ദുരന്തകാലത്ത് നടപ്പിലാകുന്ന ഒളിയജന്‍ഡകള്‍
രാജ്യവും ജനങ്ങളും കൊവിഡിനെതിരേ സന്ധിയില്ലാത്ത പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരും പൊലിസും രാപകല്‍ ഭേദമെന്യെ യുദ്ധമുഖത്തെന്നപോലെയാണ് ജീവന്‍ പണയംവച്ചു പോരാടിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പരിമിതമായ വിഭവങ്ങള്‍ വച്ചാണ് ഈ മഹാവ്യാധിക്കെതിരേ അടരാടുന്നത്. ഈ ചെറുത്തുനില്‍പ്പിന്റെ ഫലമായി നമ്മുടെ സംസ്ഥാനത്ത് ഇതുവരെ വലിയതോതിലുള്ള രോഗവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ രാജ്യത്തു രോഗം പടരുകയാണ്. അമ്പതിനായിരത്തോളം പേര്‍ ഇന്നലെ വരെ രോഗബാധിതരായിട്ടുണ്ട്.
ഈയൊരു സന്ദിഗ്ദ്ധഘട്ടത്തെയും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ അവരുടെ ഒളിയജന്‍ഡകള്‍ നടപ്പിലാക്കാനുള്ള അവസരമാക്കുന്നു എന്നതാണ് ഏറെ ദുഃഖകരം. രാജ്യസുരക്ഷ, ജനങ്ങളുടെ സുരക്ഷ, രാജ്യസ്‌നേഹം എന്നതൊക്കെ ഇവര്‍ പുറമേക്ക് പറയുന്ന വെറും വാക്കുകള്‍ മാത്രമാണ്.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കു സാമ്പത്തിക സഹായം നല്‍കാതെ അവരെ ശ്വാസംമുട്ടിച്ചു കൊല്ലുന്നതോടൊപ്പം തന്നെ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരേയുള്ള സംഘ്പരിവാര്‍ ആക്രമണങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൊവിഡിന്റെ തുടക്കത്തില്‍ തന്നെ എം.പിമാരുടെ ഫണ്ട് എടുത്തുകളഞ്ഞു. വകമാറ്റി കൊവിഡ് പ്രതിരോധത്തിനായി ചെലവഴിച്ചേക്കുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് എം.പി ഫണ്ട് പിന്‍വലിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജ് അനുവദിച്ചതുമില്ല. ജി.എസ്.ടി നഷ്ടപരിഹാരത്തുക തരാമെന്നു സമ്മതിച്ചിട്ടും ഇതുവരെ സംസ്ഥാന സര്‍ക്കാരിനു കൈമാറിയില്ല. ഇന്ന് സംസ്ഥാനത്തെത്തുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിര്‍ധനരായ പ്രവാസികളുടെ വിമാനക്കൂലിയില്‍ ചില്ലിക്കാശ് പോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല.
എന്നാല്‍ ഈ ഇരുണ്ട കാലത്തും കോര്‍പറേറ്റുകളേയും രാജ്യത്തെ കബളിപ്പിച്ചു കോടികളുമായി മുങ്ങിയ കള്ളന്മാരായ വ്യവസായികളെയും സഹായിക്കാന്‍ മറന്നതുമില്ല. അമ്പതു കമ്പനികളുടെ 68,607 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയിരിക്കുന്നത്. വായ്പാ തട്ടിപ്പു നടത്തിയ ശേഷം രാജ്യം വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയുടേതാണ് ഏറ്റവും വലിയ തുക. 5,492 കോടി രൂപ.നീരവ് മോദിയുടെയും കടം ഇങ്ങനെ എഴുതിത്തള്ളി. ബി.ജെ.പിയുടെ സഹയാത്രികരാണ് ഇവരൊക്കെയും. 2014 മുതല്‍ കഴിഞ്ഞ സെപ്റ്റംബര്‍ വരെ 6.66 ലക്ഷം കോടിയാണ് കോര്‍പറേറ്റുകള്‍ക്കു വേണ്ടി ബി.ജെ.പി സര്‍ക്കാര്‍ എഴുതിത്തള്ളിയത്. അതിഥി തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റിനു പോലും ഇളവു നല്‍കാത്ത ബി.ജെ.പി സര്‍ക്കാരാണ് കോര്‍പറേറ്റുകളെ ഇങ്ങനെ അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുന്നത്. കോര്‍പറേറ്റുകളെ പണംകൊണ്ടു മൂടുമ്പോള്‍ പട്ടിണിപ്പാവങ്ങള്‍ക്ക് ഈ കൊവിഡ് കാലത്ത് നല്‍കുന്നത് പുഷ്പവൃഷ്ടിയാണ്. ഇതിനു മുന്‍പ് ജനങ്ങളോടു പറഞ്ഞത് ബാല്‍ക്കണികളില്‍ വന്ന് തപ്പുകൊട്ടാനായിരുന്നു.
കൊവിഡ് മൂലം ഇന്ത്യയില്‍ പത്തു കോടി ആളുകള്‍ക്കു തൊഴില്‍ നഷ്ടമായേക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞയാഴ്ചയാണ് രാഹുല്‍ ഗാന്ധി എം.പിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ ആശങ്ക പ്രകടിപ്പിച്ചത്. നിര്‍ധനരെ സഹായിക്കാന്‍ 65,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ജനങ്ങളുടെ കൈയിലേക്കു നേരിട്ടു പണമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിത ശ്രമം നടത്തണമെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അഭിജിത് ബാനര്‍ജി രാഹുല്‍ ഗാന്ധിയുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ അവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും മോദി സര്‍ക്കാര്‍ ഗൗനിച്ച മട്ടില്ല. പകരം സംസ്ഥാന സര്‍ക്കാരുകള്‍ക്കു മേല്‍ അവരുടെ ഒളിയജന്‍ഡകള്‍ അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കൊവിഡ് ദുരന്തത്തെ നേരിടാനെന്ന വ്യാജേന ഇതിനായുള്ള അധികാരങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കവര്‍ന്നിരിക്കുകയാണ്. എല്ലാ അധികാരങ്ങളും അമിത്ഷായ്ക്ക് നല്‍കിയിരിക്കുകയുമാണ്.
ഇതിനൊക്കെ പുറമെയാണ് കൊവിഡിനെ മറയാക്കി മുസ്‌ലിം ന്യൂനപക്ഷത്തിനെതിരേ ഇസ്‌ലാമോഫോബിയ വളര്‍ത്തിക്കൊണ്ടിരിക്കുന്ന സംഘ്പരിവാറിനെ സഹായിക്കുന്നതും. ഡല്‍ഹിയില്‍ മുസ്‌ലിം വിദ്യാര്‍ഥികളെ കള്ളക്കേസുകളില്‍പ്പെടുത്തി അവര്‍ക്കെതിരേ യു.എ.പി.എ ചുമത്തി ജയിലിലടച്ചുകൊണ്ടിരിക്കുന്നതും ഇതിന്റെ ഭാഗമാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നതിനെതിരേയും അധികാരം കവര്‍ന്നുകൊണ്ടിരിക്കുന്നതിനെതിരേയും മുസ്‌ലിംകളെ അപരവല്‍കരിച്ചുകൊണ്ടിരിക്കുന്നതിനെതിരേയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണങ്ങളൊന്നും ഉണ്ടാകുന്നില്ല. ഭയപ്പെടുത്തുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."