കല്‍പന്തുകളിയെ നെഞ്ചേറ്റി മൂഴിക്കല്‍ ദേശം
സ്വന്തം ലേഖകന്‍
ചേവായൂര്‍: ലോകകപ്പ് ഫുട്‌ബോളില്‍ വമ്പന്‍ ടീമുകള്‍ പകച്ചു നില്‍ക്കുമ്പോഴും ആവേശത്തിനും ആരവത്തിനും ഒട്ടും കുറവില്ല മൂഴിക്കല്‍ നിവാസികള്‍ക്ക്. വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടില്ലെങ്കിലും കോഴിക്കോട്ടെ നൈനാംവളപ്പിലിനെയും മലപ്പുറത്തെ മഞ്ചേരിയെയും പോലെ തന്നെ കാല്‍പന്തുകളിയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നവരാണ് മൂഴിക്കലിലെ ജനങ്ങള്‍.
ലോകകപ്പ് നടക്കുന്ന സമയത്ത് ഇവിടെയെത്തുന്നവര്‍ക്ക് ഇക്കാര്യം ബോധ്യമാകും. തെരഞ്ഞെടുപ്പിനെ വെല്ലുന്ന തരത്തില്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുകയാണിവിടെ. 20മീറ്റര്‍ നീളത്തിലുള്ള നെടുനീളന്‍ ഫ്‌ളക്‌സാണ് ബ്രസീല്‍ ആരാധകര്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കളി കാണാനുള്ള ആവേശത്തില്‍ രണ്ടുപേരാണ് ഇവിടെനിന്ന് റഷ്യയിലേക്ക് പോയത്. അധ്യാപകനായ ഡോ. വി. അബ്ദുല്‍ ലത്തീഫ്, ഈസ്റ്റ് മൂഴിക്കല്‍ പി.കെ സണ്‍സില്‍ ജസീല്‍ എന്നിവരാണ് മൂഴിക്കലിനെ പ്രതിനിധീകരിച്ച് റഷ്യയിലെത്തിയത്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകാരാണ് ഇവിടെ കൂടുതലെങ്കിലും ജര്‍മനി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇംഗ്ലണ്ട് തുടങ്ങി ഉറുഗ്വേക്കും നൈജീരിയക്കും വരെ ആരാധകരുണ്ടിവിടെ. പ്രധാന ടീമുകളുടെ കളി ദിവസം ബാന്റ് മേളത്തോടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെയുമുള്ള വിളംബര ജാഥകളും ഇവിടെ നടക്കുന്നു.
പൊതുജങ്ങള്‍ക്ക് കളി കാണാനായി മൂന്നു വലിയ സ്‌ക്രീനുകളാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.'നമ്മുടെ മൂഴിക്കല്‍' എന്ന വാട്‌സാപ്പ് കൂട്ടായ്മയാണ് മൂഴിക്കല്‍ ടൗണില്‍ കളി പ്രദര്‍ശിപ്പിക്കുന്നത്. ഈസ്റ്റ് മൂഴിക്കലില്‍ പൈക്കാട്ട് ഏജന്‍സീസിന്റെ ജാബിര്‍, ഷംസു പൊക്കളത്ത്, അബ്ബാസ് എടച്ചന്നുര്‍, സിദ്ദീഖ് വെള്ളയോട്ട് എന്നിവരും കൂട്ടുകാരുമാണ് നേതൃത്വം നല്‍കുന്നത്.
ബ്രസീല്‍, അര്‍ജന്റീന എന്ന സ്വപ്ന ഫൈനലിനായി കാത്തിരിക്കുകയാണിവര്‍. 90കളില്‍ പ്രാദേശിക ഫുട്‌ബോള്‍ രംഗത്ത് ജില്ലയില്‍ അവഗണിക്കാനാവാത്ത സ്ഥാനമുണ്ടായിരുന്നു മൂഴിക്കലിന്. ഇക്കാലത്ത് യുവതാര സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റുകള്‍ ഇവിടെ പതിവായിരുന്നു. ജില്ലാ ലീഗ് താരങ്ങളായിരുന്ന കെ.പി അബൂബക്കര്‍ (ഇപ്പോള്‍ എസ്.ഐ), ചാലില്‍ പ്രകാശന്‍, കെ.പി സോമന്‍, പരേതനായ കെ.ടി അഷ്‌റഫ് തുടങ്ങിയവരെല്ലാം മൂഴിക്കലിന്റെ അഭിമാന താരങ്ങളായിരുന്നു. കേരള താരങ്ങളായ ജിജു ജേക്കബ്, രാജീവന്‍ എന്നിവര്‍ കളിക്കാനായി ഇവിടെയെത്താറുണ്ടായിരുന്നു.
ഒളിംപ്യന്‍ റഹ്മാന്‍, വിക്ടര്‍ മഞ്ഞില എന്നിവര്‍ മൂഴിക്കലിന്റെ ഫുട്‌ബോള്‍ ആവേശത്തെ ഏറെ പുകഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ന് കളിക്കാനാവശ്യമായ ഗ്രൗണ്ട് പോലുമില്ലാത്ത അവസ്ഥയിലാണ് മൂഴിക്കല്‍. കളിക്കാനിടമില്ലെങ്കിലും ഫുട്ബാള്‍ എന്ന് കേട്ടാല്‍ ഇടനെഞ്ചില്‍ ബാന്റടി മേളം തുടങ്ങുന്ന ഇവിടുത്തെ യുവാക്കള്‍ക്ക് ഒരു കളിക്കളം എന്ന ആവശ്യമാണ് അധികാരികള്‍ക്ക് മുന്നില്‍ വയ്ക്കാനുള്ളത്. ഭരണകൂടങ്ങള്‍ കനിഞ്ഞാല്‍ അത് യാഥാര്‍ഥ്യമാകും എന്ന ഉറച്ച പ്രതീക്ഷയിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."