വാടക നല്‍കാനില്ല: കൊട്ടിയൂരില്‍ വ്യാപാരിയുടെ ആത്മഹത്യാശ്രമം
കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് താല്‍കാലിക കച്ചവടത്തിനെത്തിയ ആള്‍ ആത്മഹത്യക്കു ശ്രമിച്ചു. ഇടുക്കി സ്വദേശി വിജയനാണ് കഴിഞ്ഞദിവസം രാത്രി പെട്രോള്‍ കുടിച്ച് ആത്മഹത്യാശ്രമം നടത്തിയത്. സ്ഥലവാടക നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒരു ലക്ഷം രൂപയ്ക്കാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് താത്കാലിക കട നടത്താനുള്ള സ്ഥലം വിജയന്‍ വാടകയ്‌ക്കെടുത്തത്. എന്നാല്‍ 20,000 രൂപ മാത്രമാണ് ഇതുവരെ നല്‍കാന്‍ കഴിഞ്ഞത്. ഉത്സവം സമാപനത്തോടടുക്കുമ്പോള്‍ ബാക്കി തുക നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് വിജയന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തക്ക സമയത്ത് സഹവ്യാപാരികള്‍ കണ്ടതോടെയാണ് ദുരന്തം ഒഴിവായത്. 20 വര്‍ഷമായി വിവിധ ഉത്സവ സ്ഥലങ്ങളില്‍ ഫാന്‍സി ഷോപ്പ് നടത്താറുള്ള വിജയന് ആദ്യമായാണ് ഇത്തരമൊരു അനുഭവം. വീട്ടിലെത്താനുള്ള വണ്ടിക്കൂലി പോലും കൈയിലില്ലെന്നാണ് വിജയന്‍ പറയുന്നത്. ഇത്തരത്തില്‍ നിരവധി കച്ചവടക്കാരാണ് കൊട്ടിയൂരില്‍ സാമ്പത്തിക പ്രയാസത്തില്‍പെട്ട് കുടുങ്ങിയിരിക്കുന്നത്. എന്നാല്‍ വ്യാപാരികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെകുറിച്ച് പഠിക്കുന്നതിനായി ദേവസ്വം അഞ്ചംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെന്നും വ്യാപാരികളുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കുന്നതിനായി ദേവസ്വം സാധ്യമായതെല്ലാം ചെയ്യുമെന്നും ഇന്നു നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വ്യാപാരികള്‍ ദേവസ്വം വകുപ്പ് മന്ത്രി, മലബാര്‍ ദേവസ്വം ബോര്‍ഡ്, കലക്ടര്‍, എം.എല്‍.എ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."