ബഹ്റൈനില്‍ മരണപ്പെട്ട മലയാളിക്ക് കോവിഡ് ബാധിച്ചിരുന്നതായി റിപ്പോര്‍ട്ട്
മനാമ: ബഹ്റൈനില്‍ ആദ്യമായി ഒരു മലയാളിക്ക് മരണ ശേഷം കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്.
ബുധനാഴ്ച ഇവിടെ മരണപ്പെട്ട വടകര-മാണിയൂര്‍-മങ്കര സ്വദേശി പുത്തന്‍പീടികയില്‍ താഴ പരേതനായ മൂസയുടെ മകന്‍ മജീദിന്‍റെ (47) മരണമാണ് കോവിഡ് ബാധയെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതു വരെ (വ്യാഴാഴ്ച ഉച്ചവരെ) വന്നിട്ടില്ല. രണ്ടാഴ്ച മുന്പ് നടന്ന പരിശോധനയില്‍ മജീദിന്‍റെ റിസള്‍ട്ട് നെഗറ്റീവായിരുന്നു.
മജീദ് താമസിച്ചിരുന്ന കെട്ടിടത്തില്‍ നേരത്തെ ഒരാള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നതിനാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇവരുടെ ബില്‍ഡിംഗ് അധികൃതരെത്തി ബ്ലോക്ക് ചെയ്ത് ക്വാറന്‍റൈനായി നിരീക്ഷിച്ചു വരികയായിരുന്നു.
ഇതേ തുടര്‍ന്നാണ് രണ്ടാഴ്ചമുന്പ് ബില്‍ഡിംഗിലുള്ളവരെയെല്ലാം കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്ന്ത്.
ഇതില്‍ എല്ലാവരുടെ ഫലവും നെഗറ്റീവായിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ ബില്‍ഡിംഗിന് ഇളവ് നല്‍കി ഈ വ്യാഴാഴ്ച തുറന്നു കൊടുക്കാനിരിക്കെയാണ് ബുധനാഴ്ച മജീദിന്‍റെ മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രദേശ വാസികളെയും പ്രവാസികളെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.
റമദാന്‍ വ്രതം അനുഷ്ടിച്ചിരുന്ന മജീദ് പതിവു പോലെ ബുധനാഴ്ച പുലര്‍ച്ചെ അത്താഴവും സുബ്ഹി നിസ്കാരവും കഴിഞ്ഞ് കിടന്നതായിരുന്നു. കാലത്ത് ശ്വാസതടസ്സമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു മരണം സംഭവിച്ചതെന്ന് നാട്ടുകാരിലൊരാള്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു. ഹൃദയാഘാതമാകാം മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ മൃതദേഹം സല്‍മാനിയ മെഡിക്കല്‍ സെന്‍റര്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം ബുധനാഴ്ച ഉച്ചയോടെ മൃതദേഹത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായി കണ്ടെത്തിയത്.
ഇക്കാര്യം രാത്രിയോടെ ആശുപത്രിഅധികൃതര്‍ മജീന്‍റെ സ്പോണ്‍സറെ വിളിച്ചറിയിച്ചിരുന്നതായും അദ്ധേഹം സുപ്രഭാതത്തോട് പറഞ്ഞു.
അതേസമയം മരണ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ പ്രാദേശിക സമയം രാത്രി 8 മണിക്ക് പ്രസിദ്ധീകരിച്ച ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇപ്പോഴും ഔദ്യോഗിക വെബ്സൈറ്റില്‍ 8 പേരുടെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളിയുടെ ഈ മരണം കൂടി സ്ഥിരീകരിക്കുന്നതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ആകും.
മരണപ്പെട്ട മജീദ് ബഹ്റൈനിലെ സിത്ര-അക്കര്‍ പ്രവിശ്യയിലെ മലയാളികള്‍ക്ക് സുപരിചിതനാണ്. ഇവിടെ ഒരു കോള്‍ഡ് സ്റ്റോറില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബഹ്റൈനിലുള്ള മജീദ് ഏഴ് മാസം മുന്പാണ് അവസാനമായി നാട്ടില്‍ പോയി ബഹ്റൈനില്‍ തിരിച്ചെത്തിയതെന്ന് പാര്‍ട്ണര്‍ സൈഫു ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു. മജീദിന്‍റെ ഒരു ബന്ധു ഹസനും ബഹ്റൈനിലുണ്ട്.
നിലവിലെ സാഹചര്യത്തില്‍ മൃതദേഹം ബഹ്റൈനില്‍ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ കുടുംബവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആലോചിച്ച് ഉറപ്പിച്ചിരുന്നതായി മരണാനന്തര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകനും ബഹ്റൈന്‍ കെ.എം.സി.സി സെക്രട്ടറിയേറ്റംഗവുമായ കരീം കുളമുള്ളതില്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
മജീദിന്‍റെ കുടുംബം നാട്ടിലാണ്. ഭാര്യ- ഹസീന, മക്കള്‍- മിഷാല്‍(മാണിയൂര്‍-മങ്കര ശാഖാ എം.എസ്.എഫ് ട്രഷറര്‍), നിഹാല്‍, അനാന്‍, സിനാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."