വിദ്യാഭ്യാസ ഓഫിസുകളിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് 25ന്
മലപ്പുറം: ഹയര്‍സെക്കന്‍ഡറി ഇല്ലാത്ത ഹൈസ്കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കുക, ഹയര്‍സെക്കന്‍ഡറി മേഖലയില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുക, ഡി.ഡി.ഇ അടക്കമുള്ള വിദ്യാഭ്യാസ ഉദ്യോഗസ്ഥരെ ഉടന്‍ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു 25നു രാവിലെ പത്തിനു ജില്ലയിലെ എല്ലാ വിദ്യാഭ്യാസ ഓഫിസുകളിലേക്കും മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തും.
ഡി.ഡി.ഇ ഓഫിസ്, ഡി.ഒ ഓഫിസ്, എ.ഇ.ഒ ഓഫിസ് എന്നിവ അടക്കം 22 കേന്ദ്രങ്ങളിലേക്കാണ് മാര്‍ച്ച്. മറ്റു ജില്ലകളിലെല്ലാം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടായിട്ടും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറത്തു നാല്പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പുറത്താണ്.
ജില്ലയിലെ ഹയര്‍സെക്കന്‍ഡറി അപേക്ഷകരുടെ കണക്ക് പ്രകാരം പ്രവേശനം നല്കാന് സര്‍ക്കാരിനു കഴിയണം. രണ്ടാംഘട്ട അലോട്ട്മെന്റിനു ശേഷം 41,908 വിദ്യാര്‍ഥികള്‍ പുറത്തുനില്‍ക്കുകയാണ്. ഇനി ജില്ലയില്‍ സീറ്റുകള്‍ ബാക്കിയില്ലെന്നതു ഗൗരവമുള്ള കാര്യമാണെന്നും ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും യൂത്ത് ലീഗ് ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി കെ.ടി അഷ്റഫ്, വി.ടി സുബൈര്‍ തങ്ങള്‍, വി.കെ.എം ഷാഫി, ഷരീഫ് കുറ്റൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."