സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാപദ്ധതി അനില്‍ അംബാനിയുടെ റിലയന്‍സിന്
തിരുവനന്തപുരം: ഏപ്രില്‍ ഒന്നുമുതല്‍ നടപ്പിലാക്കുന്ന ഇടതുസര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് നല്‍കിയത് വിവാദമാകുന്നു. നിലവിലുണ്ടായിരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഈ കമ്പനി ആശുപത്രികള്‍ക്ക് കൃത്യസമയത്ത് പണം നല്‍കാതെ 61 കോടി രൂപ കുടിശ്ശിക വരുത്തിയിരുന്നുവെന്നാണ് ആരോപണം. ഇവര്‍ക്കാണ് വീണ്ടും 41 ലക്ഷം പേര്‍ അംഗങ്ങളാകുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള എല്ലാ സാമൂഹ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും കാരുണ്യ ബെനവലന്റ് ഫണ്ടും സംയോജിപ്പിച്ചുള്ള പദ്ധതിയിലൂടെ അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് അംഗങ്ങള്‍ക്ക് ലഭിക്കുക. 40.96 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ചെയര്‍മാനായ കരാര്‍ പരിശോധനാ സമിതിയാണ് ഏറ്റവും കുറഞ്ഞ പ്രീമിയം തുക ക്വാട്ട് ചെയ്ത റിലയന്‍സ് കമ്പനിയെ തിരഞ്ഞെടുത്തത്. ന്യൂ ഇന്ത്യ, യുനൈറ്റഡ് ഇന്ത്യ, നാഷനല്‍ തുടങ്ങി അഞ്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്തുണ്ടായിരുന്നെങ്കിലും ഒരു കുടുംബത്തിന് 1,671 രൂപ എന്ന കുറഞ്ഞ വാര്‍ഷിക പ്രീമിയമാണ് റിലയന്‍സ് മുന്നോട്ടുവച്ചത്.
പദ്ധതിയുടെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയായ ചിയാക് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ നിയോഗിച്ച ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഡയരക്ടര്‍ ഡോ. ഡി. നാരായണ ചെയര്‍മാനായ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത 1,824 മെഡിക്കല്‍ പാക്കേജുക്കളുടെ നിരക്കുകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. അതേസമയം, നേരത്തെ വരുത്തിയ കുടിശ്ശിക നല്‍കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കാതെയാണ് ഈ പദ്ധതിയും ഇതേ കമ്പനിയെ ഏല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."