കരിഞ്ചോലമല ദുരന്തം: എന്തു ചെയ്യണമെന്നറിയാതെ കുടുംബങ്ങള്‍
താമരശേരി: കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ എന്തു ചെയ്യണമെന്നും എങ്ങോട്ടു പോകണമെന്നും അറിയാതെ ക്യാംപില്‍ കഴിയുന്ന കുടുംബങ്ങള്‍. ഇന്നലെ മൂന്ന് കുടുംബങ്ങളെ വാടക വീട്ടിലേക്കു റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ മാറ്റിപ്പാര്‍പ്പിച്ചു.
ദുരന്തത്തില്‍ ഭാഗികമായി തകര്‍ന്നതിനാല്‍ വീട് വാസയോഗ്യമല്ലാതായ മുഹമ്മദ് അലി, ഫാത്തിമ, നാസര്‍ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ദുരന്തത്തിനു ശേഷം വെട്ടിഒഴിഞ്ഞതോട്ടം യു.പി സ്കൂള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം ഇവിടെ ക്യാംപില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ പലരും സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിത്തുടങ്ങിയിട്ടുണ്ട്.
ഇതില്‍ എട്ടോളം കുടുംബങ്ങളിലായി 25ഓളം പേരെ തൊട്ടടുത്ത പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടത്തിലേക്കു മാറ്റി. എട്ടു കുടുംബങ്ങളിലായി 23 പേര് ഇപ്പോഴും വെട്ടിഒഴിഞ്ഞത്തോട്ടം സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപില്‍ കഴിയുകയാണ്. ഇന്നു സ്കൂള്‍ തുറക്കുക കൂടി ചെയ്യുമ്പോള്‍ തങ്ങള്‍ എങ്ങോട്ടു പോകും എന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് ഇവിടെയുള്ളവര്‍.
അതേസമയം വീടുകളിലേക്കും ബന്ധുവീടുകളിലേക്കും പോകാന്‍ കഴിയാത്ത ആളുകളുടെ കണക്കുകള്‍ ശേഖരിച്ച് ഇവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കട്ടിപ്പാറ പഞ്ചായത്തുമായി ചേര്‍ന്ന് ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."