ഇന്ത്യയും ബംഗ്ലാദേശും 22 കരാറുകളില്‍ ഒപ്പുവച്ചു
ന്യൂഡല്‍ഹി: പ്രതിരോധ രംഗത്തെ രണ്ടു കരാറുകള്‍ ഉള്‍പ്പെടെ സിവില്‍ ആണവ മേഖലയിലെ സഹകരണമടക്കം 22 കരാറുകളില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി.
ബംഗ്ലാദേശിന് 450 കോടി ഡോളര്‍ വായ്പ നല്‍കുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബംഗ്ലാദേശിന്റെ പ്രതിരോധ മേഖലക്ക് 50 കോടി ഡോളറിന്റെ അധിക ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ളത് ദീര്‍ഘകാലമായുള്ള ബന്ധമാണെന്ന് പറഞ്ഞ മോദി, ഇത് എല്ലായ്‌പ്പോഴും ബംഗ്ലാദേശിന്റെ നന്മക്കുവേണ്ടിയാണ് നിലനിന്നതെന്നും വ്യക്തമാക്കി.
ടീസ്റ്റ നദീ ജലം പങ്കിടല്‍ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണാന്‍ ഇരുരാജ്യത്തെയും സര്‍ക്കാരുകള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയില്‍ കൊല്‍ക്കത്തയേയും ധാക്കയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ട്രെയിന്‍- ബസ് സര്‍വിസുകള്‍ ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്തു.
കൊല്‍ക്കത്ത, ഖുല്‍ന -ധാക്ക ബസ് സര്‍വിസും ഖുല്‍നയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുമാണ് ആരംഭിച്ചത്. രാധികാപുരിനും ബിറോളിനുമിടയില്‍ ചരക്കു ട്രെയിനും സര്‍വിസ് നടത്തും. നുമാലിഗഢിനും പര്‍ബതിപുരിനുമിടയില്‍ എണ്ണ പൈപ്പ് ലൈനിന് ഇന്ത്യ സഹായം നല്‍കും. ഇതില്‍ ഹൈസ്പീഡ് ഡീസല്‍ വിതരണത്തിനായി ഇന്ത്യന്‍ കമ്പനികള്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടും.
ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കവെ മരിച്ച ഇന്ത്യന്‍ സൈനികരെ ആദരിച്ച ബംഗ്ലാദേശ് നടപടിയെ മോദി നന്ദി അറിയിച്ചു.
നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ ശൈഖ് ഹസീനയെ സ്വീകരിക്കാന്‍ പ്രോട്ടോകോള്‍ മറികടന്നാണ് നരേന്ദ്ര മോദി വിമാനത്താവളത്തില്‍ എത്തിയിരുന്നത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ബംഗ്ലാദേശ് പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."