മെഹറൂഫിന്റെ കൊവിഡ് മരണം: പട്ടികയില്‍ ചേര്‍ക്കില്ലെങ്കില്‍ കേരളവും പോണ്ടിച്ചേരിയും മറുപടി പറയണമെന്ന് ബന്ധുക്കള്‍
മഞ്ചേരി : കണ്ണൂരില്‍ ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് മരിച്ച മാഹി ചെറുകല്ലായി സ്വദേശി പി. മഹറൂ(71) ഫിന്റെ പേര് കേരളത്തിന്റേയും പോണ്ടിച്ചേരിയുടേയും പട്ടികയിലില്ല. കേന്ദ്ര നിര്‍ദേശ പ്രകാരം മരണം സംഭവിച്ച സംസ്ഥാനത്തിന്റെ ലിസ്റ്റിലാണ് പേര് ഉള്‍പെടുത്തേണ്ടത്. എന്നാല്‍, കേരളത്തിന്റെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ മൂന്ന് പേര്‍ മാത്രമാണുള്ളത്.
തിരുവനന്തപുരം, എറണാകുളം, മലപ്പുറം തുടങ്ങിയ ജില്ലകളിലെ ഒന്നു വീതം ആളുകളുടെ മരണം മാത്രമാണ് സംസ്ഥാനത്തിന്റെ പട്ടികയില്‍ ഉള്ളത്. പോണ്ടിച്ചേരിയുടെ പട്ടികയില്‍ ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടുമില്ല. മാഹി സ്വദേശിയുടെ പേരുവിവരങ്ങള്‍ താല്‍ക്കാലികമായി കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍, ഇന്നലെ വൈകിട്ട് 5:25 ന് പുതുക്കിയ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസ് സൈറ്റിലെ വിവരമനുസരിച്ച് കേരളത്തില്‍ മൂന്ന് പേര്‍ മാത്രമാണ് മരിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്.
മഹറൂഫിന്റെ പേര് കേരളം താല്‍ക്കാലികമായി ഉള്‍പ്പെടുത്തിയെങ്കിലും പോണ്ടിച്ചേരിയുടെ പട്ടികയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടെന്നാണ് ഇന്നലെ ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി പറഞ്ഞത്.
മഹറൂഫിന്റെ ബന്ധുക്കള്‍ ഇന്നലെ മാഹി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടെങ്കിലും കേരളത്തില്‍ മരിച്ചതിനാല്‍ അവിടത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിവരം ലഭിച്ചത്. കൊവിഡ് സ്ഥിരീകരിച്ചെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കുകയും മരിച്ചവരുടെ പട്ടികയില്‍ ഉള്‍പെടുത്താതിരിക്കുകയും ചെയ്യുന്നത് കുടുംബത്തേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് മഹറൂഫിന്റെ മരുമകന്‍ പറഞ്ഞു.
കോയമ്പത്തൂരില്‍ മരിച്ച പാലക്കാട് സ്വദേശിയായ രാജശേഖരന്‍ ചെട്ടിയാരുടെ പേര് തമിഴ്‌നാടിന്റെ പട്ടികയില്‍ ഉള്‍പെടുത്തണമെന്ന് വാദിച്ച കേരളം മാഹി സ്വദേശിയുടെ വിഷയത്തില്‍ മലക്കം മറിയുകയാണ്.
മാഹി സ്വദേശി കേരളത്തിലേക്ക് വന്നത് ചികിത്സക്ക് മാത്രമാണെന്നും അതിനാല്‍ കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പെടുത്താനാവില്ലെന്നുമാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പോണ്ടിച്ചേരിയില്‍ കൊവിഡ് മരണം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. കേരളവും പോണ്ടിച്ചേരിയും കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ പട്ടികയില്‍ ചേര്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 11ന് പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മഹറൂഫ് മരണപ്പെട്ടത്. പയ്യന്നൂര്‍ താലൂക്കിലെ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ നിന്ന് കഴിഞ്ഞ 22 ന് മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന് വ്യക്തമാക്കിയ ആരോഗ്യ വകുപ്പ് മരണപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പെടുത്താത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇയാള്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. കുടുംബത്തില്‍ നിന്നുള്ള അന്‍പതോളം പേരുള്‍പ്പെടെ നിരവധി ആളുകളുടെ സാംപിളുകള്‍ പരിശോധിച്ചെങ്കിലും ആര്‍ക്കും രോഗം സ്ഥിരീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."