വെള്ളിനേഴിക്ക് കലാവെളിച്ചമേകാന്‍ സാംസ്‌കാരിക സമുച്ചയം
ശ്രീകൃഷ്ണപുരം : കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ കളരിയും നിരവധി കലകളുടെയും കലാകാരന്മാരുടേയും ജന്‍മഗ്രാമവുമായ വെള്ളിനേഴിക്ക് അഭിമാനമായി സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങി. 6870 ചതുരശ്ര അടി വിസ്തൃതിയില്‍ രണ്ടു നിലകളിലായാണ് കലാഗ്രാമ സമുച്ചയം പണിതീര്‍ത്തത്. മ്യൂസിയം, ലൈബ്രറി, പരിശീലന കളരികള്‍, കള്‍ച്ചറല്‍ ഹാള്‍ എന്നിവ ക്കുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
മണ്‍മറഞ്ഞ കലാകാരന്‍മാരുടെ സ്മാരകങ്ങള്‍, ജൈവ ഉദ്യാനം എന്നിവയും ലക്ഷ്യമിടുന്നു. വെള്ളിനേഴി ഹയര്‍ സെക്കന്‍ഡറിഗ്രൗണ്ടിന് സമീപം വിദ്യാഭ്യാസ വകുപ്പ് വിനോദസഞ്ചാര വകുപ്പിന് നല്‍കിയ 73 സെന്റ് സ്ഥലത്താണ് 2 കോടി രൂപ ചെലവില്‍ കേരളീയമാതൃകയില്‍ സമുച്ചയം നിര്‍മിച്ചത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റ നേതൃത്വത്തില്‍ തിരുവനന്തപുരം ഹാബിറ്റേറ്റ് ടെക്‌നോളജി ഗ്രൂപ്പാണ് നിര്‍മാണം നടത്തിയത്.
വെളളിനേഴിയുടെ സാംസ്‌കാരിക പാരമ്പര്യവും കലകളും സംരക്ഷിക്കാനും വളര്‍ത്താനുമുള്ള മികച്ച കലാകേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുംവിധമാണ് കലാഗ്രാമം ഒരുക്കിയത്.വെള്ളിനേഴിയെ പൈതൃകഗ്രാമമായി കേരള സാംസ്‌കാരിക വകുപ്പും, ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി ടൂറിസം വകുപ്പും തെരഞ്ഞെടുത്തിട്ടുണ്ട് . സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിനേഴി കലാഗ്രാമം സാംസ്‌കാരിക സമുച്ചയം ഇന്ന് വൈകീട്ട് 5 മണിക്ക് വിനോദ സഞ്ചാര വകുപ്പ് മന്തി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പിക്കും.
പി.കെ.ശശി.എം.എല്‍.എ അധ്യക്ഷനാകും.ഉദ്ഘാടനത്തോടനുബന്ധിച്ച് കഥകളി, തുയിലുണര്‍ത്തുപാട്ട്', തിരുവാതിരക്കളി, ശാസ്ത്രീയ നൃത്തം, കഥകളി കച്ചേരി, നാടന്‍ ഗാനവതരണം, തുമ്പിതുള്ളല്‍,പൂതന്‍ തിറ, അയ്യപ്പന്‍ പാട്ട്, ശാസ്ത്രീയ സംഗീതം എന്നീ കലാരൂപങ്ങളുടെ അരങ്ങവതരണം ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."