ഗവ. കരാറുകാര്‍ സമരത്തിലേക്ക്
കല്‍പ്പറ്റ: ഗവണ്‍മെന്റ് കരാറുകാരുടെ കുടിശ്ശിക ബില്ലുകള്‍ക്ക് തുക നല്‍കുക, ട്രഷറി സ്തംഭനം ഒഴിവാക്കുക, എല്‍.എസ്.ജി.ഡി കരാറുകാരെ സംരക്ഷിക്കുക, നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, സിമന്റിന്റെ അധിക വിലയില്‍ സര്‍ക്കാര്‍ ഇടപെടുക, ജി.എസ്.ടി കരാറുകാരുടെ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ രാവിലെ പത്തിന് വയനാട് ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ തീരുമാനിച്ചു.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രളയവും പ്രകൃതിക്ഷോഭവും കൂടുതല്‍ ബാധിച്ച ജില്ലയിലെ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവൃത്തികളെയും ത്രിതല പഞ്ചായത്തുകളിലെ നിര്‍മാണ പ്രവൃത്തികളും അടക്കം ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. ഒരു കാലത്തും ത്രിതല പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ക്ക് പണം ലഭിക്കാതിരുന്നിട്ടില്ല.
എന്നാല്‍ കണക്ക് കൂട്ടലുകള്‍ തകിടം മിറഞ്ഞു കൊണ്ട് ജനുവരി മുതല്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഒരു ബില്ലുപോലും മാറിയിട്ടില്ല.
സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴെങ്കിലും പണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കരാറുകാര്‍. എന്നാല്‍ മെയ് മാസത്തിനുശേഷമേ കരാറുകാരുടെ ബില്‍ നല്‍കുകയുള്ളൂ എന്നാണ് ധനമന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. ധനമന്ത്രാലയത്തിന്റെ ഉത്തരവ് വന്നത് മുതല്‍ ജില്ലയിലെ കരാരുകാര്‍ തുടങ്ങാനിരുന്ന പ്രവൃത്തികള്‍ തുടങ്ങാതെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ത്രിതല പഞ്ചായത്തുകളിലെ മാത്രം നൂറുകോടിയോളം രൂപയുടെ ബില്ലുകള്‍ ജില്ലാ ട്രഷറിയില്‍ കുടിശ്ശികയാണ്. മാര്‍ച്ച് മാസത്തിലാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്.
ത്രിതല പഞ്ചായ ത്തുകളിലെ 25 ലക്ഷത്തിനു താഴെയുള്ള ബില്ലുകളെങ്കിലും അടിയന്തിരമായി മാറിക്കൊടുക്കണമെന്നാണ് കരറുകാര്‍ ആവശ്യപ്പെടുന്നത്. ഈ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എം കുര്യാക്കോസ്, സെക്രട്ടറി പി.കെ അയൂബ്, വര്‍ക്കിങ് പ്രസിഡന്റ് ജോസഫ് കാട്ടുപ്പാറ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."