എയര്‍ ഹോണ്‍ മുഴക്കുന്ന ബസുകള്‍ക്കെതിരെ നടപെടിയെടുക്കാന്‍ തയ്യാറാകുന്നില്ലന്ന് പരാതി
കാക്കനാട് : ചെവിയടപ്പിക്കുന്ന ശബ്ദത്തില്‍ എയര്‍ ഹോണ്‍ മുഴക്കി ബസുകള്‍ ചീറി പായുമ്പോള്‍ നടപെടിയെടുക്കാന്‍ പൊലിസോ മോട്ടോര്‍ വാഹന വകുപ്പോ തയ്യാറാകുന്നില്ലന്ന പരാതി ശക്തം.
കൊടും വളവുകളിലും ടൗണിന്റെ മൂലകളിലും പതുങ്ങിയിരുന്ന് ഇരു ചക്ര വാഹന യാത്രികരായ സാധാരണക്കാരെ പിടി കൂടുന്നതിലാണ് ഇവര്‍ക്ക് ഉത്സാഹമെന്നാണ് ആരോപണം. പൊലിസ് പരിശോധനകള്‍ ചീറിപാഞ്ഞ് വരുന്ന ബസുകള്‍ക്ക് മുന്നില്‍ വഴിമാറുകയാണ്.ജില്ലയില്‍ നിയമം ലംഘിച്ച് ചീറിപ്പായുന്ന സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കെതിരെ ഒരു നടപടിയുമില്ല. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാര്‍, അംഗപരിമിതര്‍, എന്നിവര്‍ക്ക് പ്രത്യേകം സീറ്റ് സംവരണം ചെയ്യാതിരിക്കല്‍, യാത്രാ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കല്‍, എയര്‍ ഹോണ്‍ ഉപയോഗം, സ്പീഡ് ഗവര്‍ണര്‍ ഇങ്ങനെയുള്ള നിരവധി വീഴ്ചകളുമായാണ് ജില്ലയില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്.
ചില വാഹനങ്ങളില്‍ വേഗപ്പൂട്ടുണ്ടെങ്കിലും എന്‍ജിനുമായുളള ബന്ധം വിഛേദിച്ചിട്ടാണ് ബസുകള്‍ ഓടുന്നത്.ഇവയ്‌ക്കെതിരെയുള്ള പരിശോധനകള്‍ പ്രഹസനമാകുന്നതായും ആരോപണമുണ്ട്. വേഗപ്പൂട്ട് പ്രവര്‍ത്തന രഹിതമായതോടെ അമിത വേഗതയിലുള്ള ബസുകളുടെ മത്സരയോട്ടം ജില്ലയിലെ പല ഭാഗങ്ങളിലും ഗുരുതരമായ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ബസുകളുടെ അമിതവേഗത നിയന്ത്രിക്കാന്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയിരുന്നു.
എന്നാല്‍ ഭൂരിഭാഗം ബസുകളിലും ഇപ്പോഴും വേഗപ്പൂട്ട് സ്ഥാപിച്ചിട്ടില്ല. സ്വകാര്യ ബസുകളിലെ വേഗപ്പൂട്ടില്‍ വേഗത അറുപത് കിലോമീറ്ററായി ക്രമീകരിച്ചിരുന്നു.
സാങ്കേതികമായി വേഗപ്പൂട്ടുകളുടെ നിശ്ചിത വേഗത കൂട്ടാന്‍ ബസുടമകള്‍ക്ക് കഴിയുമെന്നതാണ് ഇതിന്റെ പ്രധാന കുഴപ്പം. ഇത് ബസുടമകള്‍ മുതലാക്കുകയുംകൂടി ചെയ്തതോടെ വേഗപ്പൂട്ട് എന്ന ആശയം തകിടം മറിഞ്ഞു. നിലവില്‍ ചില കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മാത്രമാണ് വേഗപ്പൂട്ട് പ്രവര്‍ത്തനമുള്ളത്. എന്നാല്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ഫാസ്റ്റുകള്‍ക്കെതിരെയും നടപടികളില്ല.
യൂണിഫോമില്ലാതെ ബസ്സോടിക്കുന്ന ഡ്രൈവര്‍മാരില്‍ പലര്‍ക്കും ഹെവി ലൈസന്‍സ് പോലുമില്ല. ഇത്തരം ബസ്സുകള്‍ അപകടത്തില്‍പെട്ടാല്‍ യാത്രക്കാര്‍ക്ക് മതിയായ ഇന്‍ഷുറന്‍സ് ആനുകൂല്യം പോലും ലഭിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."