ജില്ലയിലുടനീളം മോഷണ പരമ്പര: കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍
തിരുവനന്തപുരം: ജില്ലയിലുടനീളം മോഷണ പരമ്പരകള്‍ നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കള്‍ സിറ്റി ഷാഡോ പൊലിസിന്റെ പിടിയിലായി. നെയ്യാറ്റിന്‍കര താലൂക്കില്‍ താന്നിമൂട്, ശബരിമുട്ടം ടി.ഡി.ജെ ഭവനില്‍ തങ്കയ്യന്‍ മകന്‍ ജാസ്മിന്‍ കുമാര്‍ (36), തിരുവനന്തപുരം ജില്ലയില്‍ പേരൂര്‍ക്കട, ഊളന്‍പ്പാറ, കാവുവിളാകം പണയില്‍ പുത്തന്‍വീട്ടില്‍ ആനന്ദന്‍ മകന്‍ ബിനു@ കാട്ടാളന്‍ ബിനു (36), കാരക്കോണം പുല്ലന്‍ തേരി, അയണി തോട്ടം പുത്തന്‍വീട്ടില്‍ രവീന്ദ്രന്‍ മകന്‍ ഷിമി കുട്ടന്‍ (31) എന്നിവരെയാണ് വിഴിഞ്ഞം പൊലിസ് വലിയതുറ പൊലിസ് എന്നിവര്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിഴിഞ്ഞത്ത് അടുത്ത് നടന്ന മോഷണത്തെ കുറിച്ച് ഷാഡോ പൊലിസ് സംഘം അന്വേഷണം നടത്തുന്നതിനിടയില്‍ നെയ്യാറ്റിന്‍കര റൂറല്‍ ഭാഗങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടന്നത് ശ്രദ്ധയില്‍പ്പെടുകയും നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ചുള്ള കള്ളന്മാരെ കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജാസ്മിനും കൂട്ടാളികളും പിടിയിലായത്. ഇതോടെ വിഴിഞ്ഞം വലിയതുറ നെയ്യാറ്റിന്‍കര, ബാലരാമപുരം, പാറശാല, മാറനല്ലൂര്‍, കാഞ്ഞിരംകുളം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തെളിയാതെ കിടന്ന 25 ഓളം കേസുകള്‍ തെളിഞ്ഞു. വിഴിഞ്ഞം കോട്ടുകാല്‍ വില്ലേജില്‍ പുന്നക്കുളം രേവതി ഭവനില്‍ ഹണിയുടെ വീടിന്റെ വാതില്‍ പൊളിച്ച് 8 പവനോളം സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പടെ മോഷണം നടത്തിയ കേസ്, വലിയതുറ ചെറിയതുറ പള്ളിക്ക് സമീപം പുതുവല്‍പുരയിടത്തില്‍ ലൈലയുടെ കഴുത്തില്‍ കിടന്ന മൂന്ന് പവനോളം തൂക്കം വരുന്ന സ്വര്‍ണത്താലിമാല ജനലിലൂടെ കൈയ്യിട്ട് പൊട്ടിച്ചെടുത്ത കേസ്, കാഞ്ഞിരംകുളം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും വരാപ്പുഴ മുന്‍ എസ്.ഐയുടെ വീട്ടില്‍ കയറി
സ്വര്‍ണാഭരണങ്ങളും ക്യാമറയും വാച്ചുകളും ഉള്‍പ്പെടെയുള്ളവ മോഷണം നടത്തിയ കേസും പാറശ്ശാല പരശുവയ്ക്കല്‍ കര്‍ക്കാല സ്വാതി വീട്ടില്‍ ബഞ്ചമിന്‍ രാജിന്റെ വീട് മുന്‍വാതില്‍ കുത്തിത്തുറന്ന് 5 പവനോളം സ്വര്‍ണാഭരണങ്ങളും എഴുപതിനായിരം രൂപയും മോഷണം ചെയ്ത കേസും, ബാലരാമപുരം ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം അകരത്തിന്‍ വിളയില്‍ മനു കുമാറിന്റെ വീട്ടില്‍ നിന്നും സ്വര്‍ണാഭരങ്ങള്‍ കവര്‍ച്ച ചെയ്ത കേസും, പെരുങ്കടവിള അയിരൂര്‍ പെട്രോള്‍ പമ്പിന് എതിര്‍വശം ജോയി ക്രിസ്റ്റഫര്‍ രാജിന്റെ ഏദന്‍ ഗാര്‍ഡന്‍സ് എന്ന വീടിന്റെ വാതില്‍ പൊളിച്ച് 80,000 രൂപയോളം വില വരുന്ന സ്വര്‍ണാഭരണങ്ങളും ക്യാമറകളും വാച്ചുകളും ഉള്‍പെടെയുള്ള സാധനങ്ങള്‍ മോഷണം ചെയ്യപ്പെട്ട കേസും, നെയ്യാറ്റിന്‍കര ആവണാ കുഴിയില്‍ സിജുവിന്റെ വീട് കുത്തിതുറന്ന് മൂന്ന് ലാപ്‌ടോപും പണവും കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കും ഉള്‍പ്പെടെ ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ കവര്‍ച്ച ചെയ്ത കേസും, നെയ്യാറ്റിന്‍കര ഊരൂട്ടുകാല ശശിധരന്‍ നായരുടെ വീട് കുത്തി തുറന്ന് 80,000 രുപയോളം വില വരുന്ന സ്വര്‍ണാഭരണങ്ങള്‍, ഗോള്‍ഡ് വാച്ചുകള്‍, കറന്‍സി നോട്ടുകള്‍ ഉള്‍പ്പെടെ മോഷണം ചെയ്ത് എടുത്ത കേസും ഈ വീടിനു സമീപത്തായി ഹേമയുടെ വീട് കുത്തി തുറന്ന് സ്വര്‍ണാഭരണങ്ങളും മറ്റും മോഷണം നടത്തിയ കേസും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം മോഷണക്കേസുകള്‍ തെളിഞ്ഞിട്ടുണ്ട്.
ജാസ്മിന്‍ കുമാറിന് തമിഴ്‌നാട്ടിലും മ്യൂസിയം, നെയ്യാറ്റിന്‍കര, മംഗലാപുരം, വെള്ളറട, മാറനല്ലൂര്‍ സ്റ്റേഷനുകളിലും ധാരാളം കേസുകള്‍ നിലവിലുണ്ട്. വീടുകളില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മാല മോഷ്ടിയ്ക്കുന്നതില്‍ പ്രത്യേക വിരുതുള്ളയാളാണ് ജാസ്മിന്‍. ഇയാള്‍ക്ക് തമിഴ്‌നാട്ടില്‍ സ്‌നാച്ചിങ് കേസുകളും നിലവിലുണ്ട്.
കാട്ടാളന്‍ ബിനുവിന് പേരുര്‍ക്കട സ്റ്റേഷനില്‍ മാത്രം 40 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. രണ്ട് പ്രാവശ്യം കാപ്പാ നിയമപ്രകാരം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ട് വന്നിരുന്ന ബിനു ജയിലില്‍ വച്ച് കള്ളന്മാരുമായി പരിചയപ്പെട്ടതിനെ തുടര്‍ന്നാണ് മോഷണ കേസുകളിലേക്ക് തിരിഞ്ഞത്. ഷിമി കുട്ടന് മുന്പ് പാലക്കാട് കള്ളനോട്ട് കേസുകള്‍ ഉള്‍പ്പെടെ തമിഴ് നാട്ടിലും നെയ്യാറ്റിന്‍കര ഭാഗത്തുമായി നിരവധി കേസുകളിലെ പ്രതിയാണ്. മോഷണം ചെയ്തു കിട്ടുന്ന തുക മദ്യപാനത്തിനും ആഢംബര ജീവിതത്തിനുമായിട്ടാണ് വിനിയോഗിക്കുന്നത്.
മഴക്കാലം തുടങ്ങിയതിനെ തുടര്‍ന്ന് മോഷണങ്ങള്‍ വര്‍ധിക്കാനുള്ള സാഹചര്യങ്ങള്‍ മനസിലാക്കി തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ ഷാഡോ പൊലിസിന്റെ പ്രത്യേക ടീമിനെ മോഷണ കേസുകള്‍ തെളിയിക്കുന്നതിനായി വിനിയോഗിക്കുകയായിരുന്നു.
സിറ്റി പൊലിസ് കമ്മിഷണര്‍ പ്രകാശ് ഐ.പി.എസ്, ഡെപ്യൂട്ടി കമ്മിഷണര്‍ ആദിത്യ ഐ.പി.എസ്, കണ്‍ട്രോള്‍ റൂം എ.സി.പി സുരേഷ് കുമാര്‍, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, വിഴിഞ്ഞം എസ്.ഐ അശോകന്‍, വലിയതുറ എസ്.ഐമാരായ ബിജോയി, ആഷിഷ്, ഷാഡോ എ.എസ്.ഐമാരായ അരുണ്‍കുമാര്‍, യശോധരന്‍, ഷാഡോ പൊലിസ് ടീം എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."