കല്ലച്ചാലും, പാലക്കത്തോടും യാത്ര ദുസ്സഹം
മഞ്ചേരി: പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത ഗെയില്‍ പദ്ധതി നാട്ടുകാര്‍ക്ക് നല്‍കുന്നത് ദുരിതം മാത്രം. പുല്‍പ്പറ്റ പഞ്ചായത്തിലെ കല്ലച്ചാല്‍, പാലക്കത്തോട് എന്നിവിടങ്ങളിലാണ് ഗെയില്‍ പ്രവൃത്തി പാതിവഴിയിലിട്ടതിന്റെ കാരണത്താല്‍ നാട്ടുകാര്‍ ദുരിതമനുഭവിക്കേണ്ടി വരുന്നത്. നൂറുകണക്കിനു ജനങ്ങള്‍ ആശ്രയിക്കുന്ന റോഡിനു മധ്യേയാണ് ഗെയില്‍ പൈപ്പ് കടത്തിവിടുന്നതിനു കുഴിയെടുത്തിരുന്നത്.
മഴ ശക്തിയാര്‍ജിക്കും മുന്‍പ് പ്രവൃത്തി പൂര്‍ത്തിയാക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പ്രദേശത്തെ ചോലയില്‍നിന്നും കുത്തിയെലിച്ചുവരുന്ന വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടിനിന്നു കൃഷികളും വീടുകളും നടപ്പാതകളും തകര്‍ന്നു തുടങ്ങിയിരിക്കുകയാണ്. ആരാധനാലയങ്ങളിലേക്കും, സ്കൂള്‍, മദ്റസ എന്നിവിടങ്ങളിലേക്കും വഴിനടക്കാനാകാതെ പ്രദേശത്തെ നിരവധി ജനങ്ങളാണ് രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്.
കനത്ത യാത്രാക്ലേശംമൂലം റോഡ് താല്കാലികമായി നാട്ടുകാര്‍ സഞ്ചാരയോഗ്യമാക്കിയിരുന്നുവെങ്കിലും മഴ കനത്തതോടെ സഞ്ചരിക്കാന്‍ കഴിയാത്തവിധം വീണ്ടും ചെളി നിറഞ്ഞിരിക്കുകയാണിവിടെ.
ഗെയില്‍ പൈപ്പിടല്‍ സമയത്ത് നശിപ്പിക്കപ്പെട്ട റോഡുകളും തോടുകളും ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. പ്രദേശവാസികളുടെ ദുരിതം തീര്‍ക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ കെ.പി മുഹമ്മദ് ജില്ലാ കലക്ടര്‍ക്കു പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."