മുഖ്യമന്ത്രി മഹിജയെ കാണാത്തത് കുറ്റബോധം കൊണ്ട്: ഉമ്മന്‍ ചാണ്ടി
നാദാപുരം: കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്‍ശിക്കാത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാലു ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ വളയത്തെ വീട്ടില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ മുതലെടുപ്പും ഗൂഢാലോചനയുമെന്നൊക്കെ പറഞ്ഞ് ഈ പ്രശ്‌നം ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്നും പ്രശ്‌നപരിഹാരത്തിന് പ്രതിപക്ഷത്തിന്റെ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലെ കാര്യങ്ങള്‍ പോലും എന്തുകൊണ്ടാണ് ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തതെന്നും അദ്ദേഹം ചോദിച്ചു. മകന്‍ മരിച്ച ഒരമ്മയ്ക്ക് രാഷ്ട്രീയമുണ്ടായിരിക്കില്ല. ദുഃഖത്തില്‍ കഴിയുന്നവരെ ഇതു ബോധ്യപ്പെടുത്തിയാല്‍ പേരെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തില്‍ യു.ഡി.എഫ് മുതലെടുക്കുന്നുവെന്നാണ് സി.പി.എം പറയുന്നത്. യു.ഡി.എഫോ കോണ്‍ഗ്രസോ മുതലെടുപ്പിന് ശ്രമിക്കില്ല. ജിഷ്ണുവിന്റെ മരണത്തിന്റെ ഏതാനും ദിവസത്തിനുള്ളില്‍ അമ്മയെയും പിതാവിനെയും സഹോദരിയെയും കണ്ടിരുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയല്ലാതെ ഏതെങ്കിലും വിധത്തില്‍ രാഷ്ട്രീയ മുതലലെടുപ്പിന് ഉപയോഗിച്ചിട്ടില്ല. ഗൂഢാലോചനയുടെ പേരില്‍ കെ.എം ഷാജഹാനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തു. എന്തു ഗൂഢാലോനയാണ് മഹിജയും ബന്ധുക്കളും നടത്തിയതെന്ന് മനസ്സിലാകുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."