തെരഞ്ഞെടുപ്പ് പ്രകടനപത്രിക വെറും കടലാസ്: സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തുണ്ടോയെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും അധികാരത്തിലെത്തിയാല്‍ പറഞ്ഞതെല്ലാം മനപ്പൂര്‍വം മറക്കുകയും ചെയ്യുന്നവരാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സാധാരണ ഗതിയില്‍ പാലിക്കപ്പെടാറില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്ക് തുണ്ടുകടലാസിന്റെ വിലപോലുമില്ലെന്നും ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ രാഷ്ട്രപതിപങ്കെടുത്ത സെമിനാറിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ കടുത്ത വിമര്‍ശനം .
ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്ന വാഗ്ദാനങ്ങള്‍ പാലിക്കാറുള്ളത്. വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറുന്നവര്‍ അത് പാലിക്കാതിരിക്കാന്‍ പറയുന്ന ന്യായീകരണങ്ങള്‍ ലജ്ജിപ്പിക്കുന്നതാണ്. ഇത്തരം വാഗ്ദാനങ്ങള്‍ വളരെക്കുറച്ച് സമയം മാത്രം പൊതുജനങ്ങളുടെ ഓര്‍മയില്‍ നില്‍ക്കുന്നതിനാല്‍ പ്രകടനപത്രികക്ക് തുണ്ട് കടലാസുകളുടെ വിലപോലും ഉണ്ടാകാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഉണ്ടാകേണ്ട പുത്തന്‍ ആശയങ്ങളെക്കുറിച്ചോ അപര്യാപ്തമായ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെ ഉന്നമനത്തെക്കുറിച്ചോ ക്രിയാത്മക നിര്‍ദേശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താറില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഒരു നിക്ഷേപമായി വിലയിരുത്തപ്പെടുന്നത് ജനപ്രതിനിധികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ശുഭസൂചകമല്ല.
സ്ഥാനാര്‍ഥിയുടെ സ്വാധീനത്തെയല്ല ധാര്‍മികതക്കും മൂല്യങ്ങള്‍ക്കുമാണ് വോട്ട് നല്‍കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."