മത്സ്യോല്‍പാദനം കൂട്ടാന്‍ നിക്ഷേപങ്ങള്‍ വരണം
കൊച്ചി: സമുദ്ര മത്സ്യോല്‍പാദനം കൂട്ടാന്‍ വ്യവസായ രംഗത്തുള്ളവര്‍ മുന്നോട്ട് വരണമെന്ന് ആവശ്യം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ) നിന്നും മാരികള്‍ച്ചര്‍ പഠനം പൂര്‍ത്തിയാക്കിയവരുടെ സംഗമത്തില്‍ ഡല്‍ഹിയിലെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.ജെ.കെ ജെനയാണ് ഈ ആവശ്യം ഉന്നയിച്ചത്. സമുദ്രജലകൃഷി മേഖയില്‍ നിക്ഷേപമിറക്കി വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദനം നടത്തുന്നതിന് സംരംഭകര്‍ തയാറാകണം. എങ്കില്‍ മാത്രമേ മത്സ്യോല്‍പാദന രംഗത്ത് രാജ്യത്തിന് പുരോഗതി കൈവരിക്കാനാകൂ. 2030 ഓടു കൂടി ഇന്ത്യയില്‍ ദാരിദ്ര്യം പൂര്‍ണമായും ഇല്ലാതാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി ഭക്ഷ്യ മേഖലയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നയരൂപീകരണ വിദഗ്ധര്‍, ശാസത്ര്ജഞര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് പുറമെ, ഭരണ, വ്യാവസായിക, കാര്‍ഷിക ബാങ്കിംഗ് മേഖലയിലുള്ളവരുമാണ് സി.എം.എഫ്.ആര്‍.ഐയില്‍ സംഗമിച്ചത്. ഇന്ത്യയില്‍ മാരികള്‍ച്ചര്‍ പഠനം 37 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് വിദഗ്ധരുടെ സംഗമം. സമുദ്രജലകൃഷിയുമായി ബന്ധപ്പെട്ട് ഗവേഷണ, വ്യാവസായിക, ബാങ്കിംങ് മേഖലയിലുള്ളവര്‍ പരിപാടിയില്‍ സംസാരിച്ചു. മത്സ്യചെമ്മീന്‍, പായല്‍, കക്കവര്‍ഗ്ഗങ്ങള്‍, പവിഴം തുടങ്ങിയവ ഉള്‍പ്പെടുന്ന സമുദ്രജലകൃഷി വന്‍കിട വ്യാവസായിക തലത്തിലേക്ക് ഉയര്‍ത്തുന്നതിന് ശ്രമങ്ങളുണ്ടാകണമെന്ന് സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു.
ഇപ്പോള്‍ പ്രധാനമായും വന്‍തോതില്‍ കൃഷി ചെയ്ത് വരുന്നത് ചെമ്മീന്‍ മാത്രമാണ്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ മാതൃകയില്‍ സാമ്പത്തിക പുരോഗതി കൈവരിക്കുന്ന തരത്തില്‍ വന്‍തോതില്‍ സമുദ്രകൂടുകൃഷി സംരംഭങ്ങള്‍ വരണം. ഇതിന് ഗവേഷകരുടെയും വ്യാവസായ രംഗത്തുള്ളവരുടെയും സംയുക്ത സമിതികളും കൂട്ടായ്മകളും രൂപീകരിക്കണം. തീരദേശ പരിപാലന നിയമം കടലിനെയും അനുബന്ധ മേഖലയെയും സംരക്ഷിക്കാനുള്ളതാണ്. ടൂറിസത്തിന്റെ പേരില്‍ ഈ നിയമം മാറ്റിയെഴുതരുതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ.എ ഗോപാലകൃഷ്ണന്‍, നബാര്‍ഡ് ഉദ്യോഗസ്ഥന്‍ ഡോ സുരേഷ് കുമാര്‍, സി.എം.എഫ്.ആര്‍.ഐയില്‍ മാരികള്‍ച്ചര്‍ കോഴ്‌സുകള്‍ തുടങ്ങുന്നതിന് നേതൃത്വം വഹിച്ച മുന്‍ ഡയറക്ടര്‍ ഡോ.ഇ.ജി സൈലാസ്, കൊച്ചി സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ പ്രൊഫ.എം.വി പൈലി, മുന്‍ ഡയറക്ടര്‍മാരായ ഡോ.പി.എസ്.ബി.ആര്‍ ജെയിംസ്, ഡോ വേദവ്യാസ റാവു, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ എ നോബിള്‍, ചെന്നൈ ആസ്ഥാനമായ ഓരുജലമത്സ്യകൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.കെ വിജയന്‍, ഡോ.പി ജയശങ്കര്‍, പി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.എം.എഫ്.ആര്‍.ഐ മാരികള്‍ച്ചര്‍ കോഴ്‌സില്‍ അധ്യാപകരായിരുന്ന 20 പേരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."