പാലക്കാട്-കോഴിക്കോട് ദേശീയപാതയരികില്‍ മാലിന്യം ചീഞ്ഞുനാറുന്നു
പാലക്കാട്: മഴശക്തമായതോടെ പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ മാലിന്യം ചീഞ്ഞുനാറി മണ്ണാര്‍ക്കാട്ടുവരെയുള്ള യാത്ര ദുരിതപൂര്‍ണം. ദേശീയപാതയിലുടനീളം റോഡരികില്‍ മാലിന്യം ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് മൂക്കുപൊത്താതെ ഇരിക്കാനും നില്‍ക്കാനും പറ്റാത്ത അവസ്ഥയാണ്.
ഒലവക്കോട് പിന്നിട്ടാല്‍ റെയില്‍വേപാലത്തുനിന്നു തുടങ്ങി പന്നിയംപാടം വളവ്, മുണ്ടൂര്‍ കയറംകോട്, വേലിക്കാട്, കല്ലടിക്കോട്, മാച്ചാംതോട്, തച്ചമ്പാറ, ചിറക്കല്‍പ്പടി, നൊട്ടമല വളവ് എന്നിവിടങ്ങളിലെല്ലാം മാലിന്യനിക്ഷേപം പെരുകിയിരിക്കുകയാണ്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും തള്ളിയ ഇറച്ചിമാലിന്യങ്ങളാണ് മഴയില്‍ ചീഞ്ഞുനാറുന്നത്. രാത്രിയുടെ മറവില്‍ ഇറച്ചികടകളില്‍നിന്നുള്ള മാലിന്യമാണ് വാഹനങ്ങളിലെത്തുന്ന സംഘം ഇവിടങ്ങളില്‍ തള്ളുന്നത്.
മുണ്ടൂര്‍ കയറംകോടിലെ ആളൊഴിഞ്ഞ ഭാഗം ഇന്ന് മാലിന്യകൂമ്പാരമാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളുടെയും മറ്റു ഇഴജന്തുക്കളുടെയും ശല്യം ഇവിടെ രൂക്ഷമായിരിക്കുകയാണ്. കാല്‍നടയാത്രയും അസഹ്യമാണ്. പലയിടത്തും മാലിന്യനിക്ഷേപത്തിനെതിരെ അതത് പഞ്ചായത്ത് അധികൃതരുടെ നോട്ടിസ് ബോര്‍ഡുകളുണ്ടെങ്കിലും നിയമങ്ങള്‍ കാറ്റില്‍പറത്തി ബോര്‍ഡുകള്‍ക്കു കീഴെപോലും മാലിന്യംതള്ളിയിരിക്കുകയാണ് സാമൂഹ്യവിരുദ്ധര്‍. ഇതോടെ സമീപപ്രദേശത്തുള്ള വീടുകളിലുള്ളവരും ദുരിതത്തിലായിരിക്കുകയാണ്. സ്‌കൂള്‍ വാഹനങ്ങളില്‍പോകുന്ന വിദ്യാര്‍ഥികളും കാല്‍നടയായി പോകുന്ന വിദ്യാര്‍ഥികളുമെല്ലാം മൂക്കുപൊത്തി യാത്രചെയ്യേണ്ട സ്ഥിതിയാണ്.
ചീഞ്ഞളിയുന്ന മാലിന്യം മറ്റു പകര്‍ച്ചവ്യാധിരോഗങ്ങള്‍ക്കു കാരണമാകുമോ എന്ന ആശങ്കയിലാണ് ദേശീയപാതയോരത്തെ കുടുംബങ്ങളിലുള്ളത്. മുണ്ടൂര്‍ മുതല്‍ മണ്ണാര്‍ക്കാടുവരെ കല്ലടിക്കോട്, മണ്ണാര്‍ക്കാട് പൊലിസ് സ്‌റ്റേഷന്റെ പരിധിലാണുള്ളത്. എന്നിരുന്നാലും രാത്രികാലങ്ങളിലുള്ള പൊലിസ് പട്രോളിംഗ് കാര്യക്ഷമമാകാത്തതിന്റെ തെളിവുകൂടിയാണ് വര്‍ധിച്ചുവരുന്ന മാലിന്യനിക്ഷേപം ചൂണ്ടിക്കാണിക്കുന്നത്. മണ്ണാര്‍ക്കാട് നൊട്ടമല വളവില്‍ ഇടക്കാലത്തിനുശേഷം വീണ്ടും മാലിന്യനിക്ഷേപം വര്‍ധിച്ചത് യാത്രക്കാരേയും പരിസരവാസികളേയും ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.
ചാക്കുകണക്കിന് മാലിന്യങ്ങളാണ് റോഡരികില്‍ തള്ളിയിരിക്കുന്നത്. അഴുക്കുചാല്‍ മണ്ണുമൂടിയതിനാല്‍ മാലിന്യം റോഡരികില്‍തന്നെയാണ് കിടക്കുന്നത്. അസഹ്യമായ ദുര്‍ഗന്ധമാണ് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്.
മാലിന്യംകലര്‍ന്ന വെള്ളം ഒഴുകിപോകുന്നത് നൊട്ടമലയ്ക്കുതാഴെയുള്ള നെല്ലിപ്പുഴയിലേക്കാണ്. നിരവധി ആളുകള്‍ കുളിക്കാനും മറ്റുമായി ഉപയോഗിക്കുന്ന പുഴയാണിത്. കൂടാതെ നെല്ലിപ്പുഴ പാലത്തിനുതാഴെയും മാലിന്യംതള്ളല്‍ വര്‍ധിച്ചിരിക്കുകയാണ്. പുഴയില്‍ ഒഴുക്കുള്ളതിനാല്‍ ചാക്കിലാക്കിയ മാലിന്യം പുഴയിലേക്കു തള്ളുന്നവരും ഏറെയാണ്. ഇവ പലപ്പോഴും അടിഞ്ഞുകൂടുന്നത് കുളിക്കടവുകളിലാണ്. ഇറച്ചിമാലിന്യങ്ങള്‍ മാത്രമല്ല, തെരുവുനായ്ക്കളുടെയും മറ്റു ജന്തുക്കളുടെയും ജീര്‍ണിച്ച ജഡങ്ങള്‍ പുഴയോരങ്ങളില്‍ അടിഞ്ഞുകിടക്കുന്നതും സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്.
കുന്തിപ്പുഴപോലെയുള്ള ജലസ്രോതസുകള്‍ നിരവധി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിന്റെ പ്രധാന കേന്ദ്രമാണ്. പൈപ്പിലൂടെ എത്തുന്ന വെള്ളത്തിന് മാലിന്യത്തിന്റെ ദുര്‍ഗന്ധമുള്ളതായും വീട്ടമ്മമാര്‍ പരാതിപ്പെടുന്നു. അതിനാല്‍ രാത്രികാലങ്ങളിലുള്ള പൊലിസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നുതന്നെയാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."