കുഞ്ഞാലി മരക്കാര്‍ മ്യൂസിയം ഇനി ജില്ലാ പൈതൃക മ്യൂസിയം
പയ്യോളി: കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ മ്യൂസിയം ജില്ലാ പൈതൃക മ്യൂസിയമായി ഉയര്‍ത്താന്‍ തീരുമാനമായി. പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഓഫിസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലകളിലും നിലവിലുള്ള മ്യൂസിയത്തെ ജില്ലാ പൈതൃക മ്യൂസിയം പദവിയിലേക്ക് ഉയര്‍ത്തുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പുരാവസ്തു വകപ്പുമായി ചേര്‍ന്നു നടപ്പിലാക്കി വരികയാണ്. ജില്ലയിലെ പൈതൃക മ്യൂസിയമെന്ന പദവിയാണ് ഇപ്പോള്‍ കുഞ്ഞാലി മരക്കാര്‍ മ്യൂസിയത്തിന് കൈവന്നിരിക്കുന്നത്.
ഇതോടെ മലബാറിലെ ഏറെ ചരിത്ര പ്രാധാന്യമുള്ള ഈ സ്മാരക മന്ദിരം ജില്ലാ പൈതൃക മ്യൂസിയമായി കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കും. നിലവില്‍ പരിമിതമായ സൗകര്യങ്ങളോടെ പുരവസ്തു വകുപ്പിനു കീഴിലാണ് കുഞ്ഞാലി മരക്കാര്‍ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. മ്യൂസിയം വികസിപ്പിക്കുന്നതു സംബന്ധിച്ച് നേരത്തെ കെ. ദാസന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജൂണ്‍ മാസത്തില്‍ ചേര്‍ന്ന യോഗത്തില്‍ പയ്യോളി നഗരസഭയുടെ കൈവശമുള്ള മ്യൂസിയത്തിന് ചുറ്റുമുള്ള കുറച്ച് സ്ഥലം കൂടി വകുപ്പിന് കൈമാറാമെന്ന് ധാരണയായിരുന്നു.
ചരിത്രത്തില്‍ വൈദേശിക ആധിപത്യത്തിനെതിരേ പോരാടി വീരമൃത്യുവരിച്ച ധീരനാവിക പോരാളിയെ കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ലോകത്തിന് മുന്നില്‍ പകര്‍ന്നു നല്‍കാന്‍ കഴിയുന്ന തരത്തില്‍ പദ്ധതി നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് വിപുലമായ കൂടിയാലോചനകള്‍ക്കായി വകുപ്പ് ഡയറക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജൂണ്‍ 28ന് മ്യൂസിയത്തില്‍ യോഗം ചേരും. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മന്ത്രിയെ കൂടാതെ കെ. ദാസന്‍ എം.എല്‍.എ, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ രജികുമാര്‍, ക്രാഫ്റ്റ് വില്ലേജ് സി.ഇ.ഒ ഭാസ്‌കരന്‍, വേണുഗോപാല്‍, അബ്ദുറഹ്മാന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."