ജെസ് മരിയയുടെ കഠിനധ്വാനത്തിന്റെ പേരാണ് ഒന്നാം റാങ്ക്
കൊച്ചി: കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചതില്‍ കുടുംബത്തിനും അധ്യാപകര്‍ക്കും നന്ദി പറയുന്നെന്ന് ജെസ് മരിയ ബെന്നി. നീറ്റ് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കിട്ടിയപ്പോള്‍, പഠിച്ചിരുന്ന കോച്ചിംഗ് സെന്ററിലെ അധ്യാപകര്‍ കേരളാ എന്‍ട്രന്‍സിന് റാങ്ക് കിട്ടുമെന്ന് പറഞ്ഞത് പ്രതീക്ഷ നല്‍കിയിരുന്നു.
അതിപ്പോള്‍ യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് അധ്യാപകരും. കഠിന പരിശ്രമമാണ് റാങ്കിലെത്തിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു പഠിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മരിയ പറഞ്ഞു. നീറ്റ് പരീക്ഷയ്ക്ക് 56-ാം റാങ്ക് ലഭിച്ചിരുന്നു.
പത്താം ക്ലാസില്‍ 96.5 മാര്‍ക്കും ഹയര്‍സെക്കന്‍ഡറിക്ക് 97.6 മാര്‍ക്കും വാങ്ങിയ ജെസ് ക്ലാസുള്ള സമയങ്ങളില്‍ ഒരുദിവസം ആറു മണിക്കൂറും ഇല്ലാത്തപ്പോള്‍ 12 മണിക്കൂറുമായിരുന്നു പഠനം നടത്തിയത്. ഹയര്‍സെക്കന്‍ഡറി പഠനത്തിന്റെ തുടക്കത്തിലാണ് എന്‍ട്രന്‍സിനുള്ള ശ്രമം തുടങ്ങിയത്. കാഞ്ഞിരപ്പിള്ളി സെന്റ് ആന്റണീസ് സ്കൂളിലായിരുന്നു ഹയര്‍സെക്കന്‍ഡറി പഠനം.
പാലായിലെ കോച്ചിംഗ് സെന്ററില്‍ താമസിച്ചാണു പഠിച്ചത്. അങ്കമാലി വളവഴി മേനാച്ചേരിയില്‍ ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റായ ബെന്നിയുടെയും ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപിക ജെസീന്തയുടെയും മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."