പ്രവാസികളെ കൊണ്ടുവരല്‍: എയര്‍ ഇന്ത്യ സംഘം പുറപ്പെട്ടത് മെഡിക്കല്‍ കോളജിലെ പരിശീലനത്തിനു ശേഷം
സ്വന്തം ലേഖിക
കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ പുറപ്പെട്ടത് അതീവ കരുതലോടെ. നാലു പൈലറ്റുമാര്‍ ഉള്‍പ്പെടെ 12 പേരടങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നു അബൂദബിയിലേക്ക് പുറപ്പെട്ടത്.
ഇന്ന് ദോഹയിലേക്കും എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം യാത്ര ശനിയാഴ്ചയിലേക്ക് മാറ്റി. ഉച്ചയോടെ അബൂദബിയിലെത്തുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി 9.45ന് നെടുമ്പാശ്ശേരിയില്‍ പ്രവാസികളുമായി തിരിച്ചെത്തും. യാത്രപുറപ്പെടുന്നതിന് മുന്‍പ് പൈലറ്റുമാര്‍ക്കും ക്യാബിന് ക്രൂവിനും എറണാകുളം മെഡിക്കല്‍ കോളജില്‍ പരിശീലനം നല്‍കിയിരുന്നു. പി.പി.ഇ സ്യൂട്ടുകള്‍ ധരിക്കുന്നതിനും യാത്രയ്ക്കിടെ ഉണ്ടാകാനിടയുള്ള ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം ഇവരെ പരിശീലിപ്പിച്ചത്. ട്രെയിനിങ്ങിന് ശേഷം ക്രൂവിന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചതായി ക്യാപ്റ്റന്‍ പാര്‍ത്ഥ സര്‍ക്കാര്‍ പറഞ്ഞു.
എറണാകുളം മെഡിക്കല്‍ കോളജ് ആര്.എം.ഒ ഡോ. ഗണേശ് മോഹന്‍, എ.ആര്.എം.ഒ ഡോ. മനോജ് ആന്റണി, ഡോ. ഗോകുല്‍ സജ്ജീവന്‍, വിദ്യ വിജയന് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."