പരസ്യത്തില്‍ കുരുങ്ങി സര്‍ക്കാര്‍; പ്രതിഷേധം ശക്തം
തിരുവനന്തപുരം: ജിഷ്ണു കേസില്‍ പൊലിസിനെ ന്യായീകരിച്ച് ഇന്നലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ പരസ്യത്തിനെതിരേ പ്രതിഷേധം. 'ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത് ' തലക്കെട്ടില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പേരിലാണ് പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ജിഷ്ണു കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും പൊലിസിനുമെതിരായ പ്രചാരണം വ്യാജമാണെന്ന് കാണിച്ചുള്ള പരസ്യത്തിനെതിരേ സമൂഹിക മാധ്യങ്ങളുള്പ്പെടെ രംഗത്തെത്തി.
പൊലിസുകാര്‍ക്കെതിരായ മഹിജയുടെയും കുടുംബത്തിന്റെയും പരാതികള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് പി.ആര്.ഡിയുടെ പരസ്യം. ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്തു നീക്കിയ സംഭവത്തില്‍ സത്യങ്ങളാകെ തമസ്കരിക്കുന്ന പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പരസ്യത്തില്‍ പറയുന്നു. ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ഡി.ജി.പിയെ കാണാന്‍ എത്തിയ വേളയില്‍ പുറത്തുനിന്നുള്ള ഒരു സംഘം നുഴഞ്ഞുകയറി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ജിഷ്ണുവിന്റെ അമ്മയെ പൊലിസ് വലിച്ചിഴച്ചുവെന്ന തെറ്റിദ്ധാരണജനകമായ പ്രചാരണമാണ് ഒരു സംഘം അഴിച്ചുവിടുന്നത്. ജിഷ്ണുവിന്റെ ബന്ധുക്കളില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ചിലര്‍ നടത്തുന്നത്. ഡി.ജി.പി ഓഫിസിന് മുന്നിലെ സംഭവങ്ങളും അതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടായ അക്രമസമരങ്ങളും സര്‍ക്കാരിനെതിരായ ഗൂഢനീക്കത്തിന്റെ പ്രതിഫലനമാണെന്നും പരസ്യം കുറ്റപ്പെടുത്തുന്നു. പരസ്യത്തിനെതിരേ മഹിജയും കുടുംബവും രംഗത്തെത്തിയതും സര്‍ക്കാരിന് തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."