നികുതി വെട്ടിച്ച് കാറില്‍ കടത്തിയ 500 കിലോ ഇറച്ചിക്കോഴി പിടികൂടി
നെയ്യാറ്റിന്‍കര: നികുതി വെട്ടിച്ച് ആഡംബര കാറില്‍ കടത്തിക്കൊണ്ടു വന്ന 500 കിലോ തൂക്കം വരുന്ന ഇറച്ചിക്കോഴി അമരവിള എസ്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടി. വാഹനം ഓടിച്ചിരുന്നയാള്‍ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടുകൂടിയാണ് സംഭവം.
കഴിഞ്ഞ കുറച്ചു നാളുകളായി അമരവിള ചെക്ക് പോസ്റ്റുവഴി അമിത വേഗത്തില്‍ പോകുകയും ഡ്യൂട്ടിയിലുളള ജീവനക്കാരെ അസഭ്യം വിളിക്കുകയും ഒരു തവണ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്‌സൈസ് ജീവനക്കാരനെ വണ്ടിയിടിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത വാഹനത്തെയാണ് ഇന്നലെ ജീവനക്കാര്‍ തന്ത്രപരമായി കുടുക്കിയത്. ഈ വാഹനത്തിനെതിരെ എക്‌സൈസ് ജീവനക്കാര്‍ മുന്‍പ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ലായെന്നു പറയുന്നു.
ഇന്നലെ പുലര്‍ച്ചെ ഈ വാഹനം അകലെ നിന്നും വരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ചെക്ക് പോസ്റ്റിലെ ബാരിക്കേഡ് താഴ്ത്തി വാഹനത്തെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ വാഹനം നിറുത്താതെ ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയും തുടര്‍ന്ന് പ്രതി വാഹനം പുറകോട്ടെടുത്ത് നിരവധി വാഹനങ്ങളെ ഇടിച്ചിട്ട ശേഷം അതിവേഗത്തില്‍ ഓടിച്ചു പോയി. വാഹനത്തെ പിന്തുടര്‍ന്ന എക്‌സൈസ് സംഘം ഒരു കിലോമീറ്റര്‍ അകലെ വച്ച് വാഹനം പിടികൂടിയെങ്കിലും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോഴാണ് ഇറച്ചിക്കോഴിയാണെന്ന് മനസിലായത്. കെ.എല്‍-22 ബി 5131 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ വാഹനം കഴക്കൂട്ടം സ്വദേശിയായ രാജേന്ദ്രന്‍നായരുടെ ഉടമസ്ഥതയിലുളളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."