പൊതുസമ്മതനെ തേടുമ്പോള്‍ വടകര ലിസ്റ്റില്‍ പുതുമുഖവും
കോഴിക്കോട്: വടകരയില്‍ എല്ലാം അപ്രതീക്ഷിതമാണ്. 1971ല്‍ അപ്രതീക്ഷിതമായി കടന്നുവന്ന കെ.പി ഉണ്ണികൃഷ്ണന്‍ കടത്തനാടന്‍ മണ്ണിന്റെ മനസ് കീഴടക്കി. 2009ല്‍ ഒരു പൊതുസമ്മതനെ തേടിയിരുന്ന യു.ഡി.എഫ് കളരിയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ കടന്നുവന്നതും സമാന രാഷ്ട്രീയ സാഹചര്യത്തില്‍.
കണ്ണൂരിന്റെ പ്രതിനിധിയായി ദീര്‍ഘകാലം ഇന്ദ്രപ്രസ്ഥത്തില്‍ തിളങ്ങിയ മുല്ലപ്പള്ളി അപ്രതീക്ഷിതമായേറ്റ തിരിച്ചടിയുടെ പരുക്കോടെയാണ് വടകരയിലെത്തിയത്. എന്നാല്‍ മണ്ഡലം മുല്ലപ്പള്ളിയെ കൈവിട്ടില്ല, ഒന്നല്ല, രണ്ടു തവണ. വീണ്ടും ഇതേ അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് ഒരിക്കല്‍ കൂടി മണ്ഡലം സാക്ഷിയാവാന്‍ പോകുന്നു എന്ന സൂചനയാണ് ഇപ്പോള്‍ ഉയരുന്നതും. വടകരയിലെ സ്ഥാനാര്‍ഥി ലിസ്റ്റിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്ന പേരില്‍ ഒരു പുതുമുഖം കൂടി ഇടംപിടിക്കുന്നു. കോണ്‍ഗ്രസ് നേതാവും അറിയപ്പെടുന്ന ആക്ടിവിസ്റ്റും യുവപ്രഭാഷകനുമായ അനൂപ് വി.ആറിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. തൃശൂര്‍ സ്വദേശിയായ അനൂപ് ഇപ്പോള്‍ എ.ഐ.സി.സിയുടെ അക്കാദമിക് വിങ്ങായ രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിളിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്.
വിജയസാധ്യത മുന്നില്‍കണ്ട് വടകര ലോക്‌സഭാ മണ്ഡലത്തില്‍ പൊതുസമ്മതനെ നിര്‍ത്താനുള്ള നീക്കമാണ് അനൂപിലേക്കും ചര്‍ച്ച നീളാന്‍ കാരണം. മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള ആര്‍.എം.പിക്കും അനൂപ് സ്വീകാര്യനായിരിക്കുമെന്ന കണക്കുകൂട്ടലും ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നുണ്ട്്.
മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ച വടകര എം.പിയും കെ.പി.സി.സി പ്രസിഡന്റുമായ മുല്ലപ്പള്ളിക്കു പകരം മണ്ഡലം നിലനിര്‍ത്താന്‍ ആരെ നിയോഗിക്കുമെന്ന ചര്‍ച്ച നേരത്തെതന്നെ പൊതുസമ്മതനിലേക്ക് നീണ്ടിരുന്നു. മുസ്‌ലിം ലീഗിനും സമുദായ സംഘടനകള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ഇവര്‍ക്കുകൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെയായിരിക്കും നിര്‍ത്തുകയെന്ന് മുല്ലപ്പള്ളി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, കെ.പി അനില്‍കുമാര്‍, എ.പി അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളുമുണ്ട് പരിഗണനയില്‍.
മത്സരിക്കാനില്ലെന്ന് കെ.എം അഭിജിത്തും വടകരയില്‍ താല്‍പര്യമില്ലെന്ന് ടി. സിദ്ദീഖും കെ.പി.സി.സിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. പൊതുസമ്മതനെ നിര്‍ത്തിയാല്‍ സാമുദായിക സംഘടനകളുടെ കൂടി പിന്തുണയില്‍ വടകര ജയിച്ചുകയറാനാകുമെന്ന യു.ഡി.എഫിന്റെ പ്രതീക്ഷയാണ് അനൂപിന്റെ സാധ്യതയ്ക്കു തുണയാകുന്നത്.
അടുത്തകാലത്തായി മലബാറിലെ മുസ്‌ലിം സംഘടനാ പരിസരങ്ങളിലെ സജീവ പ്രവര്‍ത്തനങ്ങളും സമുദായ സംഘടനകളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതും അനൂപിന്റെ സ്ഥാനാര്‍ഥിത്വത്തിന് അനൂകല ഘടകമാവാനിടയുണ്ട്. ഹാദിയ വിഷയത്തില്‍ തുടക്കം മുതല്‍ അവസാനം വരെ കോണ്‍ഗ്രസിനകത്ത് നിലപാട് സ്വീകരിച്ചവരില്‍ അന്തരിച്ച എം.ഐ ഷാനവാസ് എം.പിക്കൊപ്പം അനൂപും ഉണ്ടായിരുന്നു.
ഏറ്റവും അവസാനം കാസര്‍കോട്ട് കരീം മൗലവി സംഘ് പരിവാറുകാരാല്‍ ആക്രമിക്കപ്പെട്ടപ്പോഴും വിഷയത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന ഉദാസീനതയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞതവണ തിയ്യ സമുദായത്തില്‍പെട്ട മുല്ലപ്പള്ളി മത്സരിച്ചപ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ നിര്‍ലോഭമായ പിന്തുണ കിട്ടിയതു വിജയത്തിനു കാരണമായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ വടകരയില്‍ അജയ്യനായ മുല്ലപ്പള്ളി മാറിനില്‍ക്കുമ്പോള്‍, തിയ്യ സമുദായത്തില്‍ നിന്നുതന്നെ വരുന്ന വ്യക്തമായ മുസ്ലിം അനുകൂല നിലപാടുള്ള ആള്‍ എന്നതും അനൂപിന് അനുകൂലമാകാന്‍ ഇടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."