്രില്‍ 10നും 15നുമിടയില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."