ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ഒരുക്കിയ കേന്ദ്രങ്ങളിലോ വീടുകളിലോ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. രോഗവ്യാപനത്തിന്റെ കാര്യത്തില്‍ ആശ്വാസകരമായ സാഹചര്യമാണെങ്കിലും വളരെ കരുതലോടെയിരിക്കണമെന്നും കൊവിഡ് 19 രോഗത്തിന്റെ സാമൂഹ്യവ്യാപനം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ച രീതിയില്‍ മാത്രം പ്രവര്‍ത്തിക്കണം. വീട്ടിലായാലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലായാലും ശാരീരിക അകലം പാലിക്കണം. സമ്പര്‍ക്കം പുലര്‍ത്തരുത് എന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണം. കുറേ നാളുകള്‍ക്കുശേഷം നാട്ടില്‍ വന്നവരാണ് എന്നു കരുതി സന്ദര്‍ശനം നടത്തുന്ന പതിവുരീതികളും പാടില്ല.
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വളരെ വേഗത്തില്‍ സജ്ജീകരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ പോലെയല്ല ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ദിവസങ്ങളെടുത്തുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ആരോഗ്യ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെയാണ് താമസവും മറ്റ് സൗകര്യങ്ങളം ഒരുക്കിയിട്ടുള്ളത്.
യാത്രയിലുടനീളം ഓരോ പ്രവാസിയും സ്വയം സ്വീകരിക്കുന്ന സുരക്ഷാ കരുതല്‍ പോലെ തന്നെയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ അവര്‍ക്കായി സര്‍ക്കാരിന്റെ കരുതലുള്ളത്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം സര്‍ക്കാരിനും ഉണ്ടാകണം. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുന്ന മുറയ്ക്ക് പരിഹരിക്കും. ഇതില്‍ പ്രത്യേക ശ്രദ്ധ കാണിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കഴിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."