ഖത്തര്‍ ഓര്‍ബിറ്റല്‍ ഹൈവേ ട്രക്ക് റൂട്ട് ഗതാഗതത്തിനായി തുറന്നു
ദോഹ: പുതിയ ഓര്‍ബിറ്റല്‍ ഹൈവേ, ട്രക്ക് റൂട്ട് പദ്ധതിയുടെ 37 കിലോമീറ്റര്‍ അശ്ഗാല്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഈസ്റ്റ് വെസ്റ്റ് കോറിഡോര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ദുഖാന്‍ ഹൈവേ ഇന്റര്‍സെക്ഷന്‍ വരെയുള്ള പുതിയ ഓര്‍ബിറ്റല്‍ ഹൈവേയുടെ 29 കിലോമീറ്റര്‍ ഭാഗം ഇതില്‍ ഉള്‍പ്പെടുന്നു.
ഏഴ് വരികളില്‍ 3 എണ്ണം മാത്രമാണ് ഗതാഗത യോഗ്യമായിട്ടുള്ളത്. സൗത്ത് അല്‍വക്‌റ മുതല്‍ ഹമദ് പോര്‍ട്ട് വരെയുള്ള മിസഈദ് റോഡിന്റെ എട്ട് കിലോമീറ്ററും തുറന്നിട്ടുണ്ട്. നാല് വരികളില്‍ രണ്ടെണ്ണമാണ് ഉദ്ഘാടനം ചെയ്തത്. വരും മാസങ്ങളില്‍ ഘട്ടം ഘട്ടമായി തുറക്കുന്ന പദ്ധതി 2018ഓടെ പൂര്‍ണമാക്കാനാണ് ലക്ഷ്യമിടുന്നത്.
നിശ്ചിത സമയത്തിന് 30 ദിവസം മുമ്പാണ് പുതിയ റൂട്ട് തുറന്നിരിക്കുന്നതെന്ന് അശ്ഗാല്‍ എക്‌സ്പ്രസ് വേ ഡിപാര്‍ട്ട്‌മെന്റ് മാനേജര്‍ എന്‍ജിനീയര്‍ യൂസുഫ് അല്‍ഇമാദി പറഞ്ഞു. ഹമദ് പോര്‍ട്ടിനെയും ട്രക്ക് റൂട്ടിനെയും ബന്ധിപ്പിക്കുന്ന റോഡ് കഴിഞ്ഞ ഫെബ്രുവരി 27ന് തുറന്നിരുന്നു.
ഓര്‍ബിറ്റല്‍ ഹൈവേയെയും ദുഖാന്‍ ഹൈവേയെയും ബന്ധിപ്പിക്കുന്ന ഏതാനും പാലങ്ങളും തുറന്നിട്ടുണ്ട്. വരും മാസങ്ങളില്‍ ഇത് പൂര്‍ണമായും ഉപയോഗ യോഗ്യമാവും. ഇന്റര്‍ചേഞ്ചിന്റെ പണി 75 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.
ഓര്‍ബിറ്റല്‍ ഹൈവേയെയും ഈസ്റ്റ് വെസ്റ്റ് കോറിഡോറിനെയും ബന്ധിപ്പിക്കുന്ന ഇന്റര്‍ചേഞ്ചും 75 ശതമാനം പൂര്‍ത്തിയായി. ഇത് പൂര്‍ത്തിയായാല്‍ രണ്ട് ബ്രിഡ്ജുകളും രണ്ട് ടണലുകളും ഉള്‍പ്പെടെ മൂന്ന് ലവലുകള്‍ ഉണ്ടാവും. ഈസ്റ്റ് വെസ്റ്റ് കോറിഡോറിനും ന്യൂ ഓര്‍ബിറ്റല്‍ ഹൈവേക്കും ഇടയില്‍ ട്രാഫിക് സുഗമമാക്കാന്‍ ഇത് സഹായിക്കും.
നിരവധി വാണിജ്യ, കാര്‍ഷിക മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പുതിയ റൂട്ട്. നേരത്തേയുണ്ടായിരുന്ന രണ്ട് വരികള്‍ക്കു പകരം മൂന്ന് വരികളായി വര്‍ധിക്കുന്നത് മണിക്കൂറില്‍ 6000 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വഴിയൊരുക്കും. നേരത്തേ ഇത് 4000 ആയിരുന്നു. ദോഹയില്‍ നിന്നും വക്‌റയില്‍ നിന്നും ഹമദ് പോര്‍ട്ടിലേക്കു പോകുന്നവര്‍ക്ക് ഗതാഗതം എളുപ്പമാക്കുന്നതാണ് എട്ട് കിലോമീറ്റര്‍ നീളമുള്ള പുതിയ മിസഈദ് റോഡ്.
തെക്ക് മിസഈദ് മേഖലയില്‍ നിന്ന് തുടങ്ങി വടക്ക് അല്‍ഖോര്‍ സിറ്റിയുടെ പടിഞ്ഞാറ് വരെ നീളുന്ന 195 കിലോമീറ്റര്‍ റോഡുകള്‍ ഉള്‍പ്പെട്ട പുതിയ ഓര്‍ബിറ്റല്‍ ഹൈവേ, ട്രക്ക് റൂട്ട് പദ്ധതി ഖത്തറിന്റെ തെക്കുവടക്കു ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."